ന്യൂഡൽഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരനെ യുഎഇ സർക്കാർ ഇന്ത്യക്ക് കൈമാറും. വിവിഐപികൾക്കായി അത്യാഡംബര ഹെലിക്കോപ്റ്റർ വാങ്ങാനുള്ള 2007-ലെ 3600 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട മൈക്കൽ എന്ന ബ്രിട്ടീഷുകാരനാണ് ദുബായിൽ അറസ്റ്റിലായത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ എന്നിവർക്ക് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് 12 ലക്ഷ്വറി ഹെലിക്കോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നത്.

ജൂണിലാണ് മൈക്കലിനെ യുഎഇ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും കസ്റ്റഡിയിലെടുത്തതും. ഒരുമാസത്തിനുശേഷം ജാമ്യത്തിൽ വിട്ട ഇയാൾ ഇപ്പോൾ യുഎഇയിലുണ്ട്. ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ യുഎഇ കോടതി സ്വീകരിച്ചുതുടങ്ങിയതായി മുതിർന്ന സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. നാടുകടത്തുന്നതിനെതിരെ മൈക്കലിന് അപ്പീൽ നൽകാനാവുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. മൈക്കലിനെ വിട്ടുകിട്ടണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് അഴിമതി നൽകി അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഇടപാടിന് വഴിയൊരുക്കിയത് മൈക്കലാണെന്ന് സിബിഐ കരുതുന്നു. മൈക്കലിന് പുറമെ രണ്ട് ഇടനിലക്കാർകൂടി ഈ കേസിലുണ്ടെന്നാണ് കരുതുന്നത്. ഇവരാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരാർ അഗസ്തയ്ക്ക് അനുകൂലമാക്കി മാറ്റിയതെന്നും വിലയിരുത്ത്പപെടുന്നു. 12 എഡബ്ല്യു 101 വിവിഐപി ചോപ്പറുകൾ വാങ്ങാനാണ് 2007-ൽ കരാറിലെത്തിയത്. ്അഴിമതിയാരോപണത്തെത്തുടർന്ന് 2014-ൽ ഈ കരാർ ഇന്ത്യ റദ്ദാക്കി.

ഇതുമായി ബന്ധപ്പെട്ട് മുൻ വ്യോമസേനാ മേധാവി എസ്‌പി. ത്യാഗിയും മറ്റ് എട്ടുപേർക്കുമെതിരേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ത്യാഗിയുടെ ബന്ധു സഞ്ജീവ്, ഇൻഫോടെക് ലീഗൽ അഡൈ്വസർ ഗൗതം ഖൈത്താൻ, വ്യോമസേനയുടെ മുൻ വൈസ് ചീഫ് ജെ.എസ്. ഗുജ്‌റാൽ, അഗസ്ത വെസ്റ്റ്‌ലൻഡ് മുൻ ചീഫ് എക്‌സിക്യുട്ടീവ് ബ്രൂണോ സ്പനോലിനി, ഫിന്മെക്കാനിക്ക മുൻ ചെയർമാൻ ഗ്യൂസെപ്പെ ഓഴ്‌സി, ഇടനിലക്കാരായ കാർലോ ഗെറോസ, ഗ്യൂഡോ ഹാഷ്‌കെ, ക്രിസ്റ്റിയാൻ മൈക്കൽ എന്നിവരാണ് കേസിൽ പ്രതികളായിട്ടുള്ളത്. അഗസ്റ്റ വെസ്റ്റ്‌ലൻഡിന്റെ ബ്രിട്ടനിലെ ഉപകമ്പനിയാണ് ഫിന്മെക്കാനിക്ക, മൊഹാലി ആസ്ഥാനമായുള്ള ഐഡിഎസ് ഇൻഫോടെക്ക്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസിൽ നടപടിയെടുത്തത്. വിദേശികളും ഇന്ത്യക്കാരുമടക്കം 34 പേർക്കെതിരേ ജൂലൈയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ടുവഴികളിലൂടെയാണ് ഇടപാടിൽ കൈക്കൂലി നൽകിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരനായ ക്രിസ്റ്റ്യാൻ മൈക്കൽ ജയിംസാണ് ഇതിലൊരു വഴി. കാർലോ ഗെറോസ, ഗ്യൂഡോ ഹാസ്‌കെ എന്നിവരിലൂടെയുടെ പണമിടപാടാണ് രണ്ടാമത്തെ വഴിയെന്നും ഇഡി പറയുന്നു..