കണ്ണൂർ: സ്വത്ത് തട്ടിപ്പ് കേസിലെ പ്രതി അഡ്വ കെ.വി ഷൈലജ സ്വന്തം സഹോദരി കെ.വി. ജാനകിയേയും അപായപ്പെടുത്താൻ പദ്ധതിയിട്ടതായി സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എംപി. ആസാദിന്റെ ചോദ്യം ചെയ്യലിലാണ് ഇത്തരം ഒരു നീക്കവും ഷൈലജ നടത്തിയതായി വിവരം ലഭിച്ചത്.

2012 ൽ ജാനകിയുടെ പേരിൽ തളിപ്പറമ്പ സബ് രജിസ്ട്രാർ ഓഫീസിൽ വിൽപ്പത്രം രജിസ്ട്രർ ചെയ്തിരുന്നു. അതു പ്രകാരം ഡോ.പി. കുഞ്ഞമ്പുവിന്റെ മകൻ ബാലകൃഷ്ണന്റെ സ്വത്തുക്കൾ ജാനകിയുടെ മരണശേഷം സഹോദരിയായ ഷൈലജയ്ക്ക് ലഭിക്കും. റിട്ടയേർഡ് സഹകരണ ഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്തുക്കൾ ജാനകിയുടെ പേരിലാവുകയും അവരെ ഇല്ലാതാക്കി ആ സ്വത്തുക്കൾ വേഗത്തിൽ തന്നെ സ്വന്തമാക്കാനുമായിരുന്നു ഷൈലജയുടെ പ്ലാൻ.

വ്യാജരേഖകൾ ഉണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച ഷൈലജയ്ക്ക് കോടീശ്വരിയാവാനുള്ള അത്യാർത്തിയിൽ സ്വന്തമെന്നോ ബന്ധമെന്നോ നോക്കാതെ കുറ്റങ്ങൾ ചെയ്യാൻ അറപ്പില്ലായിരുന്നു. കുഞ്ഞമ്പു ഡോക്ടറിന്റെ മകൻ കേസ് ആവശ്യത്തിനായി സീനിയർ അഭിഭാഷകന് നൽകിയ രേഖകൾ തന്ത്ര പൂർവ്വം കൈക്കലാക്കിയാണ് ഷൈലജ എല്ലാ ക്രൃത്രിമങ്ങളും ചെയ്തത്. ബാലകൃഷ്ണന്റെ ഭൂസ്വത്തുക്കളുടെ സർവ്വേ നമ്പറുകൾ, ഭൂമിയുടെ കിടപ്പ്, എന്നിവയെല്ലാം കൃത്യമായി തന്നെ വിൽ പത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. ദീർഘ കാലത്തെ ആസൂത്രണവും ഇതിനുവേണ്ടി നടത്തിയിട്ടുണ്ട്. ഷൈലജയുമായി ബന്ധപ്പെട്ട മറ്റ് ചില അഭിഭാഷകരുടെ പിൻതുണയും ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിവ്. തിരുവനന്തപുരത്തെ സർക്കാർ പ്രസ്സിലുള്ള ഒരു ജീവനക്കാരനും ഷൈലജയെ കൃത്രിമ രേഖകൾ സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ട്.

ബാലകൃഷ്ണന്റേയും ജാനകിയുടേയും വിവാഹ ഫോട്ടോ എന്ന നിലയിൽ പിൻതുടർച്ചാവകാശത്തിനായി വിവിധ ഓഫീസുകളിൽ സമർപ്പിച്ച ഫോട്ടോ തിരുവനന്തപുരം പേട്ടയിലെ ബാലകൃഷ്ണന്റെ വീട്ടിൽ നിന്നും എടുത്തതാണെന്ന് ഷൈലജ തന്നെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണം നടന്ന് മൃതദേഹം സംസ്‌ക്കരിച്ച ശേഷം അടുത്ത ദിവസം തന്നെ അഡ്വ.ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും പേട്ടയിലെ വീട് തുറന്ന് പരിശോധന നടത്തിയിരുന്നതായി പൊലീസിന് തെളിഞ്ഞിട്ടുണ്ട്. ബാലകൃഷ്ണൻ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾ സഹപ്രവർത്തകർക്കൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോ ഷൈലജ പെട്ടിയിൽ നിന്നും തട്ടിയെടുത്തിരുന്നു. ഇതിൽ നിന്നും പകർത്തിയാണ് ബാലകൃഷ്ണന്റെ തനിച്ചുള്ള ഫോട്ടോ തയ്യാറാക്കിയത്.

ബാലകൃഷ്ണന്റെ ഫോട്ടോയും സഹോദരി ജാനകിയുടെ ഫോട്ടോയും ചേർത്താണ് ഇവരുടെ വിവാഹം കഴിഞ്ഞിരുന്നതായുള്ള ഫോട്ടോ ഒപ്പിച്ചെടുത്തത്. പയ്യന്നൂർ നഗരസഭാ ഓഫീസിലും പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ തട്ടിയെടുക്കാൻ ബന്ധപ്പെട്ട ഓഫീസുകളിലും ഇതിന്റെ പകർപ്പുകളാണ് ഉപയോഗിച്ചത്. 2010 ന് ശേഷമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഫോട്ടോയാണിതെന്ന് വ്യക്തമായിട്ടുണ്ട്. അത് തെളിയിക്കുന്നതിനായി ഫോറൻസിക് ലാബിലേക്ക് ഫോട്ടോ പൊലീസ് അയച്ചിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിൽ എട്ട് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇന്നലെ ഉച്ച തിരിഞ്ഞ് ഷൈലജയേയും ഭർത്താവ് കൃഷ്ണകുമാറിനേയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കി.