കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതിയായ അമീറുൽ ഇസ്ലാമിന് വേണ്ടി വാദിക്കാൻ എത്തിയത് ആളൂർ വക്കീലായിരുന്നു. കേസിൽ സിനിമാ സ്റ്റൈലിൽ വാദം നടത്തിയെങ്കിലും കേസ് തോറ്റുപോയതോടെ കീഴ്‌ക്കോടതികളെ പഴിച്ചു കൊണ്ടാണ് ആളൂർ രംഗത്തെത്തിയത്. പ്രോസിക്യൂഷൻ നിരത്തിയ ശാസ്ത്രീയ തെളിവുകൾക്ക് മുമ്പിലാണ് ആളൂരിന്റെ വാദങ്ങൾ പാളിപ്പോയത്. കോടതി വിധിക്കെതിരെ രൂക്ഷ വിമർശനമാണ് വിധിച്ചത്.

നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്ക്കോടതികൾ. വിധിയിലൂടെ ഇന്ത്യൻ ജനാധിപത്യവും ജുഡീഷ്യറിയും തകർന്നുപോയെന്ന് ബി.എ.ആളൂർ വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഭാഗത്തിന്റെ ഒരു വാദവും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്റെ നാക്കായിട്ട് ഈ കോടതി പ്രവർത്തിച്ചു. സർക്കാരിനെയും പ്രോസിക്യൂഷനെയും പേടിച്ചാണ് കോടതി തീരുമാനമെടുത്തത്. വിധി ജനങ്ങൾക്ക് താത്പര്യമുള്ളതായിരിക്കാമെങ്കിലും നീതി ദേവതയുടെ മുന്നിൽ എല്ലാവരും തുല്യരാണെന്നകാര്യം മറക്കരുതെന്നും ആളൂർ പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ശിക്ഷാ ഇളവിനു വേണ്ടി ആളൂർ വാദിച്ചത് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സിനിമാ സ്്‌റ്റൈലിലായിരുന്നു ആളൂർ വക്കീലിന്റെ വാദങ്ങൾ. ഭഗവത്ഗീത വചനങ്ങളുമായാണ് ആളൂർ വാദിച്ചത്. അസതോമ സദ്ഗമയ, തമസോമ ജ്യോതിർ ഗമയ, മൃത്യോമ അമൃതം ഗമയ എന്ന ഗീതവനം ഉച്ചത്തിൽ ചൊല്ലിയായിരുന്നു ആളൂരിന്റെ സിനിമ സ്‌റ്റൈൽ വാദം. ഒരു സാക്ഷിപോലും ഇല്ലാത്തെ ജിഷ കേസിനെ നിർഭയ കേസുമായി താരതമ്യപ്പെടുത്തരുതെന്നും ആളൂർ പറഞ്ഞു. ഇര നിരായുധ ആണെന്ന് പറയുന്നതിൽ അർത്ഥം ഇല്ല. ഉറങ്ങുമ്പോൾ തലയണക്കടിയിൽ വെട്ടുകത്തിയും, കയ്യിൽ പെൻ ക്യാമറയുമായിയാണ് ഇവർ നടന്നിരുന്നത്. പ്രോസിക്യൂട്ടർ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പറയുന്നത് ശരിയല്ല, ജസ്റ്റിസ്സ് കൃഷ്ണയ്യറെപ്പോലെയുള്ള മഹാന്മാരെല്ലാം വധശിക്ഷയ്ക്ക് എതിരായിരുന്നു. ലോകം മുഴുവനായും ഇന്ന് വധശിക്ഷയെന്ന പ്രാകൃതരീതിയോട് എതിരാണ്.

പലപ്പോഴും വിഷയത്തിൽ നിന്ന് വ്യതിചലിച്ചുപോയതിനെത്തുടർന്ന് ആളൂരിന്റെ വാദത്തിൽ രണ്ടാമതും കോടതി ഇടപെട്ടു. ശിക്ഷ ഇളവ് നൽകുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കാൻ കോടതി ആവശ്യപ്പെട്ടതോടെ ആളൂർ ക്ഷുഭിതനായി. കോടതി അനുവദിക്കുന്നില്ലെങ്കിൽ ഞാൻ ഒന്നും സംസാരിക്കുന്നില്ലെന്ന് പറഞ്ഞു. ഇതോടെ കോടതി വാദം തുടരാൻ അനുമതി നൽകി, പിന്നാലെ പ്രോസിക്യൂട്ടറിന്റെ അന്തിമവാദം ആരംഭിച്ചിരുന്നു.

ജിഷ വധരക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വ. ആളൂർ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2011ലെ സൗമ്യയെന്ന പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായി വെറും ബലാത്സംഗ കേസ് മാത്രമാക്കി ഒതുക്കിയതോടെ ക്രിമിനലുകൾക്ക് വേണ്ടപ്പെട്ട വക്കീലായി ആളൂർ മാറിയിരുന്നു.

മാധ്യമശ്രദ്ധയ്ക്ക് വേണ്ടി മാത്രമായിരുന്നു അഡ്വ. ആളൂർ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുത്തത്. എന്നാൽ ഈ നീക്കങ്ങളെല്ലാം വിചാരണക്കോടതിയിൽ ആളൂർ വക്കീൽ തിരിച്ചുംമറിച്ചും വാദിച്ചെങ്കിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. ഏറെ മാധ്യമവിചാരണ നടന്ന കേസായതിനാൽ മാധ്യമവാർത്തകളും കോടതി വിധിയെ സ്വാധീനിച്ചിരുന്നു. എന്നാൽ സൂപ്രീംകോടതിയിൽ എത്തിതോടെ കഥമാറി. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് ഊഹം മാത്രമാണെന്ന വാദിച്ചു ആളൂർ. ഇതോടെ വധശിക്ഷയിൽ നിന്നും ഗോവിന്ദച്ചാമിയെ ഒഴിവാക്കുകയും ചെയ്തു.