സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. 45 വയസായിരുന്നു. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു.മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്.മിനിസ്‌ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തന്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടന്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

അച്ഛൻ: പരേതനായ ജി.രവീന്ദ്രൻനായർ, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിങ് ശിവ ആയുർവേദ സെന്റർ). മക്കൾ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ആത്മ സെക്രട്ടറി ദിനേശ് പണിക്കർ, താരങ്ങളായ കിഷോർ സത്യ, സാജൻ സൂര്യ, ഫസൽ റാഫി, ഉമാനായർ, ശരത്ത് തുടങ്ങിയവർ ആശുപത്രിയിൽ എത്തി. ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.