ബംഗളൂരു: തീവ്രവാദക്കേസിൽ തടവിലുള്ള തടിയന്റവിടെ നസീറിന്റെ നീക്കങ്ങൾക്ക് കർണാടക പൊലീസിന്റെ സഹായമുള്ളതായി സൂചന. തടിയന്റവിടെ നസീറിനെ കൊണ്ടുപോകുന്ന സ്ഥലങ്ങൾ കർണാടക പൊലീസിൽ നിന്നു തന്നെയാണ് കൂട്ടാളി ഷഹനാസിന് ചോർന്നുകിട്ടുന്നത്. അതിനിടെ കേരളത്തിലെ ജയിൽ എത്തിക്കുമ്പോൾ നസീറിനെ രക്ഷപ്പെടുത്താൻ കള്ളക്കളികൾ നടന്നുവെന്ന് കേരളാ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇതിന്റെ അണിയറ നീക്കങ്ങൾ പൊളിച്ചതിന്റെ ആശ്വാസത്തിലാണ് പൊലീസ്. ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയായ തടിയന്റവിട നസീറിന്റെ കൂട്ടാളിയും സന്ദേശ വാഹകനുമായ പെരുമ്പാവൂർ അല്ലപ്ര പുത്തരി വീട്ടിൽ പി.എ. ഷഹനാസിനെ (22) പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

എൻ.ഐ.എയും കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അതീവ ഗൗരവത്തോടെയാണു സംഭവത്തെ കാണുന്നത്. സ്‌ഫോടനക്കേസ് പ്രതികൾക്കു ജയിലിനു പുറമേനിന്നു വ്യാപക സഹായം കിട്ടുന്നതായി നേരത്തെതന്നെ അന്വേഷണ ഏജൻസികൾക്കു വ്യക്തമായിരുന്നു. ജയിലിൽ കിടക്കുന്ന പ്രതികൾക്കു സഹായം എത്തിക്കാൻ പുറത്ത് ഇരുപതോളം പേർ പ്രവർത്തിച്ചു എന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷ ഏജൻസികൾ കാണുന്നത്. ഇതിനൊപ്പമാണ് കൈവിലങ്ങ് അഴിക്കാൻ സഹായകമാകുന്ന താക്കോൽ കണ്ടെത്തിയത്.

ഇയാളുടെ വീട് റെയ്ഡ് നടത്തിയപ്പോഴാണ് നസീറിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ചുരുൾ അഴിയുന്നത്. ഷഹനാസിന്റെ വീട്ടിൽ നിന്ന് നസീറിന്റെ കൈവിലങ്ങ് തുറക്കാനാകുന്ന താക്കോൽ കണ്ടെത്തി. ഇത് കർണ്ണാടക പൊലീസിന്റെ സഹായത്തോടെ ഉണ്ടാക്കിയതാകമെന്നാണ് നിഗമനം. ഇക്കാര്യങ്ങളെല്ലാം ദേശീയ അന്വേഷണ ഏജൻസിയെ പൊലീസ് അറിയിക്കും. ബംഗ്ലൂരുവിലെ ജയിലിൽ കഴിയുന്ന സമയം തടിയന്റവിടെ നസീർ രണ്ട് ഫോണുകളും സിം കാർഡും വാങ്ങി ഷഹനാസിന് കൈമാറിയിരുന്നു. ഇതിനും കർണാടക പൊലീസിലെ ചിലരുടെ സഹായം ലഭിച്ചതായാണ് കേരളാ പൊലീസ് സംശയിക്കുന്നത്. ഔദ്യോഗിക സാക്ഷികളെയും സ്വാധീനിക്കാൻ നസീർ നിർദ്ദേശം നൽകിയിട്ടുണ്ട്. തെളിവെടുപ്പിന് ഒപ്പമുണ്ടായിരുന്ന ഈ സാക്ഷികളിൽ സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്.

ശനിയാഴ്ച തടിയന്റവിടെ നസീറിന്റെ കത്തുകളുമായി പിടിയിലായ ഷഹനാസിനെ ചോദ്യംചെയ്തപ്പോൾ നിർണായകമായ പലകാര്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. തുടർന്നായിരുന്നു വീട്ടിൽ റെയ്ഡ് നടത്തിയതും കൈവിലങ്ങിന്റെ താക്കോൽ കണ്ടെത്തിയതും. കേരളത്തിലെ കോടതിയിൽ എത്തിക്കുമ്പോൾ രക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് സൂചന. നസീർ രഹസ്യ കോഡുകൾ ഉപയോഗിച്ച് എഴുതുന്ന സന്ദേശങ്ങൾ ഷഹനാസ് മൊഴിമാറ്റം നടത്തി ഇമെയിൽ സന്ദേശങ്ങളായി സംഘത്തിലെ മറ്റുപലർക്കും അയക്കുന്നുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. തടിയന്റവിട നസീർ എഴുതിയതെന്ന് കരുതുന്ന ഏഴ് കത്തുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറിനെ കിഴക്കമ്പലം ജൂവലറി കവർച്ച കേസിൽ കഴിഞ്ഞ ദിവസം കോലഞ്ചേരി ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. കിഴക്കമ്പലം കാച്ചപ്പിള്ളി ജൂവലറിയിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണം കവർന്നത് ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണെന്നും സ്വർണം തടിയന്റവിട നസീറിനു കൈമാറിയെന്നും ഈ കേസിലെ പ്രതികൾ മൊഴി നൽകിയതിനെത്തുടർന്നാണ് നസീറിനെ കോടതിയിൽ എത്തിച്ചത്. നസീറിനെ കോലഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ ഷഹനാസ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലും പിന്നീട് കോടതി പരിസരത്തും കാത്തു നിന്നതും കോടതിയിൽ വച്ച് നസീർ ഷഹനാസുമായി സംസാരിക്കുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഷഹനാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കത്തും മറ്റു വിവരങ്ങളും വെളിപ്പെട്ടത്.

കോലഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞ ദിവസം കൊണ്ടുവന്നപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് തടിയന്റവിട നസീർ ഷഹനാസിന് കൈമാറിയതെന്നു കരുതുന്ന ഏഴു കത്തുകളാണ് പിടിച്ചെടുത്തത്. ബംഗളൂരുവിലെ ജയിലിൽ നസീർ മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും ഉപയോഗിക്കുന്നുണ്ടെന്ന് കത്തുകളിൽ നിന്ന് മനസിലാകുന്നുണ്ട്. ബാംഗ്‌ളൂർ സ്‌ഫോടനക്കേസിനു പുറമേ കളമശേരി ബസ് കത്തിക്കൽ കേസ്, കാശ്മീർ റിക്രൂട്ട്‌മെന്റ് കേസ്, കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ് തുടങ്ങിയ തീവ്രവാദക്കേസുകളിലും തടിയന്റവിട നസീർ പ്രതിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടു തവണ ഷഹനാസ് ബംഗളൂരുവിലെ ജയിലിൽ നസീറിനെ സന്ദർശിച്ചതായി സമ്മതിച്ചിട്ടുണ്ട്. ജയിലിൽ നസീറിന് പണം കൈമാറിയിട്ടുണ്ടെന്നും ഷഹനാസ് പൊലീസിനോടു വെളിപ്പെടുത്തി

സ്‌ഫോടന കേസ് പ്രതികൾക്കു സാമ്പത്തിക സഹായമുൾപ്പെടെ നൽകുന്ന ഇരുപതോളം പേരെ ഷഹനാസിന്റെ അറസ്‌റ്റോടെ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിമാസം അമ്പതിനായിരം രൂപവരെ ഇവരിൽനിന്നു ഷഹനാസ് പിരിച്ചെടുത്തിരുന്നതായി കണ്ടെത്തി. 500, 1000, 2000 എന്നിങ്ങനെയാണ് തടിയന്റവിട നസീറിനുവേണ്ടി ഷഹനാസ് പണം പിരിച്ചത്. നസീർ കത്തുകളിലൂടെ നിർദ്ദേശിച്ചിരുന്നവരെ സമീപിച്ചാണ് പണം വാങ്ങിയിരുന്നത്. നസീറിന്റെ കേസ് നടത്തിപ്പിനും മറ്റുമായി പണം ബംഗളുരുവിൽ ഷഹനാസ് എത്തിച്ചെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. നസീറിനുവേണ്ടി പണം നൽകിയവരെയെല്ലാം അറസ്റ്റു ചെയ്‌തേക്കും. രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ കിടക്കുന്ന പ്രതികളെ സഹായിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.