- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണം കഴിഞ്ഞപ്പോൾ ഗാന്ധിപ്രതിമയ്ക്ക് ലുക്കില്ല! തന്റെ സമയദോഷമെന്നു ശിൽപിയുടെ വാദം; പുതിയ ഗാന്ധിക്കായി പണിപ്പുരയൊരുങ്ങി; ബസ് സ്റ്റാൻഡിന് സ്ഥലമെടുപ്പിലൂടെ കോടികളുടെ അഴിമതിക്കും നീക്കം: അടിമാലിയിലെ ഗാന്ധിപ്രതിമ വിവാദം
ഇടുക്കി: രാഷ്ട്രപിതാവ് മഹാത്മജിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചു കൊന്നെന്നു ചരിത്രം. ഇവിടെ അടിമാലിയിൽ ജനപ്രതിനിധികൾ ഗാന്ധിജിയെ പെരുവഴിയിൽ കൊല്ലാക്കൊല ചെയ്യുന്നതുകണ്ടു രോഷം കൊള്ളുകയാണ് ഗാന്ധിസ്‌നേഹികൾ. അടുത്ത നാളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനാച്ഛാദനം ചെയ്ത ഗാന്ധി പ്രതിമയാണ് ഇവിടെ ക്രൂശിക്കപ്പെടുന്നത്. ശിൽപി ലക്ഷ്യമിട്ടതും രൂപക
ഇടുക്കി: രാഷ്ട്രപിതാവ് മഹാത്മജിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചു കൊന്നെന്നു ചരിത്രം. ഇവിടെ അടിമാലിയിൽ ജനപ്രതിനിധികൾ ഗാന്ധിജിയെ പെരുവഴിയിൽ കൊല്ലാക്കൊല ചെയ്യുന്നതുകണ്ടു രോഷം കൊള്ളുകയാണ് ഗാന്ധിസ്‌നേഹികൾ. അടുത്ത നാളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനാച്ഛാദനം ചെയ്ത ഗാന്ധി പ്രതിമയാണ് ഇവിടെ ക്രൂശിക്കപ്പെടുന്നത്. ശിൽപി ലക്ഷ്യമിട്ടതും രൂപകൽപന തുടങ്ങിയതും കൈയിൽ വടിയേന്തി വട്ടക്കണ്ണടയും വച്ചുള്ള ചിരപരിചിത ഗാന്ധിജിയെ ആയിരുന്നു. പണി തീർന്നു സ്ഥാപിച്ചപ്പോൾ അതൊരു കുഞ്ഞിക്കൂനൻ സ്‌റ്റൈൽ പ്രതിമയായെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതിമ അനാവരണം ചെയ്ത മുഖ്യമന്ത്രി തന്നെ 'ഇതിനൊരു ഗാന്ധിജിയുടെ ലുക്കില്ലെ'ന്നു പറഞ്ഞതായാണ് വിവരം. എന്തായാലും മഹാത്മാവിനെ കോമാളിയാക്കി ചിത്രീകരിച്ചതിന്റെ ദേഷ്യത്തിലാണ് നാട്ടുകാർ. വിവാദമുണ്ടാക്കിയ പ്രതിമ മാറ്റിവയ്ക്കാനുള്ള തത്രപ്പാടിലാണ് പഞ്ചായത്ത് അധികൃതർ. ഇതിനിടെ നടത്തിയ അന്വേഷണം നാട്ടുകാർക്കു ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. പിന്നാമ്പുറകഥകൾ കേൾക്കുമ്പോൾ, സത്യസന്ധനായ ഗാന്ധിജിയെ മുൻനിർത്തി നടത്തുന്ന ചില അഴിമതി വിവരങ്ങളും പുറത്തുവരുന്നു.
പഞ്ചായത്ത് ഓഫീസിന്റെ മുമ്പിലെ മിനി സ്റ്റാൻഡിന്റെ കവാടത്തിലാണ് ഗാന്ധിപ്രതിമ ഇടം പിടിച്ചിരിക്കുന്നത്. ആകാരത്തിൽ പതിവ് ഗാന്ധി ചിത്രങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമാണ് കോൺക്രീറ്റിൽ നിർമ്മിച്ച് ചെമ്പുനിറം പൂശിയ ശിൽപം. ഉയരം എട്ടടിയിലധികം. വലുപ്പമേറിയ ചെവികൾ തല ഉപ്പായിമാപ്ല സ്റ്റൈലിൽ പിന്നിലേയ്ക്ക് ഉന്തി നിൽക്കുന്നു. ശോഷിച്ച കൈകാലുകളും വളഞ്ഞ ശരീരവും പ്രതിമയെ വ്യത്യസ്തനായ ഗാന്ധിയാക്കുന്നു. വാ പൊളിച്ചു നിൽക്കുന്ന പ്രതിമയ്ക്ക് ഗാന്ധിജിയുടെ ഛായയുണ്ടെന്നു പറയാൻ ആരും മടിക്കും. എൽ. കെ. ജി വിദ്യാർത്ഥി മുതൽ എല്ലാവരും അറിയുന്നതാണല്ലോ ഗാന്ധിജിയെ. മുഖസാദൃശ്യവും ആകാരസവിശേഷതയും കണക്കിലെടുക്കാതിരുന്നാൽ, നാട്ടിലെ ഓണാഘോഷത്തിനിടെ പ്രാദേശിക ക്ലബിന്റെ പ്രച്ഛന്നവേഷ മത്സരത്തിൽ വേദിയിലെത്തിയ പുരുഷനാണെന്നു പറയാം. അത്രയുമാണ് പെട്ടെന്നുള്ള പൊരുത്തമില്ലായ്മ.
അഞ്ചുലക്ഷം രൂപയ്ക്കാണ് പ്രതിമാ നിർമ്മാണം ശിൽപിയായ അടിമാലിക്കടുത്ത് കരിങ്ങുളം ഭാഗത്തു താമസിക്കുന്ന ജയരാജ് കൃഷ്ണനെ ഏൽപിച്ചത്. സമയത്തുതന്നെ പണി തീർത്തു നൽകി. ഒരു മാസത്തോളമെടുത്താണ് പണി നടത്തിയത്. അധികമാരും അറിയാതെയായിരുന്നത്രേ ഗാന്ധിശിൽപനിർമ്മാണവും സ്ഥാപിക്കലുമൊക്കെ നടത്തിയത്. ചില്ലറക്കാരനോ, വൈദഗ്ദ്ധ്യം വേണ്ടത്രയില്ലാത്തയാളോ അല്ല ജയരാജ്. കാൽനൂറ്റാണ്ടോളമായി ആ രംഗത്തു പ്രവർത്തിക്കുന്ന ജയരാജ് പ്രശസ്ത ശിൽപകലാ വിദ്ഗ്ധനായ എം. ആർ. ഡി ദത്തന്റെ ശിഷ്യനാണ്. വിജയൻ മാഷിനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി പ്രതിമകൾ ഇദ്ദേഹത്തിന്റേതായി പ്രൗഢിയോടെ നിൽക്കുന്നുമുണ്ട്്. പക്ഷേ അടിമാലിയിൽ ശിൽപനിർമ്മാണം പാളിയെന്നു അദ്ദേഹം തന്നെ സമ്മതിക്കുന്നു. തന്റെ ദുർവിധിയെന്നാണ് ജയരാജ് ഇതേക്കുറിച്ച് പറഞ്ഞത്. കാഴ്ചയുടെ പ്രശ്‌നമാണ് പ്രധാന പോരായ്മകളിലൊന്ന്. ഏഴടി ഉയരത്തിൽ പണിത സ്തൂപത്തിൽ സ്ഥാപിക്കാനുള്ള പ്രതിമയാണ് കരാർപ്രകാരം പണിയാൻ ആരംഭിച്ചത്.
അതിനനുസൃതമായ കണക്കുകൂട്ടലുകളിൽ പിഴവുണ്ടാക്കി ആദ്യം സ്തൂപത്തിന്റെ ഉയരം നാലടിയായി പഞ്ചായത്ത് കുറച്ചുവെന്നു ശിൽപി പറയുന്നു. ഉയരത്തിൽനിന്നു നോക്കുമ്പോൾ കാണേണ്ട ഗാന്ധിജി അങ്ങനെ കണ്ണിനു സമാനമായ തലത്തിലായപ്പോൾ കാഴ്ചയിൽ രൂപമാറ്റമുണ്ടാകും. സ്തൂപം നാലടിയായി കുറച്ചപ്പോൾ ശിൽപത്തിന്റെ ഭാരം താങ്ങാൻ സ്തൂപത്തിനായില്ല. വീട്ടിൽവച്ച് അനാട്ടമി തയാറാക്കിയ പ്രതിമയ്ക്ക് അന്തിമ മിനുക്കുപണികൾ നടത്തിയത് ഇപ്പോഴത്തെ സ്ഥലത്തുവച്ച് കനത്ത മഴയിലാണ്. പ്രതിമയുടെ ഭാരം കുറയ്‌ക്കേണ്ടിവന്നപ്പോൾ രൂപത്തിലും മാറി. മുമ്പോട്ടു നോക്കിനിൽക്കേണ്ട ഗാന്ധിജിയുടെ നോട്ടം വശത്തേയ്ക്കായെന്നും ശിൽപി പരിതപിച്ചു. തെറ്റു പറ്റിയെന്നു പൂർണ മനസോടെ ജയരാജൻ ഏറ്റുപറയുന്നു. ഇതു സമയദോഷത്തിന്റേതാണ്. ശിൽപത്തിനായി പണിയെടുത്തവരുടെ കുടുംബങ്ങളും നിരാശയിലാണ്. പ്രശ്‌നത്തിനു പോംവഴിയെന്ന നിലയിൽ പുതിയ ശിൽപം നിർമ്മിക്കുകയാണ്. രണ്ടാഴ്ചക്കകം പുതിയ ഗാന്ധി പ്രതിമ പൂർത്തിയാക്കുമെന്നും അത് നല്ലതാണെന്ന അഭിപ്രായം ഉണ്ടായാൽ മാത്രമേ സ്ഥാപിക്കുകയുള്ളൂവെന്നും ഇപ്പോൾ അതീവ ദുഃഖത്തിലാണെന്നും ജയരാജ് കൃഷ്ണൻ പറഞ്ഞു.
ഇനിയാണ് പിന്നാമ്പുറകഥയുടെ ചുരുളഴിയുന്നത്. യു. ഡി. എഫാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും സി. പി. എം നേതാവ് ഉൾപ്പെടെയുള്ള ഭരണസിൻഡിക്കേറ്റിന്റെ കുബുദ്ധിയിൽ വിരിഞ്ഞതാണ് ഗാന്ധിപ്രതിമ. മിനിസ്റ്റാൻഡായി അറിയപ്പെടുന്ന സ്ഥലം ഉൾപ്പെടെയുള്ള രണ്ടേക്കറോളം ഭൂമി ഏതാണ്ട് ഇരുപതുകൊല്ലം മുമ്പ് വിലകൊടുത്തു വാങ്ങിയതാണ്. കെ. എസ്. ആർ. ടി. സിയുടെ ഓപ്പറേറ്റിങ് സ്റ്റേഷൻ സ്ഥാപിക്കാനായി ഈ സ്ഥലം നിശ്ചയിക്കുകയും ചെയ്തു. അടിമാലിയിലെത്തുന്ന ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടു മിനി സ്റ്റാൻഡിലെത്തി പോകണമെന്നു ഏഴു വർഷം മുമ്പ് തീരുമാനമുണ്ടായെങ്കിലും ഇത് അട്ടിമറിക്കപ്പെട്ടു. അണിയറയിലെ ചരടുവലികളായിരുന്നു കാരണം. ഈ സ്ഥലം മിനി സ്റ്റാൻഡോ, കെ. എസ്. ആർ. ടി സ്റ്റാൻഡോ ആയി മാറിയാൽ പുതിയൊരു ബസ് സ്റ്റാൻഡ് നിർമ്മാണം എന്ന ചിലരുടെ ആഗ്രഹം സഫലമാകില്ല.
കെ. എസ്. ആർ. ടി. സി സ്റ്റാൻഡിനായി ടൗണിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലെവിടെയെങ്കിലും ഭൂമി ഏറ്റെടുക്കാമെന്നും അങ്ങനെ ചെയ്യുന്നതിന് മുന്നോടിയായി ആ സ്ഥലത്തിനു ചുറ്റുമുള്ള ഭൂമി മുൻകൂറായി ചുളുവിലയ്ക്ക് വാങ്ങി അവിടെ കെട്ടിടങ്ങളും മറ്റും നിർമ്മിച്ച് കോടികളുടെ നേട്ടമുണ്ടാക്കാമെന്നും സി. പി. എം നേതാവ് ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് പഞ്ചായത്ത് സമിതി അംഗങ്ങൾക്കിടയിൽ ധാരണയുണ്ടാക്കി. പക്ഷേ തടസമായി മിനി സ്റ്റാൻഡ് സ്ഥിതിചെയ്യുകയാണ്. കവാടത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിച്ച് ഇരുവശത്തും ഓരോ കെട്ടിടങ്ങളും പണിത് മിനി സ്റ്റാൻഡെന്ന പേര് മാറ്റി ഷോപ്പിങ് സൈറ്റ് ആക്കി മാറ്റുകയെന്ന തന്ത്രമാണ് ഇവിടെ പയറ്റിയത്. ഇതിനായി ഗാന്ധിപ്രതിമ വേഗത്തിൽ ഉണ്ടാക്കി സ്ഥാപിക്കുകയും കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതേസമയം ബസ് സ്റ്റാൻഡിനായുള്ള സ്ഥലത്തിനായി അന്വേഷണവും തുടങ്ങി. ഇതോടെ സി. പി. എം നേതാവിന്റെ എതിർ ചേരിയിലുള്ള ലോക്കൽ സെക്രട്ടറിയുള്ളവർ സംഭവം മണത്തറിഞ്ഞു. ഗാന്ധിയെ സാക്ഷി നിർത്തി കോടികൾ ഉണ്ടാക്കാനുള്ള തന്ത്രം പൊളിക്കാൻ അവർ രംഗത്തിറങ്ങി. ഒരു വിഭാഗം സി. പി. എം നേതാക്കളുടെ എതിർപ്പ് ശക്തമായി ഉയർന്നതോടെ കെട്ടിട നിർമ്മാണം നിലച്ചിരിക്കുകയാണിപ്പോൾ. ഗാന്ധിജിയുടെ പ്രതിമ വരുന്നതും കാത്തിരിക്കുകയാണ് നാട്ടുകാരിപ്പോൾ.