ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ അഡ്വക്കേറ്റ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തു. വൈകിട്ട് നാലോടെയാണ് രാജു ജോസഫ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം ചോദ്യം ചെയ്യല്ലിനെത്തിയത്. ഇയാൾ വന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നടൻ ദിലീപ് അറസറ്റിലായ ശേഷമുള്ള കേസിലെ അറസ്റ്റാണ് ഇത്. മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടു പോയത് ഈ കാറിലാണെന്ന സംശയത്തെ തുടർന്നാണ് പൊലീസ് നടപടിയെന്നാണ് സൂചന. രാജു ജോസഫിനെ അറസ്റ്റ് ചെയ്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പൾസർ സുനി നൽകിയ മെമ്മറി കാർഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏൽപ്പിച്ചെന്നും ഇയാൾ ഇത് നശിപ്പിക്കുകയായിരുന്നു എന്നും അഡ്വ.പ്രതീഷ് ചാക്കോ മൊഴി നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് രാജു ജോസഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

തമിഴ്‌നാട് തൂത്തുക്കുടി രജിസ്ട്രേഷനിലുള്ള ടിഎൻ 69 ജെ 9169 എന്ന നമ്പറിലുള്ള വാഹനത്തിലാണ് രാജു ജോസഫ് മറ്റൊരു അഭിഭാഷകനൊപ്പം എത്തിയത്. ഇയാളെത്തി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് കാർ കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട വാഹനമായതിനാൽ കാറിന്റെ മറ്റു വിവരങ്ങൾ സർക്കാർ സൈറ്റിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

പൊലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പൊലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആലുവ പൊലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. ഈ കാർ രാജു പൊലീസ് ക്ലബിന് അകത്ത് പ്രവേശിച്ച് അൽപസമയത്തിനുള്ളിൽ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതീഷ് ചാക്കോ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായി ചോദ്യം ചെയ്യല്ലിൽ ഇയാൾ നൽകിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് രാജു ജോസഫിനെ പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പ്രതീഷ് ചാക്കോയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ആലുവ പൊലീസ് ക്ലബിൽ ഇന്ന് നിരവധി പേരാണ് പൊലീസിന്റെ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. രാവിലെ ദിലീപിന്റെ സഹോദരിയുടെ ഭർത്താവടക്കമുള്ള ബന്ധുക്കളേയും, ദിലീപിന്റെ മുൻഭാര്യ മജ്ഞുവാര്യരുടെ സഹോദരനും നടനുമായ മധു വാര്യരേരയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ച പൊലീസ് ദിലീപിന്റെ ചില ബന്ധുക്കളെ ചോദ്യം ചെയ്ത വിട്ടയച്ച ശേഷം വീണ്ടും വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് അഭിഭാഷകൻ രാജു ജോസഫ് ആലുവ പൊലീസ് ക്ലബിലെത്തിയത്.