ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ബ​​ഹുദൂരം മുന്നിലെത്തുമെന്ന സൂചനയുമായി സിറം സിഇഒ അദാർ പൂനാവാല. അമേരിക്കൻ കമ്പനി നോവാവാക്സുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന 'കോവോവാക്‌സ്' ജൂണിൽ വിപണിയിലെത്തിയേക്കുമെന്നാണ് അദാർ പൂനാവാല വ്യക്തമാക്കുന്നത്. വാക്‌സിൻ ഇന്ത്യയിലെ പരീക്ഷണത്തിന് അപേക്ഷ നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ 89.3 ശതമാനമാണ് കോവോവാക്‌സിന്റെ ഫലപ്രാപ്‌തി. വാക്‌സിൻ ഇന്ത്യയിലെ പരീക്ഷണത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. നോവാവാ‌ക്‌സുമായി ചേർന്നുള‌ള വാക്‌സിൻ മികച്ച ഫലം നൽകുന്നതായും. ഇന്ത്യയിൽ പരീക്ഷണത്തിന് അപേക്ഷിച്ചിരിക്കയാണെന്നും 2021 ജൂൺ മാസത്തോടെ കോവോവാക്‌സ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദാർ പൂനാവാല ട്വി‌റ്ററിൽ കുറിച്ചു.

നിലവിൽ ലോകത്തിലെ ഏ‌റ്റവും വലിയ വാക്‌സിൻ യജ്ഞം ഇന്ത്യയിലാണ് നടക്കുന്നത്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷനിൽ സെറം നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് അനുമതി നൽകിയിരിക്കുന്നത്.

ലോകത്ത് 30 ലക്ഷം പേർ‌ക്ക് അതിവേഗം വാക്‌സിനേഷൻ നടപ്പാക്കിയ രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ആദ്യഘട്ട കോവിഡ് രോഗാണുവിനെതിരെ കൊവോവാക്‌സ് 95.6 ശതമാനം ഫലപ്രാപ്‌തിയും പരിവർത്തനം വന്ന വൈറസിനോട് 89.3 ശതമാനം ഫലപ്രാപ്‌തിയും കാണിക്കുന്നുണ്ടെന്ന് പൂനാവാല അറിയിച്ചു. കോവിഡ് ഇന്ത്യയിൽ സ്ഥിരീകരിച്ചതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. 1.07 കോടി ജനങ്ങൾക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെയ്‌പ്പ് ആരംഭിച്ചിരുന്നു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോ​ഗിക്കുന്ന കോവിഡ് വാക്സിൻ.