കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡോലോചനയിൽ പൊലീസ് അന്വേഷണം പൂർത്തിയായതായി സൂചന. എല്ലാ തെളിവും സംഘടിപ്പിച്ചു കഴിഞ്ഞു. പൾസർ സുനി കേസിൽ നിന്ന് രക്ഷപ്പെടില്ലെന്നും ഉറപ്പാക്കി. ഗൂഢാലോചനയിൽ നിർണ്ണായക തെളിവും കിട്ടി. പൾസർ സുനി നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പെൻ ഡ്രൈവ് പിടിച്ചെടുത്തതാണ് നിർണ്ണായകം. ഇത് കാവ്യാ മാധവന്റെ ലക്ഷ്യയിൽ നിന്നാണ് കണ്ടെത്തിയത്. ഗൂഢാലോചനയിൽ ഏറ്റവും നിർണ്ണായകമാണ് ഇത്. അതുകൊണ്ട് തന്നെ ദിലീപിനേയും കേസിൽ പ്രതി ചേർക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കാവ്യയുടെ അമ്മയേയും പ്രതിയാക്കും. ഇതുൾപ്പെടെ ആറു പേരുടെ പട്ടികയാണ് ഗൂഢാലോചനക്കേസിൽ തയ്യാറാക്കിയത്. എന്നാൽ അറസ്റ്റിന് മാത്രം അനുമതി കിട്ടിയിട്ടില്ല. ഇത് വൈകിച്ച് കേസ് അട്ടിമറിക്കുമെന്ന ആശങ്ക സജീവമാണ്.

ലഭിച്ച ദൃശ്യങ്ങളിൽ നടിയും സുനിയും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ നടിയെ ശാരീരികമായി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.ക്രൂരമായ ലൈംഗികാക്രമണമാണ് നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇതു തിരിച്ചറിഞ്ഞ് പ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസിൽ ഏറ്റവും നിർണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. പീഡനം നടക്കുമ്പോൾ നടി ഋതുമതിയായിരുന്നുവെന്ന് നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ട് മാത്രമാണ് അരുതാത്തത് നടക്കാത്തതെന്ന സൂചന ലിബർട്ടി ബഷീറും പങ്കുവച്ചിരുന്നു.

ഞായറാഴ്ച പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള സംഘം ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്. ദൃശ്യം ചോരാതിരിക്കാൻ പൊലീസ് മേധാവി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് കേസിൽ ദിലീപിനെ ബന്ധപ്പെടുത്താൻ പോന്ന തെളിവല്ലെന്നാണ് വിലയിരുത്തൽ. ബാഹ്യ ഇടപെടലുകൾ അസാധ്യമാക്കി കേസിൽനിന്ന് പിന്നാക്കം പോകാനാവാത്തവിധം അന്വേഷണസംഘത്തെ ബെഹ്റ തളച്ചു. ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചെറിയ വീഴ്ചപോലും പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുമെന്നതിനാൽ പഴുതുകൾ എല്ലാമടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം.

നടി പീഡിപ്പിക്കപ്പെട്ടതിനു തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൃത്യത്തിനു പ്രേരകമായ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിൽ നാദിർഷായുടെ നിസ്സഹകരണമാണ് സംഭവത്തിൽ ഉന്നത സിനിമാപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കിനെക്കുറിച്ച് കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചത്. ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിനു നേതൃത്വം നൽകിയ ൈക്രംബ്രാഞ്ച് എസ്‌പി. സുദർശൻ, ഇൻസ്പെക്ടർ ബൈജു പൗലോസ് എന്നിവരുടെ ചോദ്യങ്ങൾക്കുമുന്നിൽ ദീർഘനേരം നാദിർഷാ മൗനമായി ഇരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ അന്ന് നാദിർഷായെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ തിരുവനന്തപുരത്തെ ഉന്നത ഇടപെടൽ കാര്യങ്ങൾ മാറ്റി മറിച്ചു. അതുകൊണ്ട് തന്നെ ഇനിയും ഒന്നിനും സമ്മതിക്കില്ലെന്ന അഭിപ്രായം സജീവമാണ്.

കേസിൽ പൾസർ സുനിയുമായി ബന്ധപ്പെട്ട ഫോൺവിളിയുടെ ശബ്ദരേഖ എഡിറ്റ് ചെയ്തതായി സൂചന പുറത്തു വന്നതായി സൂചന. സുനിയെ അറിയുക പോലുമില്ലെന്നാണ് ദിലീപ് പറഞ്ഞതെങ്കിലും അപ്പുണ്ണിയുടെ ഫോണിൽ പൾസർ സുനിയുമായി സംസാരിച്ചത് ദിലീപാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഫോൺ ദിലീപാണ് ഉപയോഗിച്ചതെന്ന അപ്പുണ്ണി പൊലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സംശയം. ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാനായി പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണം നേരത്തേ ഉന്നയിച്ച നാദിർഷ സുനിയെ അറിയില്ലെന്നാണ് ഇതുവരെ പ്രതികരിച്ചിരുന്നത്.

ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ട് നാദിർഷയ്ക്കും അപ്പുണ്ണിക്കും വന്ന ഫോൺ വിളികളുടെ റെക്കോർഡുകൾ അടക്കമാണ് ദിലീപ് കഴിഞ്ഞ ഏപ്രിൽ 20ന് പൊലീസിൽ പരാതിപ്പെട്ടത്. അപ്പുണ്ണിയെ വിളിച്ചത് സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംശയങ്ങളുടെയും അതിനുശേഷം പുറത്തുവന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ ചോദ്യംചെയ്യൽ. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ ഹാജരാക്കണമെന്ന് പൊലീസ് അപ്പുണ്ണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുനിൽകുമാറിനോട് അപ്പുണ്ണി കൂടുതൽ കാര്യങ്ങൾ സംസാരിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. കേസിൽ നടന്റെയും സംവിധായകന്റെയും താരമാതാവിന്റെയും പങ്ക് വ്യക്തമാക്കുന്ന ടെലിഫോൺ രേഖകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

സുനി നിരന്തരം ബന്ധപ്പെട്ട ഒരു ഫാൻസി നമ്പർ നാദിർഷയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ജയിലിലായിരിക്കെ രഹസ്യമായി സംഘടിപ്പിച്ച ഫോണിൽ നിന്നു പൾസർ സുനി നാദിർഷയെയും ദിലീപിന്റെ മാനേജരെയും മറ്റൊരു നമ്പറിലേക്കും നിരന്തരം വിളിച്ചു. നാദിർഷ ജയിലിലേക്ക് സുനിയെ തിരിച്ചുവിളിച്ചതായും തെളിവുണ്ട്. ഫോൺ കിട്ടിയ സുനി ആദ്യം വിളിച്ചത് നാദിർഷയെയായിരുന്നു. ഇവർ തമ്മിൽ ഇക്കാലയളവിൽ നാലു തവണ ഫോൺ സംഭാഷണം നടത്തിയിട്ടുണ്ട്. ഇതിലൊന്നിന് എട്ടു മിനിറ്റ് ദൈർഘ്യമുണ്ട്. സുനിയെ അറിയില്ലെന്ന നാദിർഷയുടെ മൊഴി പൊളിക്കുന്നതാണ് ഈ തെളിവുകൾ.