കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് കേരളം സന്ദർശിക്കുമ്പോൾ മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ രാഷ്ട്രീയമാനം അതിന് കൈവന്നിട്ടുണ്ട്. കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ ആർഎസ്എസ് കച്ചമുറുക്കി രംഗത്തിറങ്ങുന്നു എന്ന പ്രത്യേകത ഉള്ളതിനാൽ അദ്ദേഹവുമായി ആരൊക്കെ സംസാരിക്കുന്നുണ്ട് എന്ന് പോലും നിരീക്ഷിക്കപ്പെടുന്നു. 29, 30 തീയ്യതികളിലാണ് മോഹൻ ഭാഗവത് കേരളത്തിൽ എത്തുന്നത്. കേരളത്തിലെ സാമൂഹ്യപ്രവർത്തകരെയും കൂടാക്കാഴ്‌ച്ചക്കായി ക്ഷണിച്ചിരുന്നു. ഇക്കൂട്ടത്തിൽ മാദ്ധ്യമ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ജയശങ്കറും ഉണ്ടായിരുന്നു. എന്നാൽ, വിവാദമായതോടെ മോഹൻ ഭാഗവതുമായുള്ള ചർച്ചയിൽ നിന്നും അഡ്വ. ജയശങ്കർ പിന്മാറി എന്ന വിധത്തിലാണ് മാദ്ധ്യമവാർത്തകൾ പുറത്തുവരുന്നത്. എന്നാൽ, താൻ പരിപാടിയിൽ നിന്നും പിന്മാറി എന്നത് ശരിയാണെങ്കിലും അത് മോഹൻ ഭാഗവതിനോടുള്ള എതിർപ്പുകൊണ്ടല്ലെന്നാണ് അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

നേരത്തെ നിശ്ചയിച്ചിരുന്ന തിയതിയിൽ അല്ലാ ഇപ്പോൾ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്നും, അതിനാലാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നും ജയശങ്കർ മറുനാടനോട് പറഞ്ഞു. നേരത്തെ സംഘാടകർ അറിയിച്ചിരുന്ന തിയതി 28 ആണെന്നും, എന്നാൽ ഇപ്പോൾ 29,30 എന്നീ തിയതികളിലാണ് പരിപാടിയെന്നാണ് സംഘാടകർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്ന ദിവസം മുൻകൂട്ടി ബുക്ക് ചെയ്ത പരിപാടിയുണ്ട്.റാന്നി സെന്റ് തോമസ് കോളെജിൽ കൺസ്യൂമർ നിയമവുമായി ബന്ധപ്പെട്ടുള്ള യുജിസി ചർച്ചയിൽ പങ്കെടുക്കാമെന്ന് രണ്ടുമാസം മുൻപേ വാക്കു നൽകിയതാണെന്നും ജയശങ്കർ വ്യക്തമാക്കി. മോഹൻ ഭാഗവതുമായി തനിക്ക് വിരോധമൊന്നും ഇല്ലെന്നും, പിണറായി വിജയൻ വിളിച്ചാലും താൻ ചർച്ചയ്ക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഈ ചർച്ചയിൽ പങ്കെടുക്കും എന്ന് നേരത്തെ തന്നെ അറിയിച്ചപ്പോൾ ചിലർ മോഹൻ ഭാഗവതുമായി ചർച്ചക്ക് എതിർപ്പ് പ്രകടിപിച്ചു മാറി നിന്നിരുന്നു. താങ്ങളുടെ ആശയപരമായ എതിർപ്പുകൾ തുറന്നു പറയാൻ കിട്ടിയ അവസരമായി മാത്രമാണ് താൻ ഈ കൂടിക്കാഴ്‌ച്ചയെ കണ്ടതെന്നും ജയശങ്കർ പറഞ്ഞു. ഇങ്ങനെയുള്ള ചർച്ചകളെ എന്നും സ്വാഗതം ചെയ്യുന്ന ആളാണ് താൻ. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും മോഹൻ ഭാഗവത് സന്ദർശനം നടത്താറുണ്ട്. ഇതിന് മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യം കൊടുക്കുന്നത് കോളം തികയ്ക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി യെയും, ആർഎസ്എസിനെയും മറ്റു പോഷക സംഘടനകളെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോഹൻ ഭാഗവത് നാളെ കേരളത്തിൽ എത്തുന്നത്. ഇതിനോടൊപ്പം കേരളത്തിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകർ, രാഷ്ട്രീയ നിരിക്ഷകർ തുടങ്ങിയവരുമായി ചർച്ച നടത്താനുമായിരുന്നു തയ്യാറായിരുന്നത്. കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത പത്തോളം പേരുമായി ചർച്ച നടത്താനായിരുന്നു പദ്ധതി.

മോഹൻ ഭാഗവതുമായി ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്നും അഡ്വ. കാളീശ്വരം രാജ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് അ്ഡ്വ. ജയശങ്കർ പിന്മാറിയെന്ന വാർത്തകൾ വന്നതും. എന്നാൽ രണ്ട് മാസം മുമ്പ് ഏറ്റിരുന്ന പരിപാടിയുടെ പേരിലാണ് താൻ പിന്മാറുന്നതെന്നാണ് ജയശങ്കർ വ്യക്തമാക്കുന്നത്.