പത്തനംതിട്ട: അടൂരിൽ നിന്ന് മറ്റൊരു എക്‌സൈസ്-സ്പിരിറ്റ് മാഫിയ കഥകൂടി. ഇക്കുറി ഇടനിലക്കാരായി കോൺഗസ് നേതാക്കൾ കൂടിയുണ്ടെന്ന് മാത്രം.

ആരെയും പേടിക്കാതെ, സ്പിരിറ്റ് ഇറക്കി വീട്ടിൽ കൊണ്ടു വന്ന് കളർ ചേർത്ത് മദ്യം ഉൽപാദിപ്പിച്ച് ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വിൽപന നടത്തിയിരുന്ന മുണ്ടപ്പള്ളി അരവിന്ദ് ഭവനത്തിൽ അശോകൻ (50), ഭാര്യ ആശ (40) എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്ഥലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ഇടനില നിന്ന് എക്‌സൈസിന് കൈമാറിയത്. കഴിഞ്ഞ ആറിനാണ് വീട്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത വിദേശ മദ്യ നിർമ്മാണ ബോട്ടിലിങ് യൂണിറ്റ് ആലപ്പുഴയിൽ നിന്ന് എത്തിയ എക്‌സൈസ് സംഘം പിടികൂടിയത്.

147 ലിറ്റർ വ്യാജമദ്യവും സ്പിരിറ്റ് കളർ ചേർക്കുന്നതിനുള്ള കാരാമൽ, 54 കാലിക്കുപ്പികൾ, 166 വ്യാജ ലേബലുകൾ, ബോട്ടിലിങ് യന്ത്രം, 35 ലിറ്റർ കൊള്ളുന്ന അഞ്ച് കാലിക്കന്നാസുകൾ, 200 ലിറ്ററിന്റെ രണ്ടു വലിയ ബാരലുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. തയാറാക്കിയ വ്യാജമദ്യം റംബ  ഡി ത്രിബിൾ എക്‌സ് റം' എന്ന പേരിലാണ് വിറ്റഴിച്ചിരുന്നത്. ലിറ്ററിന് 400 രൂപയ്ക്കാണ് വിറ്റിരുന്നത്. ബാച്ച് നമ്പർ, ബ്രാൻഡ് നമ്പർ, കണ്ടന്റ് ഡീറ്റൈയിൽസ് എന്നിവയും ലേബലിൽ ഉൾക്കൊള്ളിച്ചിരുന്നു.

അടൂർ എക്‌സൈസിനെ ഒഴിവാക്കി ആലപ്പുഴ എക്‌സൈസ് സ്‌പെഷൽ സ്്ക്വാഡ് സിഐ എസ് രാജൻബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടുകാർ കുപ്പികളിൽ ലേബൽ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് എക്‌സൈസ് എത്തിയത്. ഇതു കണ്ട് അശോകനും ഭാര്യ ആശയും ഓടി രക്ഷപ്പെട്ടു. 17 വയസുള്ള മകനെ മാത്രം കസ്റ്റഡിയിൽ കിട്ടി.

ഇതിന് ശേഷം ഒളിവിലായവരെ സഹായിച്ചിരുന്നത് സ്ഥലത്തെ കോൺഗ്രസ് നേതാക്കളായിരുന്നു. സമീപകാലത്തെ സംഭവങ്ങളുടെ പേരിൽ മാനം പോയി നിൽക്കുന്ന അടൂർ എക്‌സൈസ് ഇതോടെ സമാധാനചർച്ചയ്ക്ക് തയാറായി. ചെന്നൈയിലേക്ക് പോകാൻ തയാറായി നിന്ന പ്രതികളെ കോൺഗ്രസിന്റെ ചില നേതാക്കൾ ഇടപെട്ട് എക്‌സൈസ് സംഘത്തിന് കൈമാറി. ബുധനാഴ്ച പുലർച്ചെ എക്‌സൈസിന്റെ കസ്റ്റഡിയിൽ ദമ്പതികളെ കിട്ടിയെങ്കിലും വിവരം മാദ്ധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചു. അന്ന് രാത്രിയിൽ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കി.

വിവരമറിഞ്ഞ് മാദ്ധ്യമപ്രവർത്തകർ അവിടെ എത്തിയെങ്കിലും ഫോട്ടോയെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കുമേർപ്പെടുത്തി. തലമൂടിയാണ് പ്രതികളെ ഇവിടേക്ക് കൊണ്ടുവന്നതും കൊണ്ടുപോയതും. എന്നാൽ, മാദ്ധ്യമപ്രവർത്തകർ പ്രതികളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ തപ്പിയെടുത്ത് വാർത്തയാക്കി. തുടർന്ന് എക്‌സൈസ് സംഘം മാദ്ധ്യമങ്ങളോട് പറഞ്ഞതൊക്കെയും നിറം പിടിപ്പിച്ച നുണകളായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതികളെ തങ്ങൾ ബുദ്ധിപൂർവം കുരുക്കിയതായിട്ടായിരുന്നു കഥകൾ. പത്രങ്ങളിൽ പിറ്റേന്ന് ഈ വാർത്ത വന്നപ്പോഴാണ് യഥാർഥ കഥ നാട്ടുകാർ പറഞ്ഞത്. ഇതോടെ ചില സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്.

  • സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ