- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ സ്വാധീനിച്ചു; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് വിചാരണക്കോടതിയിൽ; വീട്ടിലെത്തി ചോദ്യംചെയ്യണമെന്ന കാവ്യയുടെ ആവശ്യം തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിച്ചു, തെളിവുകൾ നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്നതിനിടയിലാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം.
കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്. കേസിൽ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയിൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുള്ള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം.
തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് കാന്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്.
അതിനിടെ, തുടരന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന പ്രതിഭാഗം പരാതിയിലാണ് ക്രൈംബ്രാഞ്ച് എഡിജിപിയോട് വിചാരണക്കോടതി റിപോർട്ട് തേടിയത്. 18ന് റിപ്പോർട് നൽകണമെന്ന് നിർദ്ദേശം. അതേസമയം, വധ ഗൂഢാലോചനക്കേസിലെ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു.
ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചനാ കേസിൽ ഇന്നലെ സൈബർ ഹാക്കർ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുള്ളവ ഉടൻ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകർക്ക് ്രൈകംബ്രാഞ്ച് നോട്ടീസ് നൽകി. രാമൻപിള്ള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്.
ഇതിനിടെ, കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തി ചോദ്യംചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. വീട്ടിൽ ചോദ്യംചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കാവ്യയും പറഞ്ഞു. സാക്ഷിയായതിനാൽ തനിക്ക് ഉചിതമെന്ന് തോന്നുന്ന സ്ഥലം തിരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ നിലപാട്.
പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ചയാണ് കാവ്യയോടു നേരിട്ടു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ