തിരുവനന്തപുരം: വിദേശത്തേക്കുള്ള വിമാനയാത്ര അവധിക്കാലം കഴിഞ്ഞാലും കൈ പൊള്ളിക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതും പ്രവാസികളെ ദുരിതത്തിലാക്കുമെന്നുറപ്പാണ്.

വിദേശത്തേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വൻതോതിലാണ് ഉയർന്നത്. അവധിക്കാലം കഴിഞ്ഞ് വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെപ്പോകുന്ന വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിലെ വർധന കനത്ത തിരിച്ചടിയാകും. അവധി ആഘോഷിക്കാൻ കുടുംബമായി നാട്ടിൽവന്നവർക്കും തിരികെ പോകണമെങ്കിൽ ഇത്തവണ പണം കൂടുതൽ ചെലവഴിക്കേണ്ടി വരും.

ഇന്ത്യയിൽനിന്ന് ലണ്ടനിലേക്കും മറ്റ് പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്കുമുള്ള നിരക്ക് കഴിഞ്ഞ മാസം 51,000 രൂപയായിരുന്നു. ഇപ്പോഴത് 68,000 രൂപവരെയായി ഉയർന്നു. ന്യുയോർക്കിലേക്ക് 73,000 രൂപയായിരുന്നത് ഇപ്പോൾ 96,000 രൂപയായി. ഷിക്കാഗോ ടിക്കറ്റിന് 84,000 രൂപ 91,000 രൂപയുമായി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പോകുന്നവരുടെ തിരക്കേറിയതിനൊപ്പം രൂപയുടെ മൂല്യം കുറഞ്ഞതും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായി

ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന നികുതികളും സർചാർജുകളും രൂപയുടെ മൂല്യവുമായി ബന്ധപ്പെട്ടാണുള്ളത്. മൂല്യം കുറഞ്ഞതോടെ ഈ നിരക്കുകളിലുണ്ടായ വ്യത്യാസമാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായത്. നികുതികളിലും സർച്ചാർജിലുമായി 3000 മുതൽ 4000 രൂപ വരെ വ്യത്യാസം വന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് വിമാനക്കമ്പനികൾ പ്രത്യേകിച്ച് അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല. എന്നാൽ, വിമാന വാടക, അറ്റകുറ്റപ്പണികൾ, ഇന്ധനം തുടങ്ങിയ കാര്യങ്ങൾ ഡോളറിൽ നിർവഹിക്കേണ്ടിവരുന്നതാണ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂട്ടുന്നത്. രൂപയുടെ മൂല്യമിടിഞ്ഞതോടെ ഈ രംഗത്ത് ചെലവ് വൻതോതിൽ ഉയരാനിടയായി. അതും ടിക്കറ്റ് നിരക്ക് ഉയരാൻ തുടങ്ങി.

ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ എണ്ണവും അടുത്ത ഏതാനും മാസത്തേയ്ക്ക് വൻതോതിൽ കുറയുമെന്നാണ് കണക്കാക്കുന്നത്. ഡോളറിന്റെ വില ഉയർന്നുനിന്നാൽ, പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ടൂറിസം ഏറെക്കുറെ നിശ്ചലമാകും. ദുർബലമായ കറൻസികളുള്ള തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്കാവും സഞ്ചാരികളേറെയും പോവുകയെന്നും കണക്കാക്കുന്നു.