- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ അഭിഭാഷകർ കേസ് അട്ടിമറിക്കുന്നു; രാമൻപിള്ളയുടെ ഓഫീസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു; ഫോണിൽ വിളിച്ചു സാക്ഷികളെ സ്വാധീനിച്ചു; ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത; 20 സാക്ഷികൾ പിന്മാറിയതിൽ അഭിഭാഷ സംഘമെന്നും ആരോപണം
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി നൽകിയിരുന്നത്. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.
ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബർ വിദഗ്ധൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം.
അഭിഭാഷകന്റെ നിർദേശപ്രകാരം താനാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്ന് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നു. മുൻവൈരാഗ്യം വച്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് തന്നെ ഈ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരിൽ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്‌പി സുദർശന്റെ അറിവോടെയാണ് ബൈജു പൗലോസിന്റെ നടപടികളെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നോട്ടിസ് നൽകാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് രാമൻ പിള്ളക്കെതിരെ ബാർകൗൺസിലിനെ അതിജീവിത സമീപച്ചത്.
നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. നടി കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്.
ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
തന്റെ മൊബൈൽ ഫോണിൽനിന്നു സൈബർ വിദഗ്ധന്റെ സഹായത്തോടെ മായ്ച്ചുകളഞ്ഞ ഡേറ്റ കോടതി മുമ്പാകെ ഹാജരാക്കാനൊരുങ്ങി ദിലീപ്. ഫോണുകൾ മുംബൈയിലെ സ്വകാര്യലാബിൽ പരിശോധിച്ചു മുഴുവൻ വിവരങ്ങളും കോപ്പി ചെയ്തിട്ടുണ്ട്. ഈ വിവരങ്ങൾ കോടതിക്കു കൈമാറാൻ തയാറാണെന്നു ദിലീപ് അറിയിക്കും. നീക്കിയ ദൃശ്യങ്ങൾ വധഗൂഢാലോചനാ കേസുമായി ഒരുതരത്തിലും ബന്ധമുള്ളവയല്ല. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളാണു ഫോണിൽനിന്ന് നീക്കിയതെന്നും അവ പൊലീസിനു കൈമാറാനാകില്ലെന്നുമാണ് ദിലീപിന്റെ വാദം.
പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്കു ദിലീപ് ഈയാഴ്ച മറുപടി നൽകും. ഫോണുകളിലെ നിർണായക വിവരങ്ങൾ മായ്ച്ചുകളഞ്ഞുവെന്നാണു പ്രോസിക്യൂഷൻ ആരോപിക്കുന്നത്. എന്നാൽ, തന്റെ സ്വകാര്യത സംരക്ഷിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഫോണുകളിൽ അത്തരം ഡേറ്റ ഉണ്ടോ എന്നറിയാനാണു പരിശോധിച്ചതെന്നുമാണു ദിലീപിന്റെ വാദം. ഒരു വിവരവും താൻ നശിപ്പിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ തന്റെ ഫോണിൽ പൊലീസ് കൃത്രിമം നടത്തിയതായി തനിക്കു ബോധ്യമുണ്ട്. അതു വീണ്ടും ആവർത്തിക്കാതിരിക്കാൻ മുൻകരുതലെന്ന നിലയിലാണ് ഫോൺ പരിശോധിപ്പിച്ചത്.
ദിലീപിന്റെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെന്റ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിൻസെന്റ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്റെയും ദിലീപിന്റെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെന്റ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ