- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക അടിസ്ഥാനസൗകര്യ നിധി: വായ്പാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താമെന്ന് കേന്ദ്രം; കോവിഡ് മൂലം തകർന്ന കാർഷികമേഖലയെ സഹായിക്കാനുള്ള പദ്ധതി കർഷകർക്ക് ഏറെ പ്രയോജനപ്രദം; സെപ്റ്റംബർ 30ന് അകം 1000 കോടി വായ്പ ലഭ്യമാക്കുന്നതിനു നടപടി തുടങ്ങി സംസ്ഥാന സർക്കാറും
തിരുവനന്തപുരം: കർഷകർക്ക് ഏറെ പ്രയോജനകരമായ കാർഷിക അടിസ്ഥാനസൗകര്യ നിധിയിൽ നടപടി തുടർന്ന് കേന്ദ്രസർക്കാർ. കാർഷികോൽപാദനം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളായ ഡ്രിപ് ഇറിഗേഷൻ, മൈക്രോ ഇറിഗേഷൻ, മഴമറ നിർമ്മാണം തുടങ്ങിയവയ്ക്കു കാർഷിക അടിസ്ഥാനസൗകര്യ നിധിയിൽനിന്നു വായ്പ നൽകാൻ ആവശ്യമായ ഭേദഗതി വരുത്താമെന്നു കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന സർക്കാരിനെ അറിയിച്ചു.
കേന്ദ്രം ആവിഷ്‌കരിച്ചു സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽനിന്ന് (അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്) കേരളത്തിന് അർഹതപ്പെട്ട 2520 കോടി രൂപയിൽ 47.16 കോടി മാത്രമേ ഇതുവരെ വായ്പയായി നൽകാൻ സാധിച്ചിട്ടുള്ളൂ. കോവിഡ് മൂലം തകർന്ന കാർഷികമേഖലയെ സഹായിക്കാനാണു പദ്ധതി ആരംഭിച്ചത്.
നിധിയിൽ നിന്നുള്ള വായ്പയുടെ മാനദണ്ഡങ്ങളിൽ എന്തൊക്കെ മാറ്റം വരുത്തുമെന്നു കേന്ദ്ര സർക്കുലർ ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ. കൂൺകൃഷി, ലംബ കൃഷി, ഹൈഡ്രോപോണിക്സ്, എയ്‌റോപോണിക്സ്, പോളിഹൗസ്, ഗ്രീൻഹൗസ് തുടങ്ങിയ പദ്ധതികൾ കൂടി ഏറ്റെടുക്കാൻ കഴിഞ്ഞ മാസം കേന്ദ്രാനുമതി ലഭിച്ചിരുന്നു.
സെപ്റ്റംബർ 30ന് അകം 1000 കോടി വായ്പ ലഭ്യമാക്കുന്നതിനു നടപടി ആരംഭിക്കാൻ കൃഷിമന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കൃഷി ഓഫിസർമാർക്കു തുക നിശ്ചയിച്ചു നൽകും. പദ്ധതിയുടെ പുരോഗതി ആഴ്ച തോറും വിലയിരുത്താനും സംവിധാനമൊരുക്കും. ജില്ലാതല നോഡൽ ഓഫിസർമാരെ നിയോഗിക്കാനും സമിതി രൂപീകരിക്കാനും കൃഷി ഡയറക്ടർ നിർദ്ദേശിച്ചു. സംസ്ഥാന, ജില്ലാ നോഡൽ ഓഫിസർമാരെ കാർഷികോൽപാദന കമ്മിഷണർ ഏകോപിപ്പിക്കും.
ബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്തു സംസ്ഥാന, ജില്ലാ തലങ്ങളിൽ സഹകരണം ഉറപ്പാക്കും. ബാങ്കുകൾ 9% വരെ പലിശ നിരക്കാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നത്. 3% സബ്സിഡി ലഭിക്കും. കൃഷിമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കു ഫണ്ട് പരമാവധി ലഭ്യമാക്കാനുള്ള നിർദ്ദേശവും നൽകി.
നേരത്തെ കേന്ദ്രം തുടങ്ങിയ ഈ പദ്ധതിയിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി തുടങ്ങിയിരുന്നു. പദ്ധതി തുടങ്ങി ഒന്നരവർഷം പിന്നിട്ടും ഈ പദ്ധതിയെ കുറിച്ച് കേരളത്തിലെ കർഷകർ അറിയുന്നു പോലുമില്ല. അതുകൊണ്ടു തന്നെ കേരളത്തിൽ ഇതുവരെ വിതരണംചെയ്തത് 47 കോടി മാത്രമാണ്.
2025-26 വരെ 2520 കോടി രൂപയാണ് കേരളത്തിന് നീക്കിവെച്ചത്. ഇതിൽ 87 പദ്ധതികളിലായി 82 കോടിയുടെ വായ്പയ്ക്കാണ് അംഗീകാരം കിട്ടിയത്. വേണ്ടത്ര പ്രചാരണം നൽകാത്തതാണ് അപേക്ഷകർ കുറയാൻ കാരണം. വീഴ്ച മനസ്സിലാക്കി പദ്ധതിക്ക് സംസ്ഥാനസർക്കാർ ഊർജിതമായ പ്രചാരണം നൽകാൻ തീരുമാനിച്ചു.
കാർഷികമേഖലയിൽ ആസ്തികൾ സൃഷ്ടിക്കാനും വിളകൾ സംരക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കാനും രണ്ടുകോടിരൂപവരെ വായ്പ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർതന്നെ ഗാരന്റി നൽകും. ബാങ്കുകൾ ഒമ്പതുശതമാനംവരെയുള്ള പലിശ മാത്രമേ ഈടാക്കാവൂ. അതിൽ മൂന്നുശതമാനം കേന്ദ്രസർക്കാർ നൽകും.
ഏഴുവർഷംകൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. കേരളത്തിൽ വാണിജ്യ-ഗ്രാമീണ ബാങ്കുകളിൽനിന്നും കേരള ബാങ്കിൽനിന്നുമാണ് വായ്പ നൽകുന്നത്. 2020 ജൂലായിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്താകെ ഒരുലക്ഷം കോടിയാണ് നൽകുന്നത്. സംസ്ഥാനങ്ങളിൽനിന്ന് ആദ്യംകിട്ടുന്ന അപേക്ഷകൾക്ക് ആദ്യം വായ്പ അനുവദിക്കുമെന്നതിനാൽ വൈകിയാൽ കേരളത്തിന് അനുവദിച്ചതുമുഴുവൻ പ്രയോജനപ്പെടുത്താൻ കഴിയില്ല.
വായ്പ പ്രയോജനപ്പെടുത്തുന്നതിൽ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ മുന്നിലാണ്. എന്നാൽ, കേരളം ഉൾപ്പടെ ഒട്ടേറെ സംസ്ഥാനങ്ങൾ പിറകിലും. കേരളത്തിലെ പുരോഗതി വിലയിരുത്താൻ ജൂൺ 24-ന് കേന്ദ്രസംഘം എത്തുന്നുണ്ട്. കൂടുതൽ അപേക്ഷകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.
കേന്ദ്രസർക്കാരിന്റെ https//agriinfra.dac.gov.in എന്ന പോർട്ടലിൽ ഇതിനായി അപേക്ഷിക്കാം. കർഷകർക്കുപുറമേ, കർഷകസംഘങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കൂട്ടുത്തരവാദിത്വസംഘങ്ങൾ, സ്വയംസഹായസംഘങ്ങൾ, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങൾ, സഹകരണസ്ഥാപനങ്ങൾ, മാർക്കറ്റിങ് കോ-ഓപ്പററ്റീവ് സൊസൈറ്റി, മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ ഫെഡറേഷൻ ഓഫ് കോ-ഓപ്പറേറ്റീവ്‌സ്, പ്രാഥമിക കാർഷിക സഹകരണസംഘം തുടങ്ങിയവയ്ക്കും ഇതിന്റെ ഗുണം കിട്ടും.
സൂക്ഷ്മകൃഷിക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ, വിത്തുത്പാദനം, ടിഷ്യൂകൾച്ചർ നേഴ്‌സറി, ജൈവവളം ഉത്പാദനം, വിതരണശൃംഖലകളുടെ അടിസ്ഥാനസൗകര്യം, പാക്കിങ് കേന്ദ്രങ്ങൾ, കാർഷികവിളകളുടെ വൃത്തിയാക്കൽ, ഉണക്കൽ, തരംതിരിക്കൽ, വെയർഹൗസ്, ധാന്യപ്പുരകൾ, കോൾഡ് സ്റ്റോറേജ്, ഇ- മാർക്കറ്റിങ് സൗകര്യമുള്ള വിതരണശൃംഖല, സോളാർപാനൽ നിർമ്മാണം, റൈസ് ആൻഡ് ഫ്ളോർമിൽ, ഓയിൽ മിൽ, സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കൽ, ശർക്കര/പഞ്ചസാര സംസ്‌കരണം എന്നിവയാണ് നിർദ്ദേശിച്ചിട്ടുള്ള പദ്ധതികൾ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം- 916235277042, ഇടുക്കി, എറണാകുളം -917010994083, തൃശ്ശൂർ, പാലക്കാട്, മലപ്പുറം-918075480273, വയനാട്, കോഴിക്കോട്- 918921785327, കണ്ണൂർ, കാസർകോട് -918547565214
മറുനാടന് ഡെസ്ക്