മുംബൈ: ആധാർ കാർഡ് കൈവശമില്ലാത്ത കുട്ടികൾ സൂക്ഷിക്കുക. നിങ്ങളെ അദ്ധ്യാപകർ തല്ലിചതച്ചേക്കാം. മുബൈയിലെ സ്‌കൂളിലെ സംഭവം ഇതിന് തെളിവാണ്. അധാറില്ലാത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനമാണ് ഇവിടെ ഏൽക്കേണ്ടി വന്നത്. മുംബൈയിലെ ഘാട്ട്‌കോപ്പറിലുള്ള ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് സംഭവം.

ആധാർ കാർഡ് കൈവശമുള്ളവരുടെ കണക്കെടുക്കുന്നതിനിടെ വിദ്യാർത്ഥിയുടെ കയ്യിലും മുഖത്തും ചൂരലു കൊണ്ടുള്ള അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധ്യാപകനായ ശ്യാം ബഹദൂർ വിശ്വകർമ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിടെ അദ്ധ്യാപകൻ വിദ്യാർത്ഥിയെ മർദിക്കുകയായിരുന്നു.

മർദന വിവരമറിഞ്ഞ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ സ്‌കൂളിലെത്തിയെങ്കിലും മർദിച്ച കാര്യം അദ്ധ്യാപകൻ ആദ്യം നിഷേധിച്ചു. എന്നാൽ ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വാസ്തവം പുറത്തുവന്നു. മാതാപിതാക്കളുടെ പരാതിയിൽ ശ്യാം ബഹദൂറിനെതിരെ ഐപിസി 323, 324, 375 കുറ്റങ്ങൾ ചുമത്തി കേസെടുത്തു. അദ്ധ്യാപകനെ അന്വേഷണ വിധേയമായി സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.