അടിമാലി: താലൂക്ക് ആശുപത്രിയിൽ മാലന്യം കത്തിക്കുന്നത് പ്രസവ വാർഡിന് മുൻപിൽ. ഇതുമൂലം നവജാത ശിശുക്കൾക്ക് ഗുരുതരരോഗബാധയേൽക്കാൻ സാധ്യത്.ആശുപത്രി വികസന സമിതി ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാട്ടുന്നുവെന്നാണ് ആക്ഷേപം.

താലൂക്ക് ആശുപത്രിയുടെ പിൻവശത്താണ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും, ഓപ്പറേഷൻ തിയേറ്ററും.ഇതിന് സമീപത്താണ് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലും. ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ ഈ മാലിന്യ കുമ്പാരം കത്തി പുകയും.എന്നാൽ ഇത് പൂർണ്ണമായും കത്തി പൂർത്തിയാകാത്തതിനാൽ 24 മണിക്കൂറും ഇവിടെ മാലിന്യം നിറഞ്ഞ പുകയാണ്.

പൂകയുടെ ദുർഗന്ധം പ്രസവ വാർഡിലും പരിസര പ്രദേശത്തും മുഴുവൻ സമയത്തും നിലനിൽക്കും.രണ്ട് വർഷം മുൻപ് സ്ഥാപിച്ച പുതിയ ഓപ്പറേഷൻ തിയറ്ററിൽ രണ്ട് തവണ അണുബാധ ഉണ്ടായി.മാസങ്ങളോളം തിയേറ്റർ അടച്ചിട്ടശേഷമാണ് പ്രവർത്തനം പുനഃരാരംഭിച്ചത്.എന്നാൽ ഈ മാലിന്യം കത്തിക്കുന്നത് ഇവിടെ നിന്നും മാറ്റുവാൻ നിരവധി തവണ നിർദ്ദേശം വന്നതാണ്. സ്ഥിതി അതിസങ്കീർണ്ണമായിട്ടും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഇതുവരെ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

പകൽ മുഴുവനും പ്രസവ വാർഡിലും ആശുപത്രി പരിസരത്തും പുക പടലങ്ങളാണ്.ഇത് മൂലം ഈ ആശുപത്രിയിൽ പിറക്കുന്ന വനജാത ശിശുക്കൾ നിരവധി രോഗത്തിന് അടിമയായാണ് ഇവിടെ നിന്നും പോകുന്നത്.രാവിലെ മുതൽ സ്‌കാനിംങ് സെന്ററിൽ എത്തുന്നവർക്കും ഈ ദുരാവസ്ഥ നേരിടണം. അടിയന്തരമായി ഇക്കാര്യം പരിഹരിച്ചില്ലങ്കിൽ നവജാത ശിശുക്കളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയുണ്ടെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.