കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് എഡിജിപി എസ് ശ്രീജിത്ത് ഐപിഎസിനെ മാറ്റിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനാണ് ഇപ്പോൾ കേസിന്റെ മേൽനോട്ട ചുമതലയെന്നും സർക്കാർ വ്യക്തമാക്കി. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥനു ചുമതല നൽകിയതിന്റെ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയിൽനിന്നു ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദ്ദേശം.

കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന എസ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് സിനിമാ സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണത്തിൽ നിന്ന് ശ്രീജിത്തിനെ മാറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സ്ഥലംമാറ്റം റദ്ദാക്കണമെന്നും ഹർജിയിൽ ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു.

ഈ ഹർജി പരിഗണിച്ച കോടതി, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് വ്യക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷൻ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഹർജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാൻ കാരണമാകുന്ന തെളിവുകൾ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നൽകുന്നതെന്നും സർക്കാരിന്റെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി.

കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചതിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. തെളിവുകൾ നശിപ്പിച്ച ശേഷമാണ് ദിലീപ് മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്. ഇതിനായി ദിലീപിന്റെ അഭിഭാഷകർ മുംബൈയിലേക്ക് പോയി. ഇതിന് തെളിവുണ്ട്. ഫോൺ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ നശിപ്പിക്കപ്പെട്ട ചാറ്റുകൾക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലെ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നൽകി.