കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച്. അതിനു മുമ്പ് അനൂപും സുരാജും അടക്കം നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ബാലചന്ദ്രകുമാറിനെ ഉൾപ്പടെ വിളിച്ചുവരുത്തി കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തേടുന്നുണ്ട് ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന

ചോദ്യം ചെയ്യലിന് ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരൻ അനൂപുംസഹോദരീ ഭർത്താവ്‌ സുരാജും അറിയിച്ചിരുന്നു. ഹാജരാകാമെന്ന് കാണിച്ച് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നൽകി.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യൽ ഉടൻതന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടിൽ പതിക്കുകയായിരുന്നു. എന്നിട്ടും ഇവർ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടർ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവർ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നൽകിയത്. ഇവർക്ക് ഉടൻ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നൽകും.

കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊർജിതമായി നടത്തിയിരുന്നു. വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

അതേ സമയം കാവ്യയെ ആലുവ പൊലീസ് ക്ലബ്ബിൽ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.

അതേ സമയം കേസിലെ തെളിവായ ദൃശ്യങ്ങൾ കോടതിയിൽനിന്നു ചോർന്നെന്ന ആരോപണത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യംചെയ്യൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നൽകിയിരുന്നു.

പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനെയും തൊണ്ടി ക്ലാർക്കിനെയുമാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അനുമതി തേടിയിട്ടുണ്ട്. കോടതി കസ്റ്റഡിയിലിരിക്കെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫൊറൻസിക് ലാബ് റിപ്പോർട്ടിനെ തുടർന്നാണ് ചോദ്യംചെയ്യൽ നടപടിക്ക് അന്വേഷണസംഘത്തിന്റെ തീരുമാനം.

കോടതിയുടെ കൈവശമിരിക്കെ 2018 ഡിസംബർ 13നാണ് മെമ്മറി കാർഡിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയതെന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായാണ് കോടതിയുടെ അനുമതി ക്രൈംബ്രാഞ്ച് തേടിയിരിക്കുന്നത്.