കൊച്ചി: ബ്ലാക്‌മെയ്ൽ തട്ടിപ്പുകാരുടെ സ്വർഗ്ഗമായി കേരളം മാറുകയാണെന്ന കാര്യം അടുത്തകാലങ്ങളിൽ നടന്ന പണത്തട്ടിപ്പു കേസുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. പൊലീസ് പിടിക്കപ്പെട്ട കേസുകളേക്കാൾ പിടിക്കപ്പെടാതെ പോയ സംഭവങ്ങളാണ് കൂടുതലും. ഇപ്പോൾ പുറത്തുവരുന്ന തട്ടിപ്പിൽ ഒരു സിനിമ നടിയെ മറയാക്കിയുള്ളതാണ്. കൊച്ചിയിൽ നിന്നുമാണ് ഇത്തരമൊരു തട്ടിപ്പുവാർത്ത പുറത്തുവന്നത്. മലയാളിയായ സിനിമാ നടിയെ ഉപയോഗിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഗുണ്ടാ നേതാവാണ് കൊച്ചിയിൽ അറസ്റ്റിലായത്.

കൊച്ചി സ്വദേശിയായ തമിഴ് നടിയാണ് തട്ടിപ്പിലെ കേന്ദ്രകഥാപാത്രം. സിനിമ നടിയെ ഉപയോഗിച്ച് യുവാക്കളെയും വ്യവസായികളെയും വശീകരിച്ചു കൊണ്ടാണ് ഇവരുടെ തട്ടിപ്പുതന്ത്രം. നടിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഗുണ്ടാ നേതാവ് ആലുവ എരുമത്തല കടവിൽ അംജിത്(35) ആണ് അറസ്റ്റിലായത്. സംവിധാന മോഹവുമായി ചെന്നൈയിൽ എത്തിയ കൊല്ലം സ്വദേശിയിൽനിന്ന് ഇയാൾ നടിയുടെ സഹായത്തോടെ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ചെന്നൈയിൽവച്ചാണ് ഇരുവരും ചേർന്ന് യുവാവിൽനിന്നും ആദ്യമായി പണം തട്ടിയത്. വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് പിന്നീട് എറണാകുളത്തെ താമസ സ്ഥലത്തേയ്ക്ക് മടങ്ങി. എന്നാൽ ഇരുവരും ചേർന്ന് മറ്റൊരു യുവതിയുടെ സഹായത്തോടെ ഫേസ്‌ബുക്കിലൂടെ യുവാവുമായി സൗഹൃദം തുടർന്നു. ഈ യുവതിയുടെ സഹായത്തോടെ യുവാവിനെ മറ്റൊരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്താനുള്ള സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ കുപിതനായ അംജിത്ത് യുവാവിനെ താമസ സ്ഥലത്തെത്തി മർദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം യുവതിയുടെ സഹായത്താൽ സംഘം യുവാവിനെതിരെ എറണാകുളം റേഞ്ച് ഓഫീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്. യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അംജിത്തിനെ അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ നടിയുടെ അറസ്റ്റ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അംജിത് അറസ്റ്റിലായതോടെ നടിയെ എളുപ്പത്തിൽ രക്ഷിക്കാൻ സാധിക്കില്ലെന്നുമാണ് വിലയിരുത്തൽ.

ഈ നടിയെ ഉപയോഗിച്ച് അംജിത് കൂടുതൽ യുവാക്കളെ വലയിലാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ത്ട്ടിപ്പിന് ഇരയായവരിൽ പലരും നാണക്കേടു കൊണ്ട് പുറത്തുപറയാതിരിക്കുകയാണ്. പരാതി നൽകിയാൽ കുടുംബം തകർക്കുമെന്ന് വരെയാണ് അംജിതിന്റെയും കൂട്ടരുടെയും ഭീഷണി. കൊച്ചിയും ചെന്നൈയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പു വിദ്യകൾ കൊഴുക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.