തിരുവനന്തപുരം: ജയിംസ് കമ്മിറ്റി റദ്ദാക്കാൻ നിർദേശിച്ചിട്ടും സർക്കാർ ഒത്താശ ചെയ്ത തിരുവനന്തപുരം കരകുളത്തെ പി.എ.അസീസ് എൻജിനീയറിങ് കോളേജിന്റെ അംഗീകാരം കേന്ദ്ര സാങ്കേതിക വകുപ്പ് റദ്ദാക്കി.

ഇല്ലാത്ത സൗകര്യങ്ങൾ പ്രചരിപ്പിച്ച് കോടികൾ കൊയ്യുന്ന സ്വാശ്രയ കോളേജ് മാഫിയകൾക്ക് വൻതിരിച്ചടി നൽകി കൊണ്ടാണ് എഐസിടിഇ അംഗീകാരം റദ്ദാക്കിയത്. പി.എ.അസീസ് എൻജിനീയറിങ് കോളേജിൽ നടത്തിവരുന്ന എല്ലാ കോഴ്‌സുകളും അടിയന്തിരമായി നിർത്തണമെന്നാണ് നിർദ്ദേശം. കൂടാതെ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ മറ്റു കോളേജുകളിൽ പ്രവേശിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അംഗീകാരം റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വിദ്യാർത്ഥികൾക്ക് ആശ്വാസവും ഒപ്പം ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സ്വാശ്രയ കോളേജ് അടച്ചു പൂട്ടാൻ നിർദ്ദേശം നൽകിയത്.

യാതൊരു സൗകര്യവുമില്ലാതെ എൻജിനീയറിങ് കോളേജെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തലവരി വാങ്ങി മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നൽകിയിരുന്നു. 2003 ൽ ആരംഭിച്ച ഈ കോളേജ് സ്വാശ്രയ പ്രവേശനത്തിലൂടെ കോടികളുടെ ലാഭമാണ് ഉണ്ടാക്കിയത്. വിദ്യാർത്ഥികളെ എങ്ങനെയൊക്കെ തട്ടിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പി.എ.അസീസ് എൻജിനീറിങ് കോളേജ് എന്ന തട്ടിപ്പ് സ്ഥാപനം. നിരവിധ എൻജിനീയറിങ് കോഴ്‌സുകൾ നടത്തുന്നുണ്ടെങ്കിലും ഒന്നിനും പ്രാക്ടിക്കൽ ക്ലാസുകളില്ല. രാജ്യത്തെ പ്രൊഫഷണൽ കോളജേുകൾക്ക് എഐസിടിഇ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ രാഷ്ട്രീയപിന്തുണയോടു കൂടിയാണ് കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ച് വന്നിരുന്നത്. എൻജിനീയറിങ് കോഴ്‌സുകൾക്ക് അത്യന്താപേക്ഷിതമായ പ്രാക്ടിക്കൽ ക്ലാസുകൾ, ഹോസ്റ്റൽ സൗകര്യം, വാഹനസൗകര്യം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഒരു കോളേജാണ് സർക്കാരിന്റെ മൂക്കിന്റെ കീഴിൽ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്. എന്നാൽ സംസ്ഥാനത്തെ മികച്ച എൻജിനീയറിങ് കോളേജുകൾ ഈടാക്കുന്ന ഫീസാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കി കൊണ്ടിരുന്നത്.

ഓരോ അധ്യയനവർഷവും ഏജന്റുമാർ മുഖേനെ വൻതുക വാങ്ങി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കും. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പരാതിപ്രവാഹം കണക്കിലെടുത്ത് ജയിംസ് കമ്മറ്റി പലതവണ കർശന നിർദ്ദേശം നൽകിയിരുന്നു. അവയ്ക്ക് പുല്ലുവിലയാണ് കോളേജ് അധികൃതർ നൽകിയിരുന്നത്. കോളേജ് അധികൃതരുടെ ചൂഷണത്തിനെതിരെ പലതവണ സർക്കാരിനും സർവകലാശാലയ്ക്കും റിപ്പോർട്ട് ചെയ്തിട്ടും യാതൊരു ഫലമുണ്ടായില്ല. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പരാതി സഹിക്കവയ്യാതെയാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് എഐസിടിഇയുടെ അപ്പലേറ്റ് കൗൺസിനെ സമീപിക്കുന്നത്. തുടർന്ന് കൗൺസിൽ അംഗങ്ങൾ നേരിട്ട് നടത്തിയ അന്വേഷണം ഞെട്ടിക്കുന്നതായിരുന്നു. കോളേജ് അധികൃതർ നടത്തുന്ന അഴിമതികളെ കുറിച്ച് മുമ്പും പരാതിയുർന്നിരുന്നു. ഇതേതുടർന്ന് സംസ്ഥാന സാങ്കേതിക സർവകലാശാല പി.എ.അസീസ് കോളേജിന് ഈ വർഷം അംഗീകാരം നൽകിയിരുന്നത്.

2103-14ൽ കോളേജിന്റെ അംഗീകാരം എഐസിടിഇ റദ്ദ് ചെയ്‌തെങ്കിലും കോളേജ് അധികൃതർ കൗൺസിൽ അംഗങ്ങളുടെ കണ്ണിൽ പൊടിയിട്ട് താൽക്കാലിക അഡ്ജസ്റ്റുമെന്റുകൾ നടത്തി അടുത്ത വർഷം അംഗീകാരം വാങ്ങി. ഇത്തവണ കൗൺസിൽ അംഗങ്ങളെ കയ്യിലെടുക്കാൻ അധികൃതർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. കോളേജിൽ സ്ഥിരവൈദ്യുത സംവിധാനം പോലുമില്ലെന്ന റിപ്പോർട്ടാണ് കൗൺസിലിന് നൽകിയത്. വിദ്യാർത്ഥികളെ പിഴിഞ്ഞു കാശുണ്ടാക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും അധികൃതർക്കുണ്ടായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 2011-12ൽ സർക്കാർ അംഗീകാരം നൽകാതെ എം.സി.എ കോഴ്‌സുകളിലേക്കുള്ള അഡ്‌മിഷൻ നടത്തിയിരുന്നു. സർവകലാശാല അംഗീകാരം പോലുമില്ലാതെയാണ് മാദ്ധ്യമങ്ങളിൽ ഇല്ലാത്ത സൗകര്യങ്ങൾ പെരുപ്പിച്ച് കാട്ടി കോടികൾ തട്ടിയെടുത്തത്. മെയ് മാസത്തിൽ നടത്തിയ ബി.ടെക് ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷയുടെ ഫലം പോലും തടഞ്ഞു വയ്‌ക്കേണ്ടി വന്ന സാഹചര്യവും വിദ്യാർത്ഥികൾക്കുണ്ടായി. കോളേജിലെ അദ്ധ്യാപകർക്ക് മാസങ്ങളോളം ശമ്പളം നൽകാതിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ സമരം നടത്തുകയും ആഴ്ചകളോളം ക്ലാസുകൾ മുടങ്ങുകയും ചെയ്തിരുന്നു. ഓരോ തവണയും കോടതിയിൽ പോയി അനുകൂല വിധി വാങ്ങിയാണ് ഇത്രയും നാൾ വിദ്യാർത്ഥികളെ കബളിപ്പിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ കോടതിയിൽ പോയാലും ഈ കോളേജ് തുറക്കാനുള്ള ഒരു സാധ്യതയും ഉണ്ടാക്കരുതെന്നാണ് കൗൺസിലിന്റെ തീരുമാനം.

എന്നാൽ കോടതിയിൽ പോയി അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ശ്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് എഐസിടിഇ തീരുമാനം വരെ കാത്തതെന്നാണ് സർക്കാർ നിലപാട്. ഓരോ കോളേജിനും അംഗീകരിച്ചിട്ടുള്ള സീറ്റ് കൂടാതെ അനധികൃതമായി പുതിയ ബാച്ച് തുടങ്ങുകയും കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തിരുന്നു. അതേസമയം കേളജിൽ നിന്നിറങ്ങി മറ്റേതു കോളേജിൽ പ്രവേശനം ലഭിക്കുമെന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നു. കൂടാതെ ഏഴാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതുവരെ പ്രാക്ടികൽ പരിശീലനം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ കോളേജിൽ പോയി എന്തു ചെയ്യുമെന്ന അറിയാത്ത അവസ്ഥയിലാണ് അവർ. പാസെറ്റ് എന്ന് ചുരുക്ക പേരിൽ അറിയപ്പെടുന്ന കോളേജിന്റെ ചെയർമാൻ മുഹമ്മദ് താഹയാണ്. രാഷ്ട്രീയ-സാമൂഹിക നേതാവായ പി.എ.അസീസിന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് കോളേജ്.