ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവ്വീസിൽ ഇക്കോണമി ക്ലാസിൽ സഞ്ചരിക്കുന്നവർക്ക് മാംസാഹാരത്തിന് വിലക്ക്. ഇനി മുതൽ ഇക്കോണമി ക്ലാസിൽ മാംസാഹാരം വിളമ്പേണ്ടന്നാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന എയർ ഇന്ത്യ പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.

മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ പറയുന്നത്. വർഷം 350-400 കോടി രൂപയാണ് കാറ്ററിങ് സർവീസിനായി എയർ ഇന്ത്യ ചെലവഴിക്കുന്നത്. എന്നാൽ ഇക്കോണമി ക്ലാസിന് മാത്രമാണ് ഈ വിലക്ക്. ബിസിനസ് ക്ലാസിൽ മാംസാഹാരങ്ങൾ വിളമ്പുന്നത് തുടരും. ഇക്കോണമി ക്ലാസ് യാത്രക്കാരോട് മാത്രം ഉള്ള ഈ അവഗണ സാധാരണക്കാരായ യാത്രക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.

തുകയും ഭക്ഷണാവശിഷ്ടങ്ങളും കുറച്ച് കാറ്ററിങ് സർവ്വീസ് മെച്ചപ്പെടുത്തുന്നതിനുമാണ് തീരുമാനമെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം എയർ ഇന്ത്യയുടെ ഈ പരിഷ്‌ക്കാരം ആഭ്യന്തര സർവ്വീസിൽ മാത്രമേ ഉള്ളൂ. അന്തർദേശിയ യാത്ര ചെയ്യുന്നവരെ ഈ പുതിയ നടപടി ബാധിക്കുക ഇല്ല.

മാംസാഹാരം നിർത്തലാക്കിയാൽ വർഷം 10 കോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൾ പറയുന്നത്. തീരുമാനം എയർ ഇന്ത്യ സ്വയം എടുത്തതാണെന്നും രാഷ്ട്രീയ ഇടെപടൽ ഇല്ലെന്നും ബിജെപി നേതാവ് സയ്യിദ് സഫർ ഇസ്‌ലാം പറഞ്ഞു.