- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി മാത്രം ടെണ്ടർ നൽകിയതിൽ ദുരൂഹത ആരോപിച്ച് സിപിഐ(എം); സർക്കാർ ഏറ്റെടുത്തു നൽകിയ സ്ഥലം റിയൽ എസ്‌റ്റേറ്റ് താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുമോ എന്ന് സംശയം; വ്യവസ്ഥകളുടെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കണമെന്ന് എം എ ബേബി
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനും നടത്തിപ്പിനുമായുള്ള ടെണ്ടൽ സമാപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ അദാനി പോർട്‌സ് ലിമിറ്റഡ് മാത്രം ടെണ്ടർ നൽകിയതിൽ ദുരൂഹത ആരോപിച്ച് സിപിഐ(എം) രംഗത്ത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞ തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനും നടത്തിപ്പിനുമായുള്ള ടെണ്ടൽ സമാപിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനിയുടെ അദാനി പോർട്‌സ് ലിമിറ്റഡ് മാത്രം ടെണ്ടർ നൽകിയതിൽ ദുരൂഹത ആരോപിച്ച് സിപിഐ(എം) രംഗത്ത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രി കെ ബാബുവും അടക്കമുള്ളവർ ഡൽഹിയിലെത്തി പ്രത്യേകം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗൗതം അദാനിയുടെ കമ്പനി തുറമുഖ പദ്ധതിക്ക് താൽപ്പര്യം പ്രകടിപ്പിച്ച് ടെണ്ടർ നൽകിയത്. അദാനി തുറമുഖം നിർമ്മിക്കുന്നതിനെ തുറന്നെതിർക്കാത്ത സിപിഐ(എം) ടെണ്ടറിന്റെ ഉള്ളടക്കത്തിൽ എന്തൊക്കെയാണ് ഉള്ളതെന്ന കാര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തുന്നത്.
പദ്ധതിയുടെ നടത്തിപ്പുക്കാരെന്ന നിലയിൽ 1635 കോടിയുടെ ഗ്രാന്റാണ് തുറമുഖ നിർമ്മാണത്തിന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. മൊത്തം പദ്ധതിത്തുകയുടെ നാൽപ്പത് ശതമാനമാണിത്. ടെണ്ടറിൽ മറ്റ് കമ്പനികൾ പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രിയുടെ അടുപ്പക്കാരായ ടീം പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണെന്ന വിലയിരുത്തലും ഒരുവശത്തുണ്ട്. പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമി റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടുമോ, തുറമുഖത്തിനായി ട്രഡ്ജിങ് വേണ്ടിവന്നാൽ അതിന് പണം സർക്കാർ മുടക്കുമോ എന്നീ ആശങ്കകളാണ് സിപിഐ(എം) ഉയർത്തുന്നത്. ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി രേഖപ്പെടുത്തുകയും ചെയ്തു. ഫേസ്‌ബുക്ക് പേജിലൂടെ ബേബി തന്റെ ആശങ്ക പങ്കുവച്ചത് ഇങ്ങനെയാണ്:
''വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടർ സംബന്ധിച്ച് കഴിഞ്ഞ ദിവസം വന്ന വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. ഗൗതം അദാനിയുടെ കമ്പനി സമർപ്പിച്ച ഒറ്റ ടെണ്ടർ മാത്രമേ ഉള്ളൂ. ഇപ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ആകെ ചെലവ് 7525 കോടി രൂപയാണ്. ഇതാണ് അദാനി ഗ്രൂപ്പ് അവരുടെ ബിഡ്ഡിൽ നല്കിയിരിക്കുന്ന തുക. ഇതിൽ 2454 കോടി രൂപയാണ് അദാനി നിക്ഷേപിക്കുക.
അതേസമയം കേരള സർക്കാർ 4253.2 കോടി രൂപ നിക്ഷേപിക്കണം. ഇതിൽ 817.2 കോടി അദാനിക്കുള്ള ഗ്രാന്റ് ആണ്. ഭാരത സർക്കാർ 817.8 കോടി രൂപ നല്കണം. ഈ തുക മുഴുവൻ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ആയി അദാനിക്ക് പോകും. 40 വർഷത്തിന് ശേഷം, പ്രോജക്ട് ലാഭത്തിലാകുമ്പോൾ ഈ തുക അദാനി തിരിച്ചു നല്കും! 32.6 ശതമാനം മാത്രം നിക്ഷേപം നടത്തുന്ന അദാനിക്ക് ആയിരിക്കും തുറമുഖത്തിന്റെ പൂർണ നടത്തിപ്പ്, പൂർണ നിയന്ത്രണം. ലാഭമുണ്ടെങ്കിൽ കേരള സർക്കാരിന് 60 വർഷത്തിന് ശേഷം ലാഭവിഹിതം കിട്ടാൻ തുടങ്ങും!
ശരിയാണെങ്കിൽ ഈ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഗൗതം അദാനിയുടെ കമ്പനികളുടെ പ്രവർത്തനം എന്നും വിവാദം നിറഞ്ഞതുമാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഗൗതം അദാനിയുടെ സ്വത്തിലുണ്ടായ വളർച്ച അഭൂതപൂർവമാണ്, 2013-2014ൽ 25000 കോടി രൂപയുടെ വളർച്ച.
ഈ സാഹചര്യത്തിൽ കേരള സർക്കാർ നമ്മുടെ സംസ്ഥാനത്തിന്റെ വലിയൊരു വികസനസാധ്യത അദാനിക്ക് അടിയറവ് വയ്ക്കാതെ സിയാൽ മാതൃകയിലുള്ള പൊതുസ്വകാര്യ പങ്കാളിത്തത്തിനോ പുനർലേലത്തിനോ പോകണം. പദ്ധതി സംബന്ധിച്ച ചില കണക്കുകൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അതും കമ്പനി അധികൃതർ പുറത്തുവിട്ടവ. മറ്റെന്ത് വ്യവസ്ഥകളാണ് അദാനി നൽകിയ ബിഡ്ഡിൽ ഉള്ളതെന്ന് അറിവില്ല. രണ്ട് പ്രധാന കാര്യങ്ങൾ സംബന്ധിച്ചെങ്കിലും വ്യക്തത ആവശ്യമാണ്.
ഒന്നാമത്തേത്, പോർട്ടുമായി ബന്ധപ്പെട്ട എസ്‌റ്റേറ്റ് വികസനം. പോർട്ടിനല്ലാതെയുള്ള ആവശ്യങ്ങൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ബിഡിൽ പങ്കെടുക്കുന്ന കമ്പനികൾ ആവശ്യപ്പെട്ട കാര്യം വി.ജി.എഫ് സംബന്ധിച്ച മിനിട്‌സുകളിലുണ്ട്. റിയൽ എസ്‌റ്റേറ്റ് താൽപ്പര്യങ്ങൾക്കായി പോർട്ടിനുവേണ്ടി ലഭിക്കുന്ന സ്ഥലം വിനിയോഗിക്കാനാണ് അദാനി ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്തെ കാര്യം, വിഴിഞ്ഞം പോർട്ടിന് മെയിന്റനൻസ് ഡ്രഡ്ജിങ് വേണ്ടിവരികയാണെങ്കിൽ അത് ആരു വഹിക്കും എന്നതാണ്?
വല്ലാർപാടത്ത് തുറമുഖം ഏറ്റെടുത്ത് നടത്തുന്നത് ദുബായ് പോർട്‌സ് ആണെങ്കിലും മെയിന്റനൻസ് ഡ്രഡ്ജിങ് നടത്തുന്നതിന്റെ ബാധ്യത കേന്ദ്ര ഗവണ്മെന്റിന് കീഴിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയും നഷ്ടവും പോർട്ട് ട്രസ്റ്റിന് ഉണ്ടാക്കിയിട്ടുണ്ട്. അദാനിയുടെ കൈവശം 16 ഡ്രഡ്ജറുകളുണ്ട്, അവയ്ക്ക് അധികം പണി കിട്ടാത്ത സ്ഥിതിയാണ്. വിഴിഞ്ഞത്ത് ഡ്രഡ്ജിംഗിന് അത് ഉപയോഗിക്കാനും എന്നാൽ ചെലവ് കേരള സംസ്ഥാനം വഹിക്കേണ്ടതായും വരുമോ? ഇങ്ങനെയുള്ള നിരവധി കാര്യങ്ങളെ കുറിച്ച് വ്യക്തത ആവശ്യമാണ്. ഈ സാഹചര്യത്തിൽ അദാനി നൽകിയിരിക്കുന്ന ബിഡിലുള്ള വ്യവസ്ഥകളുടെ പൂർണ്ണരൂപം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.''
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പദ്ധതിക്കായി ടെണ്ടർ ക്ഷണിച്ചപ്പോൾ മൂന്ന് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഇതിൽ അദാനി ഗ്രൂപ്പും ഉണ്ടായിരുന്നു. അന്ന് അപേക്ഷ പരിഗണിച്ചപ്പോൾ അദാനി പോർട്ട്‌സിന് സുരക്ഷാ കാരണങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നില്ല. മറ്റ് രണ്ട് കമ്പനികൾ സാമ്പത്തിക സ്ഥിതി മോശമാണെന്ന കാരണത്താൽ ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപി സർക്കാർ അധികാരത്തിൽ ഏറിയതോടെ അദാനി അഭൂതപൂർവ്വമായ വിധത്തിൽ വളരുന്ന കാഴ്‌ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ നിരവധി തുറമുഖ പദ്ധതികളുമായി രംഗത്തെത്തിയത് കൂടാതെ വിദേശ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
വിഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പ് സമർപ്പിച്ച ടെൻഡർ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് സമിതി പരിഗണിക്കാനിരിക്കേയാണ് സിപിഐ(എം) വിഷയത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടെൻഡർ നടപടികളുമായി എങ്ങനെ മുന്നോട്ടുപോകാമെന്ന് സമിതി തീരുമാനിക്കും. സമിതിയുടെ ശുപാർശകൾ പരിഗണിച്ച് ഇക്കാര്യത്തിൽ മന്ത്രിസഭയാകും തീരുമാനമെടുക്കുക. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പത്തിലേറെ തവണ ടെൻഡർ നീട്ടിവച്ചിരുന്നു. അദാനി പോർട്‌സ്, എസാർ പോർട്‌സ്, സ്രേ ആൻഡ് ഒഎച്ച്എൽ കൺസോർഷ്യം എന്നിവരാണ് ഇത്തവണ ടെൻഡർ രേഖകൾ വാങ്ങിയിരുന്നത്. എന്നാൽ, അദാനി, ടെണ്ടൽ നൽകിയതോടെ മറ്റെല്ലാവരും പദ്ധതിയോടെ മുഖം തിരിഞ്ഞു. അതിനിടെ പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാകാൻ അദാനി തന്നെയാണ് നല്ലതെന്ന അഭിപ്രായവും ഒരു വിഭാഗത്തിനിടെ ഉണ്ട്.