പത്തനംതിട്ട: കടമ്പനാട് പീഡനക്കേസിൽ അടൂർ ഡിവൈ.എസ്‌പിക്ക് എ. നസീമിനു പണി കിട്ടിയത് അമിതമായ കോൺഗ്രസ് വിധേയത്വം മൂലം. പിടിയിലായ പ്രതികളിൽ ഒരാളെ നസിം ഇടപെട്ട് ഒഴിവാക്കിയത് കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഉന്നതരുടെ നിർദേശത്തെ തുടർന്നായിരുന്നു.

സംഭവം വിവാദമായതോടെ ഐ ഗ്രൂപ്പ് നേതാക്കൾ കൈകഴുകി. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിൽ ഐ ഗ്രൂപ്പുകാരനായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് നസീമിനെ മാറ്റി പകരം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി എസ്. റഫീഖിനെ നിയമിക്കാൻ ആവശ്യപ്പെട്ടത്. കൊച്ചിയിൽ അസി. കമ്മിഷണറായിരിക്കേ ഗുണ്ടാ പ്രവർത്തനത്തിന് നേതൃത്വം നൽകിയെന്ന ആരോപണം ഉയർന്ന ഉദ്യോഗസ്ഥനാണ് റഫീഖ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്.

പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നവർ മുഴുവൻ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകരാണ്. യൂത്ത് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറി രതീഷാണ് കേസിലെ മുഖ്യപ്രതി. ഇയാൾ ഐ ഗ്രൂപ്പ് പ്രവർത്തകനാണ്. ഇയാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന പ്രമോദും ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു. ഇവരെ രണ്ടു പേരെയും ഒന്നിച്ച് അറസ്റ്റ് ചെയ്താൽ പാർട്ടിക്കുണ്ടാകുന്ന ക്ഷീണം കണക്കിലെടുത്താണ് പ്രമോദിനെ ഒഴിവാക്കിയത്.

പെൺകുട്ടികളുടെ മൊഴിയിൽ പ്രമോദിനെതിരേ പരാമർശം ഇല്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. യഥാർഥത്തിൽ പെൺകുട്ടികൾ ഇയാൾക്കെതിരേ മൊഴി നൽകിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള ചുമതല അടൂർ ഡിവൈ.എസ്‌പിക്കാണ് കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വം നൽകിയിരുന്നത്. തന്റെ അധികാരപരിധി അല്ലാതിരുന്നിട്ടു കൂടി ശൂരനാട് സ്റ്റേഷൻ പരിധിയിലെ കേസിൽ ഡിവൈ.എസ്‌പി ഇടപെടുകയായിരുന്നു. സംഭവം മാദ്ധ്യമങ്ങൾ വിവാദമാക്കിയതോടെ സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും പുതിയ അന്വേഷണസംഘം പ്രഖ്യാപിക്കുകയുമായിരുന്നു.

തീവ്രവാദികളെ കൊണ്ടു വരുന്നതു പോലെയായിരുന്നു പ്രതികളെ അന്ന് പൊലീസ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത്. എല്ലാവരുടെയും മുഖം മൂടിയിരുന്നതിനാൽ മാദ്ധ്യമങ്ങൾക്ക് ചിത്രം പകർത്താൻ കഴിഞ്ഞില്ല. ചില പൊലീസുകാർ ഫോണിലെടുത്ത് വാട്‌സാപിലൂടെ കൈമാറിയ ചിത്രങ്ങളാണ് മാദ്ധ്യമങ്ങൾക്ക് കിട്ടിയത്. നേരത്തേ പത്തനംതിട്ട എസ്.എസ്.ബി ഡിവൈ.എസ്‌പിയായിരുന്ന എ. നസിം മികച്ച ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കോഡുള്ളയാളാണ്. നിയമത്തിൽ മാസ്റ്റർ ബിരുദം, ജേർണലിസം എന്നിവയുള്ള ഇദ്ദേഹം പൊലീസുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി നാലോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഈ സർക്കാർ വന്നതിന് ശേഷം കോൺഗ്രസിലെ ഐ ഗ്രൂപ്പ് നേതാവ് മുഖേനയാണ് അടൂരിൽ ഡിവൈ.എസ്‌പിയായി എത്തിയത്. അന്നു മുതൽ വിവാദം പിന്തുടരുകയാണ്. എൽ.ഡി.എഫ് ഇദ്ദേഹത്തിനെതിരായിരുന്നു. എ.ഐ.വൈ.എഫ് പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ ചിറ്റയം ഗോപകുമാർ എംഎൽഎ സ്റ്റേഷനിൽ കുത്തിയിരുപ്പ് നടത്തിയിട്ടുണ്ട്. കോന്നി പെൺകുട്ടികളുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ അന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു.

കെ. പി.സി.സി സെക്രട്ടറി പഴകുളം മധു ഇടപെട്ടാണ് ഇവിടെ വീണ്ടും ഉറപ്പിച്ചു നിർത്തിയിരുന്നത്. ഇത്തവണയും നടപടി ഒഴിവാക്കാൻ മധു ഇടപെട്ടിരുന്നു. സർക്കാരിന് നിൽക്കക്കള്ളിയില്ലാതെ വന്നതോടെയാണ് സ്ഥലം മാറ്റിയത്.