കൊച്ചി: എയർ ആംബുലൻസ് എന്നാൽ വിഐപിക്കൾക്ക് ഉല്ലാസയാത്ര പോകാനുള്ള ഹെലികോപ്ടറാണോ? എല്ലാക്കാര്യങ്ങളും തോന്നിയതു പടി നടക്കുന്ന രാജ്യത്ത് അങ്ങനെ സംഭവിച്ചാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ലക്ഷദ്വീപിൽ നിന്നും രോഗികളെ വിദഗ്ദ ചികിത്സക്കായി കൊച്ചിയിൽ എത്തിക്കാൻ അനുവദിച്ച എയർ ആംബുലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വഴിമാറ്റി വിട്ടപ്പോൾ നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. ആന്ത്രോത്ത് ദ്വീപിൽ താമസിക്കുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഭാര്യ മലീഹ ജന്മം നൽകിയ ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞാണു അധികാരികളുടെ ഉല്ലായാത്രക്ക് വേണ്ടി ബലിയാടാകേണ്ടി വന്നത്.

അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ഇന്നലെ രാവിലെയാണു മലീഹ ആൺകുഞ്ഞിനെയും പെൺകുഞ്ഞിനെയും പ്രസവിച്ചത്. ഇതിൽ ആൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. മികച്ച ചികിത്സയ്ക്ക് സൗകര്യം കുറവായതിനാൽ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് നിർദ്ദേശം വന്നത്. ഇത് പ്രകാരം പൈലറ്റ് ഉൾപ്പെടെ പത്തു പേർക്കു കയറാൻ കഴിയുന്ന എയർ ആംബുലൻസ് ഹെലികോപ്റ്റർ ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം എത്തി.

കുഞ്ഞിനെയുംകൊണ്ട് പിതാവ് ഷാഫി, മുത്തച്ഛൻ മുഹമ്മദ് കാസിം, ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ എസ്‌കോർട്ട് എന്നിവരും കയറി. ഇതിനിടെ കൊച്ചിയിൽ നിന്നു വിമാന മാർഗം അഗത്തിയിൽ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയിൽ എത്തിക്കണമെന്നു ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനിൽ നിന്നു പൈലറ്റിനു നിർദ്ദേശം വന്നു. ഉന്നത നിർദ്ദേശം അനുസരിക്കുകയേ പൈലറ്റിന് മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. അദ്ദേഹം കൊച്ചിയിലേക്ക് പറക്കുന്ന കോപ്ടർ കവരത്തിയിലേക്ക് മാറ്റിപ്പറപ്പിച്ചു. അഗത്തിയിൽ നിന്നു കവരത്തിയിലേക്കു 15 മിനിറ്റാണു പറക്കൽ സമയം. ദ്വീപ് ഭരണകൂടം നിർദേശിച്ചവരെ അവിടെ ഇറക്കി. 45 മിനിറ്റ് വൈകി കൊച്ചിയിലേക്കു പറന്നു. 1.10നു നെടുമ്പാശേരിയിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി.

തുടർന്നു കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു പകരം ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ സംഘത്തോടൊപ്പമുണ്ടായിരുന്ന മെഡിക്കൽ എസ്‌കോർട്ട് ഹുസൈൻ നിർദേശിച്ചു. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. പത്തു മിനിറ്റ് നേരത്തെ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് ഡോക്ടർമാരും പറഞ്ഞത്.

ദ്വീപിൽ നിന്നും രോഗികളെ അടിയന്തരമായി കൊച്ചിയിൽ എത്തിക്കാൻ രണ്ട് എയർ ആംബുലൻസുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമാണ്. രോഗികൾക്കു വിദഗ്ധ ചികിൽസ ഉറപ്പാക്കാൻ അനുവദിച്ചിട്ടുള്ള എയർ ആംബുലൻസിനായി വർഷം കോടികളാണു ചെലവിടുന്നത്. ഒരു തവണ എയർ ആംബുലൻസ് കൊച്ചിയിൽ വന്നു തിരിച്ചു പോകാൻ ലക്ഷങ്ങളാണു ചെലവ്. രോഗിക്കായി നൽകേണ്ടത് 2650 രൂപയാണ്. സഹായികളുടെ യാത്ര നിരക്ക് 5250 രൂപയും. മെഡിക്കൽ എസ്‌കോർട്ടിന്റെ യാത്ര സൗജന്യമാണ്.

എന്നാൽ ഈ സൗകര്യം അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ദുർവിനിയോഗം ചെയ്യുന്നതായി നേരത്തെയും പരാതി ഉണ്ടായിട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെട്ട രോഗി ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെ തുടർന്നു വിദഗ്ധ ചികിൽസ കിട്ടാതെ മരിച്ചത് മൂന്നു മാസം മുൻപു വലിയ വിവാദത്തിനു കാരണമായിരുന്നു. അന്ന് എയർ ആംബുലൻസ് വിനോദ സഞ്ചാരികളെയുമായി പോയിരിക്കുകയായിരുന്നു.