കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ വിമർശനം. രേഖ ചോർന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ടുള്ള കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങൾക്ക് എങ്ങിനെ ലഭിച്ചെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

പ്രോസിക്യൂഷന്റെ മാത്രം കൈവശമുള്ള കോടതി തയ്യറാക്കിയ ഫോർവേഡ് നോട്ട് അടക്കം ചോർന്നത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വിചാരണ കോടതി ചോദിച്ചത്. ഇത് ഒരു മാധ്യമത്തിൽ വന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും സംഭവത്തിൽ പരിശോധന വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ ദിലിപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് നൽകി. തെളിവുകളും വിചാരണക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തിനാൽ ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാണ് ആവശ്യം.

ഇതുമായി ബന്ധപ്പെട്ട തെളിവുകളാണ് മുദ്രവെച്ച കവറിൽ വിചാരണക്കോടതിക്ക് കൈമാറിയത്. ഹർജി ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി. ഇക്കാര്യത്തിൽ ദിലീപിന്റെ മറുപടി സത്യവാങ് മൂലം അന്ന് ഫയൽ ചെയ്യണം.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേർന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തി. കാവ്യാ മാധവനെ ചോദ്യംചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലും യോഗം ധാരണയിലെത്തിയതായാണ് സൂചന.

ഇതിനിടെ, ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ സൈബർ ഹാക്കർ സായ് ശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലായിരുന്നു ചോദ്യം ചെയ്യൽ.