ഹൈദരാബാദ് : നടി ശ്രാവണി കൊണ്ടപ്പള്ളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടനും നിർമ്മാതാവും ഉൾപ്പെടെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ളതു മൂന്നു പേർ. മൂന്നു പ്രതികളും ശ്രാവണിയുമായി പല ഘട്ടങ്ങളിൽ ബന്ധത്തിലായിരുന്നെന്നും ഓരോരുത്തരും വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. 26 കാരിയായ നടി സെപ്റ്റംബർ എട്ടിനാണു ജീവനൊടുക്കിയത്.

ആത്മഹത്യാപ്രേരണാ കുറ്റത്തിനാണു ടിവി നടൻ അമ്പാട്ടി ദേവരാജ റെഡ്ഡി (24), സ്ഥലക്കച്ചവടക്കാരൻ മംഗമുത്തുല സായ് കൃഷ്ണ റെഡ്ഡി (28), ടോളിവുഡ് നിർമ്മാതാവ് ഗുമ്മകൊണ്ട അശോക് റെഡ്ഡി എന്നിവരാണു കസ്റ്റഡിയിലുള്ളത്. ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിയായ ശ്രാവണി എട്ട് വർഷം മുമ്പാണു ടിവി സീരിയലുകളിൽ അഭിനയിക്കാൻ ഹൈദരാബാദിലെത്തിയത്. ജനകീയ പരമ്പരകളായ 'മനസു മമത', 'മൗനരാഗം' തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു.

ദേവരാജ റെഡ്ഡിയുമായാണ് അവസാനമായി ശ്രാവണി സംസാരിച്ചത്. പ്രതികളായ മൂന്ന് പേരും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതായി ഈ സംഭാഷണത്തിൽ ശ്രാവണി ആരോപിച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് പ്രതികളുമായി പല സമയങ്ങളിൽ നടിക്ക് അടുപ്പമുണ്ടായിരുന്നെന്നും മൂവരും വിവാഹം കഴിക്കുമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്നും ജോയിന്റ് പൊലീസ് കമ്മിഷണർ എ.ആർ.ശ്രീനിവാസ് മാധ്യമങ്ങളോടു പറഞ്ഞു.

മറ്റുള്ളവരുമായുള്ള ബന്ധങ്ങളെച്ചൊല്ലി മൂന്നു പേരും നടിയെ ഉപദ്രവിക്കുമായിരുന്നു. 2015ലാണു സായ് കൃഷ്ണയെ നടി കണ്ടുമുട്ടിയത്. മൂന്നു വർഷം ഇവർ അടുപ്പത്തിലായിരുന്നു. ശ്രാവണിയുടെ കുടുംബാംഗങ്ങളുമായി സായ് കൃഷ്ണയ്ക്കു പരിചയമുണ്ടായിരുന്നു, സാമ്പത്തികമായി അവരെ പിന്തുണച്ചിരുന്നു. 2017 ൽ അശോക് റെഡ്ഡി നിർമ്മിച്ച 'പ്രേമാത കാർത്തിക്' എന്ന ചിത്രത്തിൽ ശ്രാവണി അഭിനയിച്ചു.