- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈലിയും മാടിക്കുത്തി കൃഷിമന്ത്രിയും ഇറങ്ങി; അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് പി. പ്രസാദിനൊപ്പം കതിര് കൊയ്യാൻ നാട്ടുകാരും; കൊയ്ത്തുപാട്ടിന്റെ താളത്തിൽ ആവേശത്തിമിർപ്പിൽ വിളവെടുപ്പ്; ആലപ്പുഴ വെട്ടയ്ക്കൽ ബ്ലോക്ക് പാടശേഖരത്തിൽ നൂറ്‌മേനി വിളവ്
ചേർത്തല: കൊയ്ത്തുപാട്ടിന്റെ ഈണവും താളവും അകമ്പടിയായി എത്തിയതോടെ ആവേശത്തോടെ കൃഷിമന്ത്രിക്ക് ഒപ്പം പാടത്ത് വിളവെടുത്ത് കർഷകർ. 56-ഓളം കൊയ്ത്തുകാരോടപ്പമാണ് മന്ത്രി പി. പ്രസാദ് അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിര് കൊയ്യാൻ ഇറങ്ങിയത്. നാട്ടുകാരും ഒപ്പം ചേർന്നതോടെ കൊയ്ത്തുൽസവമായി മാറി. വിളവെടുപ്പിന് സാക്ഷിയാകാൻ വരമ്പു നിറഞ്ഞ് കാഴ്ചക്കാരുമെത്തി. .
വർഷങ്ങളായി ഊഷരമായ ആലപ്പുഴ വെട്ടയ്ക്കൽ ബ്ലോക്ക് പാടശേഖരത്തിൽ നാട്ടുകാരായ കർഷകർ ചേർന്നാണ് വിത്തു വിതച്ചത്. പാടത്ത് കൃഷിയിറക്കാൻ കഴിഞ്ഞ ജൂൺ 14 ന് മന്ത്രി പി പ്രസാദും എത്തിയിരുന്നു. മണ്ണിനെ മനസ്സറിഞ്ഞു വിത്തെറിഞ്ഞപ്പോൾ ആ മണ്ണും ചതിച്ചില്ല. ബ്ലോക്ക് പാടശേഖരത്തിൽ നൂറ്‌മേനി വിളവ്. നാട്ടുകാരും ആവേശത്തിലായിരുന്നു.
പുഞ്ചിരി നിറഞ്ഞ മുഖങ്ങൾക്കിടയിലേയ്ക്ക് കൊയ്ത്തിനെത്തിയ മന്ത്രിക്ക് ആവേശം അടക്കാനായില്ല. കൊയ്ത്ത് ഉദ്ഘാടനം എന്ന പ്രകടനത്തിൽ മാത്രമൊതുങ്ങിയില്ല ആ കർഷക മനസ്സ്. കൈലിയുടുത്ത് അരിവാളുമായി കൊയ്യാനിറങ്ങി.
മന്ത്രിയുടെ ആവേശത്തിൽ ഒപ്പമുണ്ടായിരുന്നവരും പാടത്തിറങ്ങി. ജനപ്രതിധികളും നാട്ടുകാരും ഒപ്പം വിളവെടുപ്പ്് ഉത്സവമാക്കി. എല്ലാവർക്കും അതിരില്ലാത്ത ആഹ്ളാദം...ഊഷരമായ നമ്മുടെ ഭൂമി ഇത്തരം കൂട്ടായ്മകളിൽ ഹരിതാഭമാകട്ടെ. ജനപ്രതിനിധിയായിട്ടും സംസ്ഥാനത്തിന്റെ മന്ത്രിയായിട്ടും പി പ്രസാദിന് കൃഷിക്കാരന്റെ മനസ്സു കൈമോശം വന്നിട്ടില്ലെന്ന് ഇതാദ്യമല്ല തെളിയുന്നത്.
പാടശേഖരത്ത് മന്ത്രി പി പ്രസാദാണ് ഔഷധ ഗുണമേന്മയുള്ള ചെട്ടി വിരിപ്പ് നെൽ വിത്ത് വിതച്ചത്. 117 ദിവസങ്ങൾക്ക് ശേഷം മന്ത്രി തന്നെ വിളവ് കൊയ്തപ്പോൾ ഔദ്യോഗിക തലത്തിൽ ആദ്യ പൊൻതൂവലായി മാറി. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ വെട്ടയ്ക്കൽ മൂർത്തിങ്കൽ ക്ഷേത്രത്തിന് സമീപം 60 ഏക്കർ പാടത്താണ് കൃഷി ചെയ്തത്.
പൊലീസിൽ നിന്നും വിരമിച്ച എസ്‌ഐ മാരായ പിഎൻ പ്രസന്നൻ, കെ എസ് മുരളീധരൻ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം കർഷകരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത്, അഡാക്ക്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് 40 വർഷങ്ങൾക്ക് ശേഷം എ ബ്ലോക്ക് പാടശേഖരത്ത് നൂറ് മേനി വിളയിച്ചത്. നാല് മാസത്തോളമെടുത്ത കൃഷിക്ക് 20 ലക്ഷത്തോളം ചെലവ് വന്നു. ചെട്ടിവിരിപ്പ് നെൽവിത്തിന് ഒരു കിലോയ്ക്ക് 100 മുതൽ 160 രൂപ വരെ നൽകിയാണ് വാങ്ങിയത്.
സമീപ പാടശേഖരങ്ങളായ കൊട്ടള പാടത്തും, ബി ബ്ലോക്കിലും നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും എൻ എ എഫ് സി സി യുടെ ധനസഹായത്തോടെ അഡാക്കിന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. കൊയ്ത്തിന് ശേഷം സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെടുത്തി പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുെമെന്ന് സംഘാടകർ പറഞ്ഞു.
ചേർത്തലയിൽ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം മണ്ണിനോടും കൃഷിയോടുമുള്ള തന്റെ സ്നേഹം അദ്ദേഹം എപ്പോഴും പ്രകടമാക്കാറുണ്ട്. മന്ത്രിയായ ശേഷവും പാടത്തു വിത്തെറിയാനും നടീലിനും വിളവെടുപ്പിനുമൊക്കെ സജീവമാണ് മണ്ണിനേയും കൃഷിയേയും അറിയുന്ന പി പ്രസാദ് എന്ന കൃഷിമന്ത്രി. രാവിലെ പാടശേഖരത്തിന് സമീപം നടന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ