മലപ്പുറം: മലപ്പുറം കലക്ടറേറ്റ് പടിക്കൽ സ്‌ഫോടനം ഉണ്ടായതി അൽഖായിദയുടെ കേരള അനുയായികൾ ആണെന്ന നിഗമനത്തിലാണ് എൻഐഎ അന്വേഷണം മുന്നോട്ടു പോകുന്നത്. ബേസ് മൂവ്‌മെന്റ് എന്ന പേരിൽ എഴുതിയ ബോക്‌സ് ലഭിച്ചതുമൊക്കെ ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെയാണ് മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന വിധത്തിൽ ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് വഴി വ്യാപകമായ സന്ദേശം പ്രചരിക്കുന്നുണ്ട്.

മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സൈനികാധികാര നിയമമായ അഫ്‌സ്പ നടപ്പിലാക്കണമെന്നും ജില്ലാ ഭരണം സൈന്യത്തിന് കൈമാറണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഒരു സ്ത്രീയുടെ ശബ്ദ സന്ദേശമാണ് വ്യാപകമായ തോതിൽ പ്രചരിപ്പിക്കപ്പെട്ടത്. മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്നഎഡിജിപി സന്ധ്യ പറയുന്ന കാര്യങ്ങൾ എന്ന വിധത്തിലാണ് ഈ സന്ദേശം വ്യാഖ്യാനിക്കപ്പെട്ടത്. ഇതോടെ വാട്‌സ് ആപ്പ് വഴി കൂടുതൽ തോതിൽ ശബ്ദസന്ദേശം പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

ജില്ലയിൽ ഒരു സ്‌ഫോടനം കൂടി നടന്നാൽ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകുമെന്നും ഭരണം സൈന്യം ഏറ്റെടുത്താൽ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു ആൺകുട്ടിയുടെയും പെൺകുട്ടിയുടെ നഗ്‌നശരീരങ്ങളുടെ ചിത്രവും ഓഡിയോ സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. താൻ മുസ്ലിം ഇതര മതവിശ്വാസിയാണെന്ന് ഓഡിയോ സന്ദേശത്തിൽ സ്വയം വ്യക്തമാക്കുന്നു. മുസ്ലിം വീടുകളിലും മോസ്‌കുകൾക്ക് സമീപത്തെ കെട്ടിടങ്ങളിലും മറ്റും സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റണമെന്നും സന്ദേശത്തിൽ പറയുന്നു.

അങ്ങനെ വരുമ്പോൾ പുരുഷന്മാരെയെല്ലാം ജയിലിലാക്കാൻ ഇടയാക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരത്തിൽ വ്യാപകമായി മലപ്പുറത്തെ സമാധാനം തകർക്കുന്ന വിധത്തിൽ വ്യാജ വിവരങ്ങൾ കുത്തി നിറച്ചതാണ് ഈ സന്ദേശം. 0097151703186 എന്ന നമ്പറിൽ നിന്നാണ് ഇത്തരമൊരു വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ പ്രചരിപ്പിക്കപ്പെട്ടതിൽ തന്റെ ശബ്ദമല്ലെന്നാണ് എഡിജിപി സന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും എഡിജിപിയുടെ ഓഫീസ് അറിയിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരിൽ മലപ്പുറം എസ്‌പിയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശത്തിലെ സ്ത്രീശബ്ദത്തിന്റെ ഉടമ ആരാണെന്നതിനെ സംബന്ധിച്ചാണ് അന്വേഷണം. വിദേശത്തു നിന്നാണ് ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നാണ് അറിയുന്നത്. ഗൾഫിൽ നിന്നാണെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തൽ. സുബ്രഹ്മണ്യം സ്വാമി ജില്ലാ ഭരണകൂടം ജില്ല സൈന്യത്തിനു കൈമാറണം എന്ന് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. ഇതിൽ എന്തെങ്കിലം ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

'ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഡ്രസ് റിഹേഴ്‌സലാണ് മലപ്പുറത്ത് കഴിഞ്ഞദിവസം നടന്ന സ്‌ഫോടനം. സിപിഐ.എം ചെയ്ത പാപമാണ് മലപ്പുറം ജില്ല. ജില്ലാ ഭരണകൂടം ജില്ല സൈന്യത്തിനു കൈമാറണം.' എന്നായിരുന്നു സുബ്രഹ്മണ്ം സ്വാമി പറഞ്ഞിരിക്കുന്നത്. ഭരണഘടനയുടെ സമഗ്രതയും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താൻ മതേതര ജനാധിപത്യ സർക്കാർ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 'മലപ്പുറത്തെ സ്ഥിതിഗതികൾ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ഞാൻ ആവശ്യപ്പെടുന്നു.' വെന്നും സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടിരുന്നു.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് സ്‌ഫോടനം നടന്നത്. പ്രഷർ കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.