- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ അക്രമിച്ച കേസ്: ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ നിർണായക ഘട്ടത്തിൽ; മൊഴി എടുക്കണമെന്ന് ക്രൈംബ്രാഞ്ച്; വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്തെന്ന് ഹൈക്കോടതി; തുടർ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ആഴ്ച കൂടി സമയം ആവശ്യപ്പെട്ടു; ഹർജി തിങ്കളാഴ്ച പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാൻ ഇരിക്കെ മൂന്ന് ആഴ്ചത്തെ കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. കേസിന്റെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തിൽ കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. സമയ പരിധി നീട്ടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി വച്ചു.
എന്നാൽ കേസിൽ പ്രോസിക്യൂഷൻ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. ഹാഷ് വാല്യു മാറിയതിൽ ഉൾപ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉയർത്തിയത്.
നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കവെയാണ് കേസിൽ തുടരന്വേഷണം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് മുൻ ജയിൽ ഡി.ജി.പി. ആർ.ശ്രീലേഖയുടെ മൊഴി എടുക്കേണ്ടതുണ്ട്. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ പിന്നിലുള്ള കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കാര്യം അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപ് നിരപരാധിയാണെന്നും പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ആരോപിച്ചിരുന്നു. ഇതിൽ വ്യക്തതയ്ക്കായി ശ്രീലേഖയുടെ മൊഴിയെടുക്കണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ഇല്ലെങ്കിൽ കേസിൽ തിരിച്ചടിയുണ്ടാകും.
കേസുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ മറിച്ചുള്ള ചോദ്യം.
മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി, മിറർ ഇമേജ് ഇവ വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഫോറൻസിക് ലാബിൽ നിന്നു മുദ്രവച്ച കവറിൽ വാങ്ങി സമർപ്പിക്കാനാണ് അനുമതി.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ അന്തിമ റിപ്പോർട്ട് തയ്യാറെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. ഫൊറൻസിക് ലാബിൽനിന്ന് വാങ്ങി മുദ്രവച്ച കവറിൽ വിചാരണക്കോടതിയിൽ നൽകണം.
വിചാരണകോടതിയിലിരിക്കുന്ന ഘട്ടത്തിൽ മെമ്മറി കാർഡ് പരിശോധിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യവും ക്രൈംബ്രാഞ്ചിനുണ്ട്. ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കും.
നേരത്തെ ഈ ആവശ്യം അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിരുന്നില്ല. എന്നാൽ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കുമ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തിൽ കോടതി ഇതിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
കേസിൽ മെമ്മറി കാർഡിന്റെ ഹാഷ്യൂ വാല്യു മാറിയ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. ദ്യശ്യങ്ങൾ പരിശോധിച്ച സമയത്തിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനിയുടെ അഭിഭാഷകൻ ദ്യശ്യങ്ങൾ കണ്ടത് 2021 ജൂലൈ 19 ന് കോടതി മുറിക്കുള്ളിൽ വൈകിട്ട് മൂന്ന് മണിക്കാണ്. എന്നാൽ ഫൊറൻസിക് റിപ്പോർട്ടിലുള്ളത് ഉച്ചക്ക് 12.19 മുതൽ 12:54 വരെയുള്ള സമയത്ത് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് ദ്യശ്യങ്ങൾ കണ്ടുവെന്നാണ്. അഭിഭാഷകൻ കോടതിയിൽ നൽകിയ മെമോയുടെ പകർപ്പ് ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്
കോടതി അനുമതിയെത്തുടർന്ന് 2021 ജൂലൈ 19 ന് വിചാരണക്കോടതയിൽ വെച്ച് ദൃശ്യങ്ങൾ കണ്ടത് പെൻഡ്രൈവിലാണെന്ന വാദമാണ് ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ മുന്നോട്ട് വെക്കുന്നത്. മൂന്ന് കോടതികളിൽ വെച്ചും ആരാണ് ദൃശ്യങ്ങൾ കണ്ടെതെന്നാണ് ഇനി അറിയേണ്ടത്.
തുടർ അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയം ഇന്നത്തോടെ തീരുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്ന് ആഴ്ചത്തെ കൂടി സമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
നടിയെ അക്രമിച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടരന്വേഷണ റിപോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ