- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിപഥിന് എതിരെയുള്ള പ്രതിഷേധങ്ങൾ വകവയ്ക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട്; കരസേനയിലേക്ക് ആദ്യ റൗണ്ട് റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; ജൂലൈ മുതൽ റിക്രൂട്ട്മെന്റ് രജിസ്ട്രേഷൻ; റാലികൾ ഓഗസ്റ്റ് പകുതിയോടെ
ന്യൂഡൽഹി: ഭാരത് ബന്ദ് അടക്കം പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കരസേന ആദ്യ റൗണ്ട് റിക്രൂട്ട്‌മെന്റ് രജിസ്‌ട്രേഷനുള്ള വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് റിക്രൂട്ട്‌മെന്റ് റാലിക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങുന്നത്. കരസേനയിലേക്ക് മെഡിക്കൽ ബ്രാഞ്ചിലെ ടെക്‌നിക്കൽ കേഡർ ഒഴിച്ചുള്ളവയിൽ എൻട്രി പോയിന്റ് അഗ്നിപഥ് മാത്രമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ആദ്യവർഷം മൂന്നു സർവീസുകളിലുമായി 45,000 പേരെ തിരഞ്ഞെടുക്കും. അഗ്നിവീർ എന്നത് പ്രത്യേക റാങ്ക് ആയിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. മൂന്നു സർവീസുകളിൽ കരസേനയാണ് ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി സൂചിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് പകുതി മുതൽ നവംബർ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്മെന്റ് റാലികൾ നടത്താനാണ് തീരുമാനം. ആദ്യബാച്ചിൽ 25,000 പേർ കരസേനയിൽ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂൺ 26 ന് പ്രസിദ്ധീകരിക്കും.
വനിതകൾക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകൾക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബർ 21 ന് ആരംഭിക്കും. വ്യോമസേനയിൽ ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 24 ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ 24 മുതൽ. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30 മുതൽ നടക്കും. ജൂൺ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥ് പ്രഖ്യാപിച്ചത്. പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന ആശങ്കയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
പദ്ധതിക്കെതിരെ ആദ്യം ബിഹാറിൽ നിന്നായിരുന്നു പ്രതിഷേധം ഉയർന്നത്. കോവിഡ് പശ്ത്തലത്തിൽ രണ്ടു വർഷം സൈനിക റിക്രൂട്ട്‌മെന്റുകൾ നടക്കാതിരുന്ന സാഹചര്യത്തിൽ പുതിയ റിക്രൂട്ട്‌മെന്റിനായി പരിശീലനം തുടരുകയായിരുന്നെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. 17.5 മുതൽ 21 വയസ് വരെയുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നത് ഇങ്ങനെ കാത്തിരുന്നവർക്ക് തിരിച്ചടിയാണെന്നും ഉദ്യോഗാർഥികൾ പറഞ്ഞിരുന്നു. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ആദ്യ ബാച്ചിന് കേന്ദ്ര സർക്കാർ വയസിളവ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ നാലു വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്ന 75 ശതമാനം പേർ എന്തുചെയ്യുമെന്ന ചോദ്യവുമുയർത്തി വിദ്യാർത്ഥികൾ വീണ്ടും പ്രതിഷേധം തുടർന്നു. പ്രതിഷേധങ്ങൾ എട്ടു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. പലയിടത്തും അക്രമാസക്തമായി.
തുടർന്ന് കേന്ദ്ര സായുധ സേനയിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിയെങ്കിലും അതുകൊണ്ടു ഉദ്യോഗാർഥികളെ തണുപ്പിക്കാനായില്ല. പദ്ധതി പിൻവലിക്കണെന്ന ആവശ്യവുമായി അവർ ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
മറുനാടന് മലയാളി ബ്യൂറോ