- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിവീറുകൾക്ക് സേനകളിൽ പത്ത് ശതമാനം സംവരണം നൽകും; ആദ്യ ബാച്ചിന് അഞ്ച് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകും; അഗ്നിപഥിലെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കവേ സമവായത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ
ന്യൂഡൽഹി: സൈന്യത്തിലേക്ക് കരാർ നിയമനം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകവേ ഇടപെടലുമായി കേന്ദ്രസർക്കാർ. അഗ്നിവീറുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടാണ് കേന്ദ്രം പ്രതിഷേധം ശമിപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ശതമാനം സേനകളിൽ സംവരണം പ്രഖ്യാപിച്ചിരിക്കയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സായുധ പൊലീസ്, അസം റൈഫിൾസ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾക്കാണ് സംവരണം ലഭിക്കുക. ഇതിന് പുറമെ ഈ സേനകളിലേക്ക് അഗ്‌നീവീറുകൾ അപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ പ്രായപരിധി ഇളവും ലഭിക്കും.
ഒപ്പം അഗ്‌നിവീറുകളുടെ ആദ്യ ബാച്ചിന് മാത്രം അഞ്ച് വർഷ പ്രായപരിധി ഇളവ് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ വാഗ്ദാനങ്ങൾ നൽകി പ്രതിഷേധത്തെ മറികടക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഉത്തരേന്ത്യയിൽമാത്രം ഉയർന്ന പ്രതിഷേധം വെള്ളിയാഴ്ച ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരുന്നു. പത്തുസംസ്ഥാനങ്ങളിൽ വ്യാപകമായി അക്രമങ്ങൾ അരങ്ങേറി. ബിഹാർ, ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുപുറമേ തെലങ്കാനയിലും പ്രതിഷേധം അക്രമങ്ങളിലേക്ക് വഴിമാറി. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്കുനേരെനടന്ന പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡിഷയിലെ ടെന്റെയ് സ്വദേശി ധനഞ്ജയ് മൊഹന്തി (27) ആത്മഹത്യചെയ്ത സംഭവം അഗ്നിപഥ് വിഷയത്തെച്ചൊല്ലിയാണെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആത്മഹത്യയെച്ചൊല്ലി ടെന്റയിലും പരിസരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
അതിനിടെ, പദ്ധതിസംബന്ധിച്ച ഔദ്യോഗികവിജ്ഞാപനം തിങ്കളാഴ്ച കരസേനയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആദ്യബാച്ച് അഗ്നിവീരന്മാർക്ക് ഡിസംബറിൽ പരിശീലനമാരംഭിക്കും. പദ്ധതിയിൽ പ്രതിഷേധിച്ച് ബിഹാറിൽ ഞായറാഴ്ച പ്രതിപക്ഷ വിദ്യാർത്ഥിസംഘടനകൾ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലും ഹരിയാണയിലും ഇന്റർനെറ്റ് കണക്ഷൻ അധികൃതർ വിച്ഛേദിച്ചു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാക്കളുടെയും സൈനികറിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കി നിയമനം കാത്തിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. റോഡുകളും റെയിൽപ്പാതകളും പ്രതിഷേധക്കാർ ഉപരോധിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 11 ഇടത്ത് തീവണ്ടികൾക്ക് തീയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് 38 തീവണ്ടിസർവീസുകൾ പൂർണമായി റദ്ദാക്കി. അറുപതിലധികം വാഹനങ്ങൾ സമരക്കാർ അടിച്ചുതകർത്തു. 19 ഇടങ്ങളിൽ പൊലീസും ഉദ്യോഗാർഥികളും ഏറ്റുമുട്ടി. പ്രതിഷേധക്കാരും പൊലീസുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു.
ആയിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലീസ് പറയുന്നു. ബിഹാറിലാണ് പ്രതിഷേധവും അക്രമങ്ങളും നിയന്ത്രണാതീതമായി തുടരുന്നത്. പദ്ധതി പിൻവലിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് ഭരണകക്ഷിയും എൻ.ഡി.എ. സഖ്യകക്ഷിയുമായ ജെ.ഡി.യു. ആവർത്തിച്ചാവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ