ന്യൂഡൽഹി: ഓരോ രാജ്യത്തിന്റെയും അഭിമാന ചിഹ്നങ്ങളിലൊന്നാണ് ആ രാജ്യത്തെ ദേശീയ വിമാനക്കമ്പനി. എയർ ഇന്ത്യ അങ്ങനെയായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന എയർ ഇന്ത്യ ഇന്ന് രാജ്യത്തിനാകെ ബാധ്യതയായി മാറുകയാണ്. മാസം 250 കോടി രൂപ വീതം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ വിജയിക്കാത്തതും ഈ സാമ്പത്തിക പ്രതിസന്ധി കൊണ്ടുതന്നെ.

ഓരോ മാസവും വരുന്ന കടം അറ്റകുറ്റപ്പണിക്കുപോലും മാർഗമില്ലാത്ത അവസ്ഥയിലേക്കാണ് എയർ ഇന്ത്യയെ നയിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി ദൈനംദിന പ്രവർത്തനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെമ്മും പി.എ.സിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയൻ അദ്ധ്യക്ഷനായ സമിതി പാർലമെന്ററി സമിതി ഈ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ ഡെറിക്കിന്റെ എതിർപ്പ് സമിതിയിലെ എൻഡിഎ എംപിമാർ തള്ളുകയും ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം.

അറ്റകുറ്റപ്പണിപോലും ശരിയായ രീതിയിൽ നടക്കാതെ, ദിവസവും ഒട്ടേറെ സർവീസുകൾ റദ്ദാക്കേണ്ടിവരുന്നതും എയർ ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. അറ്റകുറ്റപ്പണികൾ ഇന്ത്യയിൽത്തന്നെ നടത്തുന്നതിന് എൻജിനിയർമാരെ വിദേശത്തയച്ച് പരിശീലനം നേടാൻ ശ്രമിച്ചിരുന്നു. സ്‌പെയർപാർട്ടുകളും മറ്റും ലഭിക്കുന്നതിന് വിതരണക്കാരുമായി ചർച്ചകൾ നടത്തുകയാമെന്നും പി.എസ്.സിക്ക് മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

48,876 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ ഇപ്പോഴുള്ളത്. ഇതിൽ 25,388 കോടി രൂപയ്ക്ക് സർക്കാർ ഗ്യാരന്റിയുണ്ട്. ശേഷിച്ച 23,488 കോടി രൂപ എയർ ഇന്ത്യയുടെ മാത്രം ഉത്തരവാദിത്തത്തിലുള്ളതാണ്. വിമാനക്കമ്പനി ഏറ്റെടുക്കേണ്ടിവരുന്നവർ ഭീമമായ സാമ്പത്തിക ബാധ്യതയും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട അനേകം വിമാനങ്ങളും ഏറ്റെടുക്കേണ്ടിവരും. അതുകൊണ്ടാണ് ഓഹരിവിറ്റഴിക്കൽ ശ്രമം ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്നതെന്നാണ് വിലയിരുത്തൽ.