ആലുവ: രക്ഷകർത്താക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെതുടർന്ന്, പങ്കാളിക്കൊപ്പം ജീവിക്കാനായി നിയമപോരാട്ടത്തിന് സ്വവർഗ പ്രണയിനി. തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. പ്രായപൂർത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

ആലുവ സ്വദേശിനി ആദില നസ്‌റിനാണ് പൊലീസിനെ സമീപിച്ചത്. ഉടൻ കോടതിയെയും സമീപിക്കുമെന്ന് ആദില പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി. ഹേബിയസ് കോർപ്പസ് ഹർജി നൽകാനാണ് സാധ്യത. സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്‌റിൻ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരിയുമായി പ്രണയത്തിലാവുന്നത്.

സ്വവർഗാനുരാഗം വീട്ടിലറിഞ്ഞതു മുതൽ പ്രതിസന്ധി തുടങ്ങി. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടർന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടേയും ബന്ധുക്കളെത്തി പ്രശ്‌നമുണ്ടാക്കി. ഇതോടെയാണ് ആലുവയിലേക്ക് മാറിയത്.

കോഴിക്കോട് താമരശ്ശേരിയിൽ നിന്നുള്ള ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകർത്താക്കൾ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് താമരശേരിയിൽനിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവർക്കൊപ്പം നിന്നതായി ആദില പറഞ്ഞു.

കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവൾ പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോൺ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. തന്നോടൊപ്പം താമസിക്കാനെത്തിയ താമരശ്ശേരി സ്വദേശിനിയെ ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയെന്ന ആദിലയുടെ പരാതി പൊലീസും അന്വേഷിക്കുന്നുണ്ട്.

താനൊരു ലെസ്‌ബിയനാണെന്നും പ്ലസ് ടു ക്ലാസ്സിൽ സൗദിയിൽ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് താമരശ്ശേരിക്കാരിയുമായി പ്രണയത്തിലായതെന്നും ആദില പറഞ്ഞു. വീട്ടുകാർ വിവരമറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. തുടർന്ന് തമ്മിൽ ബന്ധപ്പെടാൻ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാർക്ക് നൽകിതായും നാട്ടിലെത്തി ഡിഗ്രിപഠനം പൂർത്തിയാക്കി ചെന്നൈയിൽ ജോലി ലഭിച്ചിരിക്കുകയാണെന്നും ആദില പ്രതികരിച്ചു.

താമരശ്ശേരിക്കാരിയുടെ പിതാവ് ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും തങ്ങൾ ബന്ധം തുടർന്നതായും ആദില പറയുന്നു. ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിബന്ധങ്ങളെ കുറിച്ചും എതിർപ്പുകളെ കുറിച്ചും തങ്ങളിരുവരും നേരത്തെ തന്നെ ചിന്തിച്ചിരുന്നതായും ഒരുമിച്ച് ജീവിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ആദില അറിയിച്ചു.