ഡൽഹി: ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ വിൽക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. വാങ്ങാൻ ആളുണ്ടെങ്കിൽ എയർ ഇന്ത്യയെ വിൽക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ ഈ വർഷം 72,500 കോടി രുപ കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. എയർ ഇന്ത്യയുടെ കടബാധ്യത താങ്ങാവുന്നതല്ല. സ്വകാര്യവൽക്കരണം ആവശ്യമാണെന്നും കഴിഞ്ഞ ജൂണിൽ നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിൽപ്പന നീക്കം സജീവമാക്കിയത്.

കമ്പനിയെ കരകയറ്റാൻ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള പല മാർഗങ്ങൾ തേടിയ ശേഷമാണ് വിറ്റൊഴിയാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനുള്ളതിനാൽ എയർ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന നീക്കം ഉദ്ദേശിച്ച രീതിയിൽ ഫലം കാണുമെന്നാണ് സർക്കാർ കരുതുന്നത്. കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിൽ 72500 കോടി രൂപ കണ്ടെത്തുമെന്ന് ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.

നേരത്തെ, വിവിധ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിന്റെ പുരോഗതി വിലയിരുത്താൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, അശോക് ഗജപതി രാജു, പീയുഷ് ഗോയൽ, സുരേഷ് പ്രഭു, ആനന്ദ് കുമാർ, ഹർദ്ദീപ് സിങ് പുരി, ആനന്ദ് ഗീതെ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

എയർ ഇന്ത്യയുടെ ആകെ ബാധ്യത ഇപ്പോൾ 52,000 കോടി രൂപയാണ്. ഓരോ വർഷവും 4000 കോടി വീതം കടബാധ്യത കൂടുന്നുണ്ട്. കഴിഞ്ഞ യു.പി.എ സർക്കാർ നൽകിയ 30,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പിന്തുണയിലാണ് എയർ ഇന്ത്യ നിലനിൽക്കുന്നത്. വൻസാമ്പത്തിക ബാധ്യത നേരിടുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ ഈ വർഷം ജുണിലാണ് സർക്കാർ തീരുമാനിച്ചത്. ബജറ്റ് നിർദേശാനുസരണം വിൽക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ എയർ ഇന്ത്യയെ ഉൾപ്പെടുത്താൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ യോഗം ജൂൺ 28 നാണ് അനുമതി നൽകിയത്.

അതിനിടെ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ, ന്യൂക്ലിയാർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, പവൻ ഹാൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.