കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തിൽ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് എജി സുമിത് കുമാറിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണറുടെ നടപടി കോടതിയലക്ഷ്യമാണെന്ന് കാണിച്ച് സിപിഎം നേതാവ് കെ ജെ ജേക്കബാണ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചത്.

രഹസ്യമൊഴി വെളിപ്പെടുത്തിയത് കോടതി അലക്ഷ്യമെന്ന് സിപിഎം ആരോപിക്കുന്ന പശ്ചാത്തലത്തിൽ സുമിത് കുമാർ അടക്കമുള്ളവർക്ക് അഡ്വക്കേറ്റ് ജനറലിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും. അഡ്വക്കേറ്റ് ജനറൽ അനുമതി നൽകിയാൽ കോടതി അലക്ഷ്യ നടപടികളുമായി കെ ജെ ജേക്കബിന് മുന്നോട്ട് പോകാൻ സാധിക്കും. രഹസ്യ മൊഴിയിൽ പറയുന്നത് പുറത്തുപറയാൻ പാടില്ലെന്നും അത് കോടതിയിൽ നിലനിൽക്കുന്ന കേസിനെ ബാധിക്കുമെന്നും കെ ജെ ജേക്കബ് പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു. ജയിൽ മേധാവി നൽകിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ നൽകിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു.