- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു; വിവിഐപി യാത്രയ്ക്കുള്ള വിമാനങ്ങൾ അടുത്ത മാസം ഇന്ത്യയിലെത്തും; ബി 777 എത്തുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളോടെ
ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട ഭരണകർത്താക്കൾക്ക് സഞ്ചരിക്കാനായുള്ള രണ്ടു ബി777 വിമാനങ്ങൾ അടുത്ത മാസം ഇന്ത്യയിലെത്തും. ഇതിനായി പ്രത്യേക സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിഐപി സുരക്ഷാ ഉദ്യോഗസ്ഥർ, മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് അമേരിക്കയിൽ നിന്നും രണ്ടു ബി777 വിമാനങ്ങൾ കൊണ്ടുവരുന്നതിനായി പുറപ്പെട്ടത്. ബോയിങിന്റെ രണ്ട് ബി-777 വിമാനങ്ങളാണ് വിവിഐപി യാത്രകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. എയർ ഇന്ത്യ വണ്ണിന്റെ സ്‌പെഷൽ എക്‌സ്ട്രാ സെക്ഷൻ വിമാനങ്ങളാണ് ഇന്ത്യയിലെത്തിക്കുക. യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയർഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് ബി777 വിമാനത്തിലും ഉണ്ടാകുക.
വിവിഐപി യാത്രയ്ക്കുള്ള വിമാനം ജൂലൈയിൽ ലഭിക്കുമെന്നാണു കഴിഞ്ഞ ഒക്ടോബറിൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് രോഗവ്യാപനം രൂക്ഷമായതാണു വിമാനം കൈമാറുന്നതു വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനത്തിന്റെ ചുമതല എയൽഇന്ത്യയ്ക്ക് ആയിരിക്കും. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് പുതിയ വിമാനത്തിൽ ഒരുക്കുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (SPS), മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യുഎസിൽനിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്.
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽനിന്നു സംരക്ഷിക്കും. വിമാനത്തിലുള്ളവർക്കു പെട്ടെന്നു തന്നെ കൃത്യമായ മുന്നറിയിപ്പു ലഭിക്കും. വിമാനത്തെ ലക്ഷ്യമാക്കിയെത്തുന്ന ഇൻഫ്രാറെഡ് മിസൈലുകളെ കണ്ടെത്തി, മരവിപ്പിച്ച്, പ്രതിരോധിക്കാൻ മിസൈൽ വാണിങ് സെൻസറും ലേസർ ട്രാൻസ്മിറ്റർ അസംബ്ലിയും കൺട്രോൾ ഇന്റർഫെയ്സ് യൂണിറ്റും പ്രോസസറുമാണ് ഈ സംവിധാനത്തിലുള്ളത്.
പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും വിമാനം പറത്തുക. എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് ആകും വിമാനത്തിന്റെ പരിപാലന ചുമതല നിർവഹിക്കുക. നിലവിൽ 'എയർ ഇന്ത്യ വൺ' എന്നറിയപ്പെടുന്ന ബി747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങൾ പറത്തുന്നത്. പ്രമുഖനേതാക്കൾക്കു വേണ്ടി സർവീസ് നടത്താതിരിക്കുമ്പോൾ വാണിജ്യസർവീസുകൾക്കും ഈ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പുതുതായി എത്തുന്ന ബി777 വിമാനങ്ങൾ പ്രമുഖരുടെ യാത്രയ്ക്കു വേണ്ടി മാത്രമാവും ഉപയോഗിക്കുക.
വിമാനത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് എത്ര സെൻസറുകളും ട്രാൻസ്മിറ്റർ അസംബ്ലികളും വേണമെന്നു നിശ്ചയിക്കുന്നത്. യുഎസ് ഡിഫൻസ് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് 12 ഗാർഡിയൻ ലേസർ ട്രാൻസ്മിറ്റർ അസംബ്ലി, 8 ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ സിസ്റ്റം പ്രൊസസർ റീപ്ലെയ്സ്മെന്റ്്, 23 മിസൈൽ വാണിങ് സെൻസർ, 5 കൗണ്ടർ മെഷൻ ഡിസ്പെൻസിങ് സിസ്റ്റം തുടങ്ങിയവയാണ് ഇന്ത്യയ്ക്കു നൽകിയിരിക്കുന്നത്. രണ്ട് ബി777 വിമാനങ്ങളും 2018-ൽ കുറച്ചു മാസം എയർ ഇന്ത്യയുടെ വാണിജ്യസർവീസുകളുടെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് വിവിഐപി യാത്രയ്ക്കു സജ്ജമാക്കാനായി ബോയിങ്ങിനു തിരികെ നൽകുകയായിരുന്നു.
മറുനാടന് ഡെസ്ക്