- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധങ്ങൾ വകവയ്ക്കാതെ അഗ്നിപഥുമായി കേന്ദ്രം മുന്നോട്ട്; വിജ്ഞാപനം രണ്ടുദിവസത്തിന് ഉള്ളിൽ; അഗ്നിവീറുകളുടെ ആദ്യബാച്ചിന്റെ പരിശീലനം ഡിസംബറിൽ; 2023 മധ്യത്തോടെ സേവനസജ്ജരാകുമെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ; യുവാക്കൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിമാർ
ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലും അഗ്നിപഥ് റിക്രൂട്ടമെന്റുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന. അഗ്നിവീറുകളുടെ ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറിൽ ആരംഭിക്കുമെന്ന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ എഎൻഐയോട് പറഞ്ഞു. 2023 മധ്യത്തോടെ സേവനം സജീവമാകും. വിജ്ഞാപനം ഇറങ്ങിയ ശേഷം, രജിസ്‌ട്രേഷന്റെയും റാലിയുടെയും വിശദമായ ഷെഡ്യൂൾ തയ്യാറാക്കുമെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. പദ്ധതിക്കെതിരെ കാര്യങ്ങൾ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നുംകരസേനാ മേധാവി കൂട്ടിച്ചേർത്തു
കോവിഡ് 19നെ തുടർന്ന് രണ്ടുവർഷത്തിലേറെയായി സൈനിക റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവച്ചിരിക്കുകയാണ്. 2019-2020ന് ശേഷം കരസേനയിൽ റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കളുടെ പ്രക്ഷോഭം ശക്തമാണ്. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ ഉൾപ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
അതേസമയം, പദ്ധതിയിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. അഗ്‌നിപഥ് യുവാക്കൾക്ക് മികച്ച അവസരമാണ്. ഇതു പ്രയോജനപ്പെടുത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
അഗ്നിപഥിൽ ഉയർന്ന പ്രായം 23 വയസായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞും അഗ്‌നിപഥ് വഴി തൊഴിൽനേടാൻ യുവാക്കളെ പ്രേരിപ്പിച്ചും കേന്ദ്രമന്ത്രിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരാണ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തത്.
രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കൾക്ക് ഈ തീരുമാനം പ്രയോജനപ്പെടും. അഗ്‌നിപഥ് പദ്ധതിയിലൂടെ അവർ രാജ്യത്തിനും അവരുടെതന്നെയും ശോഭനമായ ഭാവിക്ക് വേണ്ടി മുന്നേറും.' അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും രാജ്യസേവനത്തിനുമുള്ള സുവർണാവസരമാണ് അഗ്‌നിപഥ് പദ്ധതിയെന്നും ഇതിന്റെ ഭാഗമാകണമെന്നുമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. രാജ്യസേവനത്തിന് അവസരം നഷ്ടപ്പെട്ടവർക്ക് മികച്ച അവസരമാണിതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു. എന്നാൽ, കോൺഗ്രസ് നേതാക്കൾ പദ്ധതിയിൽ എതിർപ്പ് അറിയിച്ചിരിക്കുകയാണ്. പദ്ധതിയെ രാജ്യത്തെ യുവാക്കൾ തിരസ്‌കരിച്ചെന്നും ജനങ്ങൾക്ക് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ