കണ്ണൂർ: രാഷ്ട്രീയവിവാദങ്ങൾക്കിടെയിലും അഗ്നിവീർ പരീക്ഷയെഴുതാൻ ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം. കണ്ണൂരിൽ വ്യോമസേന നടത്തിയ പരീക്ഷയെഴുതാൻ നൂറ് കണക്കിന് ഉദ്യോഗാർത്ഥികളാണ് അതിരാവിലെ തന്നെയെത്തിയത്. ഇതിൽ ഡ്രസ്‌കോഡ് പാലിക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഹാൾ ടിക്കറ്റിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കാതെ എത്തിയവർക്കും മുട്ടൻ പണി തന്നെ കിട്ടി. ഫുൾ കൈ ഷർട്ടും വാച്ച്, മാല, മൊബൈൽ ഫോൺ, ബെൽറ്റ്, ഷൂ എന്നിവ അണിഞ്ഞെത്തിയ ഉദ്യോഗാർത്ഥികളെ അതൊക്കെ പുറത്ത് ഊരിവയ്‌പ്പിച്ചാണ് പരീക്ഷാ നടത്തിപ്പുകാർ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടത്.

ഇതു ഉദ്യോഗാർത്ഥികളിൽ പ്രതിഷേധമുണ്ടാക്കിയെങ്കിലും അധികൃതർ അയയാതെ വന്നപ്പോൾ അവർ ഒടുവിൽ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ഫുൾ കൈഷർട്ടിട്ടു വന്നവർ അതു അഴിച്ചു പുറത്തുവച്ചാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്ലൗഡ് 9 സൈബർ സ്പെയ്സ് സെന്ററിൽ സജ്ജമാക്കിയ പരീക്ഷാഹാളിലേക്ക് കയറ്റി വിട്ടത്. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവർക്ക് കണ്ണൂരിലാണ് പരീക്ഷാ കേന്ദ്രമൊരുക്കിയത്. ഞായറാഴ്‌ച്ച മുതലാണ് കണ്ണൂരിൽ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി പ്രാഥമിക പരീക്ഷ തുടങ്ങിയത്്. രാവിലെ ഒൻപതു മുതൽ 10.25 വരെയാണ്.

പരീക്ഷ .രാവിലെ ആറരയോടെ തന്നെ പള്ളിക്കുന്നിലെ ക്ലൗഡ് 9 സൈബർ സ്പെയിസ് കേന്ദ്രത്തിനു മുൻപിൽ പരീക്ഷാർത്ഥികൾ എത്തിയിരുന്നു.രാവിലെ 11.30 നും വൈകീട്ട് നാലിനുമായി ണ് അടുത്ത ബാച്ചിന്റെ പരീക്ഷ നടന്നത്. ഒരു ബാച്ചിൽ 165 പേർക്കാണ് പരീക്ഷ എഴുതാൻ കണ്ണൂർ സെന്ററിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പസ്ടു ലെവലിൽഇംഗ്ലീഷ് , ഫിസിക്സ്, കണക്ക് വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ
മൈനസ് മാർക്കുമുണ്ട്.

മുഴുവൻ ചോദ്യത്തിനും ഉത്തരമെഴുതാൻ സമയം കിട്ടിയില്ലെന്ന് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവർ പറഞ്ഞു. ആദ്യം ഫിസിക്സ്, പിന്നെ മാത് സ് ഒടുവിൽ ഇംഗ്ലീഷ് എന്നി ക്രമത്തിലാണ് പരീക്ഷ കണക്കു പരീക്ഷയ്ക്കാണ് പലർക്കും സമയം മതിയാവാതെ വന്നതത്രെ. തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ പലർക്കും ശ്രീകണ്ഠപുരം പൊടിക്കളം സെന്ററിൽ എത്താൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അഗ്നി വീർ വായുസേന പരീക്ഷയ്ക്ക് കണ്ണൂരിൽ പള്ളിക്കുന്നും ശ്രീകണ്ഠപുരം പൊടിക്കളത്തുമാണ് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുള്ളത്.

കേരളത്തിൽ തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.നേരത്തെ അഗ്നീവീർ പരീക്ഷ എഴുതുന്നവർക്ക് മാർഗനിർദേശങ്ങളുമായി ബിജെപി ജില്ലാകമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ ഹെൽപ് ഡെസ്‌ക് തുടങ്ങിയിരുന്നു. കണ്ണൂരിൽ നിന്നുള്ള ഉദ്യോഗാർത്ഥികളിൽ പലരും ബിജെപി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അപേക്ഷ അയച്ചിരുന്നത്.