തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഒതുക്കാനും ഗൂഢാലോചന ആരോപണത്തിനു തെളിവുണ്ടാക്കാനും വിജിലൻസ് മേധാവിയായിരുന്ന എഡിജിപി എം.ആർ.അജിത് കുമാറും ഇടനിലക്കാരൻ ഷാജ് കിരണുമായി ഫോണിൽ വിളിച്ചത് 19 തവണയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിയായ സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ച പിന്നാലെ അവരുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ സരിത്തിനെ വിജിലൻസ് പിടിച്ചുകൊണ്ടുപോയത് ഇടതു മുന്നണിയിലും അതൃപ്തി ശക്തമാക്കി്.
ഇടനിലക്കാരൻ എന്ന് ഭാവിച്ചെത്തിയ ഷാജ് കിരണുമായി വിജിലൻസ് ഡയറക്ടർ പല പ്രാവശ്യം ബന്ധപ്പെട്ടതും മുന്നണിയിൽ കടുത്ത പ്രതിഷേധത്തിനിടിയാക്കിയിട്ടുണ്ട്. ഇതിനിടയിൽ സ്വർണക്കടത്തു കേസിൽ രാഷ്ട്രീയ പ്രചാരണത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിന് 14ന് ഇടതുമുന്നണി യോഗവും വിളിച്ചിട്ടുണ്ട്. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പൊലീസ് വീഴ്ചകളിൽ കടുത്ത നിലപാടിലാണ്. ആഭ്യന്ത്രര വകുപ്പിന് വീഴ്ചകൾ തുടർന്നാൽ അത് സിപിഎമ്മിന്റെ ജനസ്വാധീനത്തെ പോലും ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ലൈഫ് മിഷൻ കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ സുഹൃത്തും കൂട്ടുപ്രതിയുമായ പി.എസ്.സരിത്തിനെ സ്വപ്നയുടെ വീട്ടിൽനിന്നു വിജിലൻസ് സംഘം കഴിഞ്ഞ ബുധനാഴ്ച പിടിച്ചുകൊണ്ടു പോയതിനു പിന്നാലെയാണ് അന്നു രാവിലെ മുതൽ വൈകിട്ടു വരെ ഇത്രയും തവണ ഫോണിൽ വിളിച്ചത് സർക്കാരിന് തലവേദനയായി. ഇതിനു പുറമേ വാട്‌സാപ് സന്ദേശങ്ങളും കൈമാറി. സ്വപ്നയുടെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമായി ഫോൺ പിടിച്ചുവാങ്ങിയതും നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അജിത്തിനെ ഉടൻ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്.

സർക്കാരിനെ പൊതുസമൂഹത്തിൽ ഏറ്റവും മോശമാക്കുന്നത് പൊലീസിന്റെ ചെയ്തികളാണെന്നാണ് ഇടതു മുന്നണിയിലെ പൊതുവിമർശനം. ആരോപണം ഉന്നയിച്ചപിന്നാലെ അവരുടെ സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത് സംശയം ബലപ്പെടുത്താനാണ് ഉപകരിച്ചത്. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്തത് സർക്കാരിന്റെ വലിയ വീഴ്ചയാണെന്ന വികാരം സിപിഎമ്മിലുമുണ്ട്. സിപിഐക്കും ഇതിൽ കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി. ശബ്ദരേഖയിൽ ഒന്നുമില്ലെങ്കിലും അതിലും വെട്ടിലാക്കുന്നത് വിജിലൻസ് ഡയറക്ടറുടെ ഇടപെടലാണ്. ഇത്തരത്തിലുള്ള ഒരു വ്യക്തിയുമായി നിരവധി തവണ ബന്ധപ്പെടാൻ വിജിലൻസ് ഡയറക്ടർക്ക് എന്തായിരുന്നു ആവശ്യം എന്നതാണ് മുന്നണിയിലുയരുന്ന രോഷം.

അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുക മാത്രമല്ല, അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസിലെ ഉന്നതർ ഉൾപ്പെടെയുള്ളവരെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ സർക്കാർ എന്തുചെയ്താലും പൊതുജനങ്ങൾക്ക് മുന്നിൽ നാണംകെടേണ്ട സ്ഥിതിയുണ്ടാകുമെന്നും മുന്നണി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോൾ സർക്കാരിന്റെ ഇടനിലക്കാരനെന്ന പേരിൽ രംഗത്തുവന്ന ഷാജ് കിരണിനെതിരേ ശക്തമായ നടപടി വേണമെന്നും മുന്നണിയിൽ ആവശ്യമുണ്ട്. എന്നാൽ ഇതിന് സർക്കാരും മടിക്കുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായും നേരിടുന്നതിന് പുറമെ കോടതിയെ സമീപിക്കണമെന്ന ആവശ്യവും മുന്നണിയിലുണ്ട്. ഇക്കാര്യവും സിപിഎം. പരിശോധിക്കുന്നുണ്ട്.

സ്വപ്ന കോടതിയിൽ നൽകിയെന്ന് പറയുന്ന മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നശേഷം അതേക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കാളുപരി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിലായിരിക്കും കോടതിയെ സമീപിക്കുക.