ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾനാശം സംഭവിക്കുന്നത് റോഡുകളിലാണ്. മരിക്കുന്നതിനേക്കാൾ ഏത്രയോ ഇരട്ടി മാരകമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ കിടന്ന കിടപ്പിൽത്തന്നെയാകുന്നു. റോഡിലെ ഈ കൂട്ടക്കുരുതിക്ക് അന്ത്യം കുറിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. 2022 മുതൽ എല്ലാ പുതിയ കാറുകളിലും ബസുകളിലും ലോറികളും ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനം ഏർപ്പെടുത്തണമെന്ന കർശന നിർദ്ദേശമാണ ്‌കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്.

സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാലോ എന്തെങ്കിലും വസ്തുക്കൾ വാഹനത്തിന്റെ നിശ്ചിത അകലത്തിൽ വന്നുപെട്ടാലോ തനിയെ ബ്രേക്ക് ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) വാഹനങ്ങളിൽ നിർബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗ്ഡ്കരി വ്യക്തമാക്കി. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡാസ്. വാഹനം എത്ര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ മുതലാണ് എമർജൻസി ബ്രേക്ക് ആക്ടിവേറ്റ് ചെയ്യേണ്ടതെന്നത് ഉടൻ പഠിച്ച് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ചാകും വാഹനങ്ങൾ നിർമ്മിക്കുക. 

വാഹനനിർമ്മാതാക്കൾ ഉൾപ്പെടെ മേഖലയിലെ ബന്ധപ്പെട്ട കക്ഷികളുമായി ഒരുതവണ ഗതാഗത മന്ത്രാലയം ചർച്ച നടത്തി. ചില പാശ്ചാത്യ രാജ്യങ്ങളിൽ 2021 മുതൽക്ക് ഈ സംവിധാനം നിർബന്ധമാക്കുന്നുണ്ട്. അതേ മാതൃക പിന്തുടരാനാണ് ഇന്ത്യയുടെയും തീരുമാനം. നിലവിൽ വോൾവോയുടെയും മേഴ്‌സിഡസ് ബെൻസിന്റെയും വാഹനങ്ങളിൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ബ്രേക്കിങ്, ലെയ്ൻ കീപ്പിങ് അസിസ്റ്റൻസ് തുടങ്ങിയ സംവിധാനങ്ങളുപയോഗിക്കുന്നുണ്ട്.

വാഹനം ഓടിക്കൊണ്ടിരിക്കെ മറിയാനും നിയന്ത്രണം വിടാനുമുള്ള സാധ്യത ഇല്ലാതാക്കുന്നാണ് ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ. സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമായെന്ന് മനസ്സിലായാൽ, വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുകയും ബ്രേക്ക് ചെയ്ത് വാഹനം നേർദിശയിലാക്കുകയും ചെയ്യും. സമാനമായ രീതിയിൽ വാഹനത്തിന് മുന്നിൽ എന്തെങ്കിലും വസതുക്കൾ നിശ്ചിത അകലത്തിൽ വന്നുപെട്ടാൽ ഓട്ടോമാറ്റിക് ആയി വാഹനം ബ്രേക്ക് ചെയ്യുന്നതാണ് ഓട്ടണോമസ് ബ്രേക്കിങ് സിസ്റ്റം.

ഇന്ത്യയിലെ വാഹനാപകടങ്ങളിൽ 80 ശതമാനത്തോളം മനുഷ്യരുടെ തെറ്റുകളിൽനിന്നാണെന്നാണ് കണക്കാക്കുന്നത്. അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കൽ, ഫോൺ ചെയ്തുകൊണ്ട് വാഹനമോടിക്കൽ, ഉറങ്ങിപ്പോകൽ തുടങ്ങിയവ അപകടങ്ങൾ കൂട്ടുന്നു. ഇത്തരം ഘട്ടങ്ങളിൽപ്പോലും അപകടരഹിതമായി വാഹനം സ്വയം നിയന്തിക്കുന്ന സംവിധാനമാണ് അഡാസ്.