കോഴിക്കോട് വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ സ്വർണമാല അടിച്ചുമാറ്റി കസ്റ്റംസ് ജീവനക്കാരൻ. യാത്രക്കാരന്റെ സ്വർണമാല മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റംസ് കസ്റ്റംസ് ഹവിൽദാറായ അബ്ദുൾ കരീം ആണ് പൊലീസ് പിടിയിലായത്. കസ്റ്റംസ് പരിശോധനയ്ക്ക്‌ശേഷം തന്റെ സ്വർണമാല കാണാനില്ലെന്ന കോഴിക്കോട് കക്കട്ടിൽ സ്വദേശി നൽകിയ പരാതിയാലാണ് കസ്റ്റംസ് ജീവനക്കാരൻ അറസ്റ്റിലായത്.


കഴിഞ്ഞ മാസം 19ന് ദുബായിലെ മകളെ കണ്ടശേഷം കരിപ്പൂർ എത്തിയപ്പോഴായിരുന്നു സംഭവം. പരിശോധനകൾക്ക് ശേഷം തിരിച്ചുകിട്ടിയ പെട്ടികളിൽ നിന്നും 60,000 രൂപ വിലവരുന്ന മൂന്നുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്.

തുടർന്ന് യാത്രക്കാരൻ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പരിശോധനയിലാണ് ഹാവിൽദാറായ അബ്ദുൾ കരീം പരിശോധനയ്ക്കിടെ പെട്ടിയിൽനിന്ന് മാല മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് മോഷണം നടത്തിയ ഉദ്യോഗസ്ഥനെ തരിച്ചറിഞ്ഞ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.