- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി കേസുകൾ രശ്മിതയ്ക്ക് തുണയായി; ബിനോയ് വിശ്വത്തിന്റെ മകൾക്കൊപ്പം മന്ത്രി വീണാ ജോർജിന്റെ സഹോദരിക്കും ഇനി സർക്കാർ അഭിഭാഷക; ലക്ഷ്മി നായരുടെ സഹോദരനും പട്ടികയിൽ; വേണ്ടപ്പെട്ടവർക്കെല്ലാം നിയമനം; ജിപി പട്ടികയിൽ ഇഷ്ടക്കാരുടെ കൂട്ടം
കൊച്ചി: പരീക്ഷണം മന്ത്രിമാരിൽ മാത്രം. ഇതിലൂടെ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ പൊതുമരാമത്ത് മുതിർന്ന മന്ത്രിമാർക്ക് കൊടുക്കേണ്ടി വരുമായിരുന്നു. അഭിഭാഷക നിയമനത്തിൽ ഈ പരീക്ഷണം വേണ്ട. ഇതിനൊപ്പം ബന്ധുക്കൾക്കും കോളടിച്ചു.
നിലവിലുള്ള സർക്കാർ അഭിഭാഷകരിൽ മൂന്നിലൊന്നുപേരെ നിലനിർത്തിയാണ് രണ്ടാം പിണറായി സർക്കാർ ഹൈക്കോടതിയിലെ അഭിഭാഷകരെ നിയമിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും പട്ടികയിലുണ്ട്. സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിക്കും സ്ഥാനം കിട്ടി. ഇതിനൊപ്പം ലോ അക്കാഡമിയിലെ ലക്ഷ്മി നായരുടെ സഹോദരൻ നാഗരാജനും പദവിയുണ്ട്.
രാജ്യസഭാംഗം കൂടിയായ ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയെ സീനിയർ ഗവ. പ്ലീഡറാക്കി ഉയർത്തുകയും ചെയ്തു. പുതുതായി ജി.പി. മാരായി നിയമിക്കപ്പെട്ടവരിൽ ചിലർ ഹൈക്കോടതിയിൽത്തന്നെ പുതുമുഖങ്ങളാണ്. രണ്ടുതവണയിലേറെ സർക്കാർ അഭിഭാഷകരായവരെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ചിലരുടെ കാര്യത്തിൽ ഇളവ് നൽകി. പാർട്ടിയിലെ സ്വാധീനം പ്രധാന മാനദണ്ഡമായി മാറിയെന്ന പരാതി ഉയർന്നിട്ടുണ്ട്.
സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രൻ ഉൾപ്പടെ 52 പേരെയാണ് ഗവർന്മെന്റ് പ്ലീഡർമാരായി നിയമിച്ചത്. സുപ്രീം കോടതിയിൽ സിപിഎം അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, സെഡിഷൻ കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ് . ഡിവൈഎഫ്ഐക്ക് വേണ്ടി റോഹിൻഗ്യ കേസ്, സിഐടിയുവിന് വേണ്ടി ഡൽഹി മിനിമം വേജസ് കേസ്,കിസാൻ സഭയ്ക്ക് വേണ്ടി ആധാർ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീർ പ്രോപ്പർട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രൻ ആയിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷൻ കേസിലും, പെഗസ്സസ് കേസിലും, ലോക്സഭാ എം പി ആരിഫിന് വേണ്ടി എം പി ഫണ്ട് കേസ് ഫയൽ ചെയ്തതും രശ്മിത ആണ്.
സിപിഐ.യുടെ അക്കൗണ്ടിൽ 15 പേരാണ് ഇത്തവണ സർക്കാർ അഭിഭാഷകരായിരിക്കുന്നത്. കഴിഞ്ഞതവണ 17 പേരാണ് സിപിഐ.ക്കുണ്ടായിരുന്നത്. കേരള കോൺഗ്രസ്- 5, എൻ.സി.പി.- 3 എന്നിങ്ങനെയാണ് ജി.പി.മാരുടെ വീതംവെപ്പ്. കേരള കോൺഗ്രസ് ബി വിഭാഗത്തിനായി സീനിയർ ഗവ. പ്ലീഡറുടെ ഒരു തസ്തിക ഒഴിച്ചിട്ടിട്ടുണ്ട്.
20 സ്‌പെഷ്യൽ ഗവ. പ്ലീഡർ, 53 സീനിയർ ഗവ. പ്ലീഡർമാർ, 52 ഗവ. പ്ലീഡർമാർ എന്നിവരെ നിയമിച്ചുകൊണ്ടാണ് ഉത്തരവായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ഇവർ ചുമതലയേക്കും. മൂന്നുവർഷത്തേക്കാണ് നിയമനം. 20 സ്‌പെഷ്യൽ ഗവ. പ്ലീഡർമാരിൽ അഞ്ചുപേർ വനിതകളാണ്.
സ്‌പെഷ്യൽ ഗവ. പ്ലീഡർമാർ
എം.ആർ. ശ്രീലത (ഫിനാൻസ്), സി.ഇ. ഉണ്ണിക്കൃഷ്ണൻ (എ.ജി.യുടെ ഓഫീസ്), പി. സന്തോഷ് കുമാർ (വ്യവസായം), ലത ടി. തങ്കപ്പൻ (എസ്.സി./എസ്.ടി.), എ. രാജേഷ് (വിജിലൻസ്), എം.കെ. റോബിൻരാജ് (എസ്.സി./എസ്.ടി.), ടി.ബി. ഹൂദ് (എ.ജി.യുടെ ഓഫീസ്), എസ്.യു. നാസർ (ക്രിമിനൽ), മുഹമ്മദ് റാഫിക് (നികുതി), പി.പി. താജുദ്ദീൻ (സഹകരണം), കെ.എ. ദീപ (തദ്ദേശസ്ഥാപനം), കെ.ബി. രാമാനന്ദ് (എ.എ.ജി.), എസ്. അംബികാദേവി (സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം), നാഗരാജ് നാരായണൻ (വനം), എം.എൽ. സജീവൻ (റവന്യൂ), എസ്. രഞ്ജിത്ത് (എ.എ.ജി.), എൻ. സുധാദേവി (ഭൂമി ഏറ്റെടുക്കൽ), എം.എച്ച്. ഹനികുമാർ (റവന്യൂ), ടി.പി. സജൻ (വനം), സിറിയക് കുര്യൻ (ഇറിഗേഷൻ).
മറുനാടന് മലയാളി ബ്യൂറോ