വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നീലച്ചിത്ര നടിയും രംഗത്ത്. അവാർഡ് ജോതാവായ നടി ജെസീക്ക ഡ്രാക്കേയാണ് ട്രംപ് മോശമായി പെരുമാറിയെന്നും 10,000 ഡോളർ വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപുമായുള്ള ചിത്രങ്ങളും ഇവർ മാദ്ധ്യമങ്ങക്ക് നൽകി. ലോസ്ആഞ്ചലസിൽ നടന്ന പരിപാടിക്കിടെയാണ് ട്രംപിനെതിരെ ജെസീക്ക ആരോപണവുമായി എത്തിയത്.

പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്. തുടർന്ന് അദ്ദേഹം മുറിയിലേക്ക് ക്ഷണിക്കുകയും അനുമതിയില്ലാതെ ചുംബിക്കുകയുമായിരുന്നുവെന്നും പണം വാഗ്ദാനം ചെയ്ത് രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ് ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യപ്പെട്ടുവെന്നും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാണെന്ന് പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറഞ്ഞു. ഒരിക്കൽ കൂടി ട്രംപിന്റെ ക്ഷണവും ഓഫറും നിഷേധിച്ച് ലോസ്ആഞ്ചലസിലേക്ക് തിരിച്ചു പോവുകയാണ് ചെയ്തതെന്നും ജെസീക്ക വെളിപ്പെടുത്തി.

സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്‌സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് ട്രംപും രംഗത്ത് എത്തിയിരിക്കുകയാണ്. ലൈംഗികാരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഉയരുന്ന ആരോപണങ്ങൾ, തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ്. ആരോപണങ്ങൾ പൂർണമായും കെട്ടിച്ചമച്ചതാണെന്നും ഗെറ്റിസ്ബർഗിൽ റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ ട്രംപ് പറഞ്ഞു.

തനിക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങൾ മാദ്ധ്യമങ്ങൾ ആഘോഷമാക്കുകയാണ്. ഇത്തരം വസ്തുതാവിരുദ്ധമായ പ്രസ്താവനകളും ആരോപണങ്ങളും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ഫലം വരുമ്പോൾ തനിക്കെതിരെ ആരോപണമുന്നയിച്ചവർ തലകുനിക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു.

പോൺസ്റ്റാർ ജെസീക്ക ഡ്രെയ്ക്ക് ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്തോളം വനിതകളാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.