പെരുമ്പാവൂർ: ഭാര്യ മരിച്ചതിനെത്തുടർന്നു കടുത്ത മനോവിഷമത്തിലായിരുന്ന സമ്പന്ന വയോധികൻ വീടിനടുത്ത വൈദ്യുതി പോസ്റ്റിനുസമീപം മരിച്ച നിലയിൽ. ഇരുമ്പുപൈപ്പിൽ അരിവാൾ കെട്ടി വൈദ്യുതി ലൈനിൽ മരിച്ച് ഷോക്കേൽപിച്ച് ജീവനൊടുക്കുകയായിരുന്നെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം, വൈദ്യുതി നിലച്ചപ്പോൾ പോസ്റ്റിൽ തോട്ടികൊണ്ടു വലിച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നെന്നും സംശയമുണ്ട്. കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരിങ്ങോൾ മലമുറി ജിറ്റിസിപ്പടി നെടുംമ്പുറം രാമൻകുട്ടിയാണ്(90)മരണപ്പെട്ടത്.ഇന്ന് പുലർച്ചെ നാട്ടുകാരിൽ ചിലരാണ് വീടിന് തൊട്ടടുത്ത് വൈദ്യൂതപോസ്റ്റിന് സമീപം രാമന്റെ ജഡം കണ്ടെത്തിയത്.സമീപത്തുനിന്നും ഇരുമ്പ് പൈപ്പിൽ അരിവാൾ വെൽഡ് ചെയ്ത് രൂപപ്പെടുത്തിയ തോട്ടിയും കണ്ടെത്തി. വൈദ്യുത ലൈനുകളിലൊന്ന് പൊട്ടി നിലത്ത് വീണ നിലയിലുമാണ്.

ഭാര്യമരണപ്പെട്ടതിനെത്തുടർന്നുള്ള മാനസിക വിഷമത്തിലായിരുന്ന രാമൻകുട്ടി പാതവക്കിലെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേൽപ്പിച്ച് സ്വയം മരണം ഏറ്റുവാങ്ങുകയായിരുന്നെന്നാണ് വീട്ടുകാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന വിവരം. മരിക്കാൻ തീരമാനിച്ച ശേഷം തോട്ടി വൈദ്യൂത ലൈനിൽ കൊരുത്ത് വലിച്ചിരിക്കാമെന്നും ഈ സമയം ഷോക്കേറ്റ് രാമൻകുട്ടി മരണപ്പെടുകയും ലൈനുകൾകൂട്ടിമുട്ടി ഉരുകി പൊട്ടിവീണിരിക്കാമെന്നുമാണ് പൊലീസിന്റെ അനുമാനം.

പുലർച്ചെ നാലരയോടെ ഈ ഭാഗത്ത് വൈദ്യുതപ്രവാഹം നിലച്ചിരുന്നു. ഈ സമയത്താവാം രാമൻ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ അനുമാനം.ഒന്നരവർഷം മുമ്പ് ഭാര്യ കൗസല്യ മരിച്ചതിനെത്തുടർന്ന് ഇയാൾ ഏറെ വിഷമത്തിലായിരുന്നു.പ്രദേശത്തെ അറിയപ്പെടുന്ന സമ്പന്നരിൽ ഒരാളായിരുന്നു രാമൻകുട്ടി. ഇളയമകൻ സുബ്രഹ്മണ്യനൊപ്പമായിരുന്നു രാമൻകുട്ടി താമസിച്ചിരുന്നത്.സുബ്രഹ്മണ്യൻ ജോലിയുടെ ആവശ്യർത്ഥം ഗൾഫിലാണ്.ഭാര്യ ജിജ ഗസറ്റ്ഡ് റാങ്കിൽ ജോലിചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥയാണ്.ഇവരും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വിജയൻ ശശി.സിന്ധു എന്നിവരാണ് മറ്റുമക്കൾ.

കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് പുലർച്ചെ തന്നെ വൻജനക്കൂട്ടവും സംഭവസ്ഥലത്ത് എത്തിയിരുന്നു.