അടൂർ: പട്ടാളമെന്ന ലാൽജോസ് സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്: 'ഇങ്ങനെയാണെങ്കിൽ അതിർത്തിയിലെ ഇന്ത്യൻ പട്ടാളക്കാരെ ഓടിക്കാൻ പാക്കിസ്ഥാൻകാർ പശുവിനെ അഴിച്ചു വിട്ടാൽ മതിയല്ലോ.' ഏതാണ്ടിതേ അവസ്ഥ തന്നെയാണ് അടൂരിലെ എക്‌സൈസിനും പറ്റിയത്. വ്യാജച്ചാരായ നിർമ്മാണം പിടികൂടാനെത്തിയ എക്‌സൈസ് പ്രതിയെ കൈയോടെ പിടിച്ചു. തൊണ്ടി പിടിക്കാനെത്തിയപ്പോഴല്ലേ രസം. അതിനു മുകളിൽ രാജകീയഭാവത്തിൽ ഇങ്ങനെ കിടക്കുകയാണ് തടിച്ചു കൊഴുത്ത മുട്ടൻ നാടൻ പട്ടി. യൂണിഫോം കണ്ടാൽ പട്ടി ഭയക്കുമെന്നു കരുതിയ എക്‌സൈസുകാർക്ക് തെറ്റി. ഒറ്റ ഒരെണ്ണത്തിനെ അടുക്കാൻ സമ്മതിച്ചില്ല. വടിയെടുത്തു, കല്ലെടുത്തെറിഞ്ഞു, ഭീഷണിപ്പെടുത്തി നോക്കി...അങ്ങനെ സമയം ഒന്നരമണിക്കൂർ പിന്നിട്ടു. ഒടുക്കം കിട്ടിയ അഞ്ചു കുപ്പി വ്യാജവിദേശമദ്യവും പ്രതിയുമായി എക്‌സൈസുകാർ മടങ്ങി.

ബുധനാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നതു വരെ സംഭവം പുറത്ത് ആരുമറിഞ്ഞില്ല. മുണ്ടപ്പള്ളി രാജീവ് ഭവനിൽ രാജുവിന്റെ വീട്ടിലാണ് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. സ്വയം കുഴിച്ച കുഴിയിൽ രാജു വീണു എന്നു വേണം പറയാൻ. രാജുവിന്റെ ഭാര്യ അയൽപക്കത്തെ യുവാവുമായി മുട്ടൻ ചീത്തവിളി നടത്തിയതാണ് റെയ്ഡിന് കാരണമായത്. പ്രകോപിതനായ യുവാവ് എക്‌സൈസിനെ വിവരം അറിയിച്ചു. വീട്ടിൽ വ്യാജവിദേശമദ്യ നിർമ്മാണം നടക്കുന്നുണ്ട്. കവർ ചാരായമുണ്ടാക്കി പുറത്ത് ഒരിടത്ത് കുഴിച്ചിട്ടിട്ടുണ്ട്. അതിന് മുകളിൽ വളത്തുനായയെയും കെട്ടിയിട്ടുണ്ട്.

രാജുവിൽ നിന്ന് പടി വാങ്ങുന്നവരാണ് എക്‌സൈസുകാർ. എന്നു കരുതി നാട്ടുകാരിൽ ഒരാൾ പരാതി പറയുമ്പോൾ ചെന്നില്ലെങ്കിൽ പണി കിട്ടും. പ്രത്യേകിച്ചും അടൂരിൽ എക്‌സൈസുകാരുടെ മുഖം നഷ്ടമായിരിക്കുന്ന നിലയ്ക്ക്. അങ്ങനെയാണ് ഇൻസ്‌പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം ചെന്നത്. ചെന്നപ്പോഴേ രാജുവിനെയും അഞ്ചുകുപ്പി വ്യാജവിദേശമദ്യവും കസ്റ്റഡിയിൽ എടുത്തു. ഇനി പ്രധാന തൊണ്ടിയായ കവർ ചാരായം എടുക്കണം. ഇൻഫോർമർ നൽകിയ വിവരം അനുസരിച്ച് പട്ടിയെ കെട്ടിയിരിക്കുന്ന സ്ഥലത്തെത്തി. അപ്പോഴല്ലേ രസം. പട്ടി ഒരു കാരണവശാലും അടുപ്പിക്കുന്നില്ല. രാജുവിനോട് പട്ടിയെ വിലക്കാൻ പറഞ്ഞു. അയാൾ വിലക്കുമോ? എക്‌സൈസുകാർ അടുക്കുമ്പോൾ പട്ടി ഭീകരമായി മുരണ്ടു കൊണ്ട് പാഞ്ഞടുക്കും. ചാരായം സംരക്ഷിക്കാൻ പട്ടിക്ക് പ്രത്യേക പരിശീലനം രാജു നൽകിയിരുന്നു.

പട്ടിയെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ ഒന്നരമണിക്കൂർ നിന്നു. പിന്നെ തൊണ്ടി ഉപേക്ഷിച്ചു പ്രതിയുമായി പോയി. എക്‌സൈസ് പോയ പിന്നാലെ വീട്ടിലുള്ള സ്ത്രീകൾ അടക്കം കവർ ചാരായം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. രാജു മുമ്പും വിവിധ കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പറയുന്നു. ഈ ഭാഗത്ത് മിക്ക വീടുകളിലും വ്യാജമദ്യ വിൽപ്പനയും വിപണനവും ഉണ്ട്. തൊട്ടടുത്ത് വയൽ ആയതിനാൽ അവിടെയാണ് കുഴിച്ചിടുക പതിവ്. എന്തായാലും ചമ്മിയാണ് എക്‌സൈസുകാർ മടങ്ങിയത്. വിവരം പുറത്താരും അറിഞ്ഞില്ലെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് ഇന്നലെ നാടു മുഴുവൻ പരന്നത്.