ന്യൂഡൽഹി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽ ആക്രമിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ശക്തമായ ഇടപെടൽ. സംഭവത്തിൽ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റയെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി വിലയിരുത്താൻ കമ്മീഷൻ തീരുമാനിച്ചു.

അടുത്ത തിങ്കളാഴ്ചയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് നേരിട്ടു ഹാജരാകാൻ ദേശീയ വനിതാ കമ്മിഷൻ നിർദ്ദേശം നൽകിയത്. അക്രമത്തിന് ഇരയായ നടിയിൽ നിന്നും നിർമ്മാതാവും നടനുമായ ലാലിൽ നിന്നും കമ്മിഷൻ വിവരങ്ങൾ തേടിയിട്ടുണ്ട്. വേണ്ടിവന്നാൽ സംസ്ഥാനത്ത് നേരിട്ടെത്തി തെളിവെടുക്കുമെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ ലളിതാ കുമാരമംഗലം അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 9.30 നാണ് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞു നിർത്തി അക്രമി സംഘം വാഹനത്തിൽ അതിക്രമിച്ചു കയറിയത്. അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടി എതിർത്തു. ഇതോടെ തമ്മനത്തെ ഫ്‌ളാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. പത്തരയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികൾ മറ്റൊരു വാഹനത്തിൽ കടന്നു കളയുകയായിരുന്നു.

പ്രതികൾക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നീ കൊടും കുറ്റവാളികളെയും സംഭവം നടക്കുമ്പോൾ നടിയുടെ വണ്ടി ഓടിച്ചിരുന്ന മാർട്ടിനെയും പിടികൂടിയ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇനിയും പിടികിട്ടാനുള്ള പൾസർ സുനി അടക്കമുള്ള മൂന്നു പ്രതികൾ ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകി. പൾസർ സുനി എന്ന സുനിൽ കുമാറിനു പുറമേ ബിജീഷ്, മണികണ്ഠൻ എന്നിവരാണ് അഭിഭാഷകർ മുഖേനെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാൻ അവസരം തരണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

അതേസമയം, പൾസർ സുനിയടക്കമുള്ള പ്രതികൾ നേരിട്ടെത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകൻ ഇ.സി. പൗലോസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട 18ന് രാത്രിയാണ് ഇവർ എത്തിയത്. വിജീഷിന്റെ പാസ്പോർട്ട്, മൊബൈൽ ഫോൺ, തിരിച്ചറിയൽ കാർഡ്, പഴ്സ് എന്നിവ ഏൽപ്പിച്ചിരുന്നു. ഇവ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തെ യാതൊരു വിധത്തിലും തടസ്സപ്പെടുത്തരുതെന്നു കരുതിയാണ് രേഖകൾ കോടതിയിൽ നൽകിയത്. ഇവ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കക്ഷികൾ കേസു തരുമ്പോൾ വാദിക്കുന്നത് അഭിഭാഷകന്റെ ജോലിയാണ്. നിയമസഹായം പ്രതികളുടെയും മൗലികാവകാശമാണ്. അതു നടപ്പാക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. കേസ് അന്വേഷണത്തിന് ഒരു തരത്തിലും തടസ്സമാകില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

പൾസർ സുനിയെ രക്ഷപ്പെടാൻ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോൾ പൾസർ സുനിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്. പൾസർ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. സുനിയെ ഒളിവിൽ പോകാൻ സഹായിച്ചതിന്റെ പേരിൽ കസ്റ്റഡിയിലായ മറ്റ് ആറു പേർകൂടി കേസിൽ പ്രതികളാകുമെന്നാണ് സൂചന.