ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ആരോപണം. അഹമ്മദ് പട്ടേൽ ട്രസ്റ്റിയായിരുന്ന ആശുപത്രിയിലെ മുൻജീവനക്കാരനെ ഐ എസ് ബന്ധം സംശയിച്ച് ഭീകരവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് അഹമ്മദ് പട്ടേലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയിരിക്കുന്നത്.

രണ്ടുദിവസം മുമ്പാണ് ഐ എസ് ബന്ധം സംശയിച്ച് രണ്ടുപേരെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയത്. ഇതിൽ ഒരാൾ അഹമ്മദ് പട്ടേൽ ട്രസ്റ്റിയായിരുന്ന സർദാർ പട്ടേൽ ആശുപത്രിയിലെ മുൻജീവനക്കാരനായിരുന്നു. കാസിം സ്റ്റിംബർവാല എന്നാണ് ഇയാളുടെ പേര് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഭാറൂച്ച് ജില്ലയിലെ അങ്ക്ലേശ്വറിലാണ് സർദാർ പട്ടേൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2014 വരെ ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേൽ.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് എം പി അഹമ്മദ് പട്ടേൽ രാജ്യസഭയിൽനിന്ന് രാജിവയ്ക്കണം. ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ അറസ്റ്റ് ചെയ്തത് അഹമ്മദ് പട്ടേൽ നടത്തുന്ന ആശുപത്രിയിൽ നിന്നാണെന്നും രൂപാനി പറഞ്ഞു.

എന്നാൽ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്.തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായവർക്തെിരെ ശക്തമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്നും സമാധാന പ്രിയരായ ഗുജറാത്തികളെ വിഭജിക്കരുതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു