തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. പ്രളയക്കാലത്തെ റേഷന് വിതരണത്തിന് പണം ചോദിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയ സേനയും സഹായങ്ങൾക്ക് വിലയിട്ട് രംഗത്തെത്തി. പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നൽകണമെന്ന് വ്യോമസേന.പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ രക്ഷാദൗത്യത്തിലേർപ്പെട്ട വിമാനങ്ങൾക്ക് കൂടി പണം നൽകേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു. 

ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രം പണം ആവശ്യപ്പെട്ട കാര്യം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വ്യോമസേനാ വിമാനങ്ങൾക്ക് പണം നൽകണമെന്ന കാര്യം പുറത്താകുന്നത് ഇതാദ്യമാണ്.കേന്ദ്ര സർക്കാർ പ്രളയകാലത്ത് അനുവദിച്ച റേഷൻ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും ചേർത്ത് 290 കോടി രൂപയാണ് കേരളം നൽകേണ്ടത്. വ്യോമസേനയ്ക്ക് നൽകേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നറിയിച്ചു.

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോഴാണ് ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട വിമാനങ്ങൾക്ക് പോലും പണം നൽകേണ്ട അവസ്ഥ വരുന്നത്. എന്നാൽ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചാൽ പണം ഈടാക്കുന്നത് സാധാരണമാണെന്നാണ് സേനാവൃത്തങ്ങൾ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം. പ്രളയകാലത്ത് അനുവദിച്ച റേഷൻ ധാന്യങ്ങൾക്ക് പണം വേണമെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാരും.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 987.73 കോടി രൂപയാണു ലഭ്യമായിട്ടുള്ളത്. ഇതിൽ 586.04 കോടി രൂപ നാളിതുവരെ ചെലവായിട്ടുണ്ട്. നിലവിൽ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീർക്കാനാകൂ.പ്രതിരോധ വൃത്തങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചില്ല.

ഇതു സാധാരണ നടപടി മാത്രമാണെന്നു സേനയിലുള്ളവർ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരം ബിൽ നൽകാറുണ്ട്. കേരളത്തിനു മുൻപും ഇത്തരം ബിൽ നൽകിയിട്ടുണ്ട്. ഇന്ധന വില അടക്കമുള്ളവ ബില്ലിൽ ഉൾപ്പെടുത്താറുണ്ട്. ബിൽ കൈമാറിയെങ്കിലും തുക നൽകണോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ചർച്ച ചെയ്താണു തീരുമാനമെടുക്കേണ്ടതെന്നും അവർ പറയുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും പ്രളയവും തുടർന്നപ്പോൾ മാനുഷികമായ സഹായങ്ങൾ നൽകിയും ദുരന്ത നിവാരണ ദൗത്യത്തിലേർപ്പെട്ടും ഇന്ത്യൻ വ്യോമസേന പ്രതിസന്ധിയോട് വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ചിരുന്നു. പ്രളയ ബാധിതപ്രദേശങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തികളിലാണ് ഇന്ത്യൻ വ്യോമസേന ശ്രദ്ധ കേന്ദ്രീകരിച്ചത്.

സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ എന്നിവരെയൊക്കെ മുങ്ങിക്കിടന്ന വീടുകളുടെ മുകളിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലേക്ക് എത്തിച്ചു. പ്രളയം ബാധിക്കപ്പെട്ട മേഖലകളിൽ കുടുങ്ങിപ്പോയവർക്ക് ഭക്ഷണപൊതികളും വെള്ളവും ഐ.എ.എഫ് ഹെലികോപ്റ്ററുകൾ വഴി നൽകി. ദുരിതാശ്വാസക്യാമ്പുകളിൽ വേണ്ട അവശ്യവസ്തുക്കൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമാനങ്ങളിലൂടെ എത്തിച്ചു.