കൊട്ടും കുരവയുമായി ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 45ാമത് പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ അതിനനുസൃതമായി ട്രംപ് വിരുദ്ധർ കടുത്ത പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയിരുന്നു. വിവിധയിടങ്ങളിൽ പ്രതിഷേധം ആക്രമണങ്ങൾക്ക് വഴിമാറുകയും ചെയ്തിരുന്നു. വൈറ്റ് ഹൗസിന്റെ തൊട്ടടുത്ത് പൊട്ടിപ്പുറപ്പെട്ട ട്രംപ് വിരുദ്ധ കലാപത്തിൽ നിരവധി കാറുകൾ കത്തിച്ചു. ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ നിരവധി കടകൾ തകർക്കുകയും ചെയ്തിരുന്നു. ലണ്ടനിലും ആയിരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ തീവ്ര മുതലാളിത്ത -വംശീയ രാഷ്ട്രീയക്കാരനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

വൈറ്റ് ഹൗസിന് ഏതാനും ബ്ലോക്കുകൾകലെ പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് ആക്രമികൾ സ്റ്റോറുകളുടെ വിൻഡോകൾ തകർക്കുകയും കാറുകൾ കത്തിക്കുകയുമായിരുന്നു. ഇതിന് പുറമെ ഇവരെ നേരിടാൻ എത്തിയ പൊലീസിന് നേരെ കല്ലേറുമുണ്ടായി. മാക്ഫേർസൻ സ്‌ക്വയറിലും കെ സ്ട്രീറ്റിലുമാണ് പ്രതിഷേധം ആക്രമത്തിന് വഴിമാറിയത്. ഇതിനെ തുടർന്ന് നൂറ് കണക്കിന് പൊലീസുകാർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചിരുന്നു. ഇതിനിടെ ട്രംപും കുടുംബവും സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാനമെന്നോണം വൈറ്റ് ഹൗസിലെ റിവ്യൂ സ്റ്റാൻഡിലെത്തുകയും ചെയ്തിരുന്നു. ആക്രമാസക്തമായ പ്രതിഷേധം നടത്തിയ 217 പേരെ അറസ്റ്റ് ചെയ്യുകയും ആറ് പൊലീസ് ഓഫീസർമാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

വൈറ്റ് ഹൗസിന് സമീപമുള്ള മാക് ഫേർസൻ സ്‌ക്വയറിൽ ട്രംപ് വിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പൊലീസിന് നേരെ ഇഷ്ടികയേറ് നടത്തിയിരുന്നു. ഇതിന് പുറമെ തെരുവിൽ ഇവർ തീ കൊളുത്തുകയും ചെയ്തു.ഫ്രാങ്ക്ളിൽ സ്‌ക്വയർ പാർക്കിൽ ജനക്കൂട്ടം വാഹനങ്ങൾക്ക് തീ കൊളുത്തിയിരുന്നു. ഇതിനിടെ ഒരു ടിവി ട്രക്കും തകർത്തിരുന്നു. ഡിസിയുടെ സെന്ററിലൂടെ 500ഓളം പ്രതിഷേധക്കാർ മുഖം മൂടിയും ഹാൻഡ് കർച്ചീഫുമണിഞ്ഞ് മാർച്ച് നടത്തിയിരുന്നു. ഇവർ കാറുകളും കടകളും ആക്രമിക്കുകയും ചെയ്തിരുന്നു. ബാങ്ക് ഓഫ് അമേരിക്ക ശാഖയുടെ കെട്ടിയവും മാക് ഡൊണാൾഡ് ഔട്ട് ലെറ്റും ഇവർ ആക്രമിച്ചിരുന്നു. കനത്ത സുരക്ഷ ഏർപ്പെടുത്തിയതിനാൽ നിരവധി പേർക്ക്ട്രംപിന്റെ സത്യപ്രതിജ്ഞാ പ്രസംഗം കാണാൻ സാധിച്ചിരുന്നില്ല.

ട്രംപിനെതിരെയുള്ള പ്രതിഷേധം യുകെയിലെ വിവിധ നഗരങ്ങളിലും അലയടിച്ചിരുന്നു.ലണ്ടൻ, ബ്രൈറ്റൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, തുടങ്ങിയിടങ്ങളിലാണ് ട്രംപ് വിരുദ്ധർ മുദ്രാവാക്യവുമായി തെരുവുകളിൽ ഇറങ്ങിയത്. പോപ്സ്റ്റാർ ലില്ലി അലെൻ അടക്കമുള്ളവർ ലണ്ടനിലെ യുഎസ് എംബസിക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയിരുന്നു. വിവിധ നഗരങ്ങളിൽ നടന്ന റാലികളിൽ പ്രതിഷേധക്കാർ ട്രംപിന്റെ മുഖം മൂടി അണിഞ്ഞിരുന്നു. ആക്ട് നൗ ബിൽഡ് ബ്രിഡ്ജസ് നോട്ട് വാൾസ് എന്നെഴുതിയ ബാനർ ലണ്ടൻ ബ്രിഡ്ജിന് മേൽ സ്ഥാപിച്ചിരുന്നു. സമാനമായ പോസ്റ്ററുകൾ പ്രധാനപ്പെട്ട പാലങ്ങൾക്ക് മുകളിൽ കാണപ്പെട്ടിരുന്നു. യുഎസ് എമ്പസിക്ക് മുന്നിൽ പ്രതിഷേധവുമായി 1000ത്തിൽ അധികപേരെത്തിയിരുന്നു. ലൈംഗിക അരാജകവാദിയായ ട്രംപ് പ്രസിഡന്റാകരുതെന്നായിരുന്നു പലരും മുദ്രാവാക്യം വിളിച്ചിരുന്നത്.